12 Feb 2024 4:54 AM GMT
നേട്ടത്തില്‍ തുടങ്ങി, നഷ്ടത്തിലെത്തി; ദിശയറിയാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍
MyFin Desk
Summary
- ഫാര്‍മ, ഐടി സൂചികകള്‍ നേട്ടത്തില്‍
- വലിയ നഷ്ടം പൊതുമേഖലാ ബാങ്കുകളില്‍
- ഏഷ്യ-പസഫിക് വിപണികള്‍ സമ്മിശ്രം
നിഫ്റ്റിയും സെൻസെക്സും ഇന്നത്തെ വ്യാപാരത്തില്‍ ദിശ കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുകയാണ്. നിക്ഷേപകർ ജനുവരി മാസത്തെ പണപ്പെരുപ്പ കണക്കുകള്‍ക്കായി ശ്രദ്ധയോടെ കാത്തിരിക്കുകയാണ്യ ഇന്ന് വൈകിട്ടോടെയാണ് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പ കണക്ക് പുറത്തുവരുന്നത്. തുടക്ക വ്യാപാരത്തില്‍ സെന്‍സെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് ഇടിവിലേക്ക് വീണു.
രാവിലെ 10:10 നുള്ള നില അനുസരിച്ച് സെന്‍സെക്സ് 290.34 പോയിന്‍റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 71,294.60ലും നിഫ്റ്റി 97.05 പോയിന്‍റ് അഥവാ 0.45 ശതമാനം താഴ്ന്ന് 21,677.30ലും ആണ് വ്യാപാരം നടത്തുന്നത്. ഫാര്‍മ, ഐടി ഓഹരികൾ നേട്ടത്തിലാണ്. പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി, ഓയില്‍-ഗ്യാസ് എന്നിവയാണ് വലിയ ഇടിവ് പ്രകടമാക്കുന്നത്.
"ഈ വര്‍ഷം തുടക്കത്തില്‍ തന്ന കേന്ദ്രബാങ്കുകള്‍ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷ മങ്ങിയെങ്കിലും, യുഎസിലും ഇന്ത്യയിലും വിപണികൾ മിതത്വം പാലിച്ചു എന്നത് വിപണിയുടെ അടിസ്ഥാന ശക്തിയുടെ സൂചനയാണ്. പോസിറ്റീവ് സാമ്പത്തിക സൂചനകൾ കൂടാതെ, വിപണിയെ പിന്തുണയ്ക്കുന്ന ഒരു പ്രധാന ഘടകം . മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള സുസ്ഥിരമായ ഒഴുക്കാണ്. ഇത് തകർച്ചയിൽ വാങ്ങലുകള്‍ക്ക് പ്രേരണ നല്‍കുകയും ഉയർന്ന വിപണി മൂല്യങ്ങൾ കുറച്ചു കാലത്തേക്ക് നിലനിൽക്കുകയും ചെയ്യും.എന്നിരുന്നാലും, വിശാലമായ വിപണിയുടെ ഉയര്‍ന്നുപൊങ്ങുന്ന മൂല്യനിർണ്ണയം ആശങ്കാജനകമാണ്.ദീര്‍ഘകാല വീക്ഷണത്തില്‍ ലാര്‍ജ് ക്യാപുകളാണ് സുരക്ഷിതമായിട്ടുള്ളത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.
ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈനയുടെ ഷാങ്ഹായ്, ജപ്പാനിന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. അതേസമയം ഓസ്ട്രേലിയയുടെ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ ഇടിവിലാണ്.