7 Feb 2024 10:36 AM GMT
Summary
- സെന്‍സെക്സ് നേരിയ നഷ്ടത്തില്‍
- നിഫ്റ്റി ഫ്ലാറ്റ്ലൈനിന് തൊട്ടടുത്ത്
- പൊതുമേഖലാ ബാങ്കുകള്‍ക്ക് മികച്ച നേട്ടം
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് പ്രതിഫലിച്ചത് അനിശ്ചിതത്വം. ആഗോള തലത്തിലെ പൊസിറ്റിവ് സൂചനകള്‍ക്കിടയില്‍ മികച്ച നേട്ടത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് ചാഞ്ചാട്ടം പ്രകടമാക്കിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ ഇടിവില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിനു മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നതും ഐഠി ഓഹരികളിലെ ശക്തമായ വില്‍പ്പനയും വിപണിയില്‍ പ്രതിഫലിച്ചു.
കോഗ്നിസന്‍റ് ഈ സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വരുമാനം നേരത്തേ വിലയിരുത്തിയ അത്ര ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലെ ടെക് കമ്പനികളുടെ റിസള്‍ട്ട് അത്ര ശുഭകരമല്ലാത്തതും ഈ മേഖലയിലെ വില്‍പ്പനയ്ക്ക് ഇടയാക്കി.
അവസാന നില
സെന്‍സെക്സ് 34.09 പോയിന്‍റ് അഥവാ 0.05 ശതമാനം ഇടിവോടെ 72,152ല്‍ എത്തി. നിഫ്റ്റി 1.10 പോയിന്‍റ് അഥവാ 0.01 ശതമാനം കയറി 21,930.50ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.75 ശതമാവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.71 ശതമാനവും നേട്ടം സമ്മാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.31 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.38 ശതമാനവും മുന്നേറി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഐടി മേഖലയാണ് ഇന്ന് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 1.25 ശതമാനം. സ്വകാര്യബാങ്ക് സൂചിക 0 .07 ശതമാനം ഇടിഞ്ഞു. ബാക്കിയെല്ലാ സെക്റ്ററല്‍ സൂചികകളും നേട്ടത്തിലാണ്. പൊതുമേഖലാ ബാങ്ക് 2.86 ശതമാനം നേട്ടം നല്‍കി, റിയല്‍റ്റി 1.84 ശതമാനവും മീഡിയ 1.20 ശതമാനവും കയറി.
നിഫ്റ്റി 50-യില്‍ എസ്ബിഐ (4.19%), ഗ്രാസിം (2.38%),എച്ച്ഡിഎഫ്‍സി ലൈഫ് (2.24%),ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (2.17%), ആക്സിസ് ബാങ്ക് (2.09%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര (2.67%), പവര്‍ഗ്രിഡ് (2.50%), ഇന്‍ഫോസിസ് (1.99%), അദാനി പോര്‍ട്സ് (1.32%), ടിസിഎസ് (1.23%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എസ്ബിഐ (3.78 %), ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (2.12 %), ആക്സിസ് ബാങ്ക് (1.77 %), ബജാജ് ഫിനാന്‍സ് (1.76 %), അള്‍ട്രാടെക് സിമന്‍റ് (1.69 %) എന്നിവ മികച്ച നേട്ടം കൊയ്തു. പവര്‍ഗ്രിഡ് (2.33 %), ടെക് മഹീന്ദ്ര (2.31 %), ഇന്‍ഫോസിസ് (2.06 %), ടിസിഎസ് (1.22 %), എന്‍ടിപിസി (1.11 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ് എന്നിവ നഷ്ടത്തിലായിരുന്നു.