18 Jan 2024 9:20 AM
പുതിയ ആകാശം തേടി ആകാശ എയര്‍; ബോയിംഗിന് 150 വിമാനങ്ങള്‍ക്കുള്ള കരാര്‍ നല്‍കി
MyFin Desk
Summary
- ലോകത്തിലെ ഏറ്റവും മികച്ച 30 എയർലൈനുകളിൽ ഒന്നാകുക ലക്ഷ്യം
- കരാര്‍ പ്രഖ്യാപനം ഹൈദരാബാദിലെ ഒരു എയർഷോയില്‍
- ബോയിംഗിനും കരാര്‍ ആശ്വാസമാകും
ബോയിംഗിന് 150 വിമാനങ്ങള്‍ക്കുള്ള കരാര്‍ നല്‍കി ആകാശ് എയര്‍. അന്താരാഷ്ട്ര വിപുലീകരണ പദ്ധതികള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ ഏറ്റവും പുതുതായി രംഗപ്രവേശം ചെയ്ത ആകാശ എയർ തങ്ങളുടെ ബിസിനസ് ആകാശം വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ധന ക്ഷമതയുള്ള 150 ബോയിംഗ് സെവന് ത്രീ സെവന്‍ മാക്‌സ് നാരോബോഡി വിമാനങ്ങള്‍ക്കുള്ള കരാറാണ് നല്‍കിയിട്ടുള്ളത്.
ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ശക്തമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള തന്ത്രപരമായ നിക്ഷേപമാണ് ഇതെന്ന് കമ്പനി വിശദീകരിക്കുന്നു. ഈ മാസമാദ്യം, ആകാശത്തുവെച്ച് വിമാനത്തിന്‍റെ ക്യാബിന്‍ ഇളകിപ്പോയതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ബോയിംഗിന് ഈ കരാര് ആശ്വാസമാണ്.ഈ സംഭവത്തിനു ശേഷം കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണ് ആകാശ് എയറിന്‍റേത്.
ഹൈദരാബാദിലെ ഒരു എയർഷോക്കിടെയാണ് ആകാശ് എയര്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രവർത്തനം ആരംഭിച്ച് 17 മാസത്തിനുള്ളിൽ 200നു മുകളില്‍ വിമാനങ്ങൾക്ക് മുകളിൽ ഓർഡർ നല്‍കിയ ഏക ഇന്ത്യൻ എയർലൈനായി ഇതിലൂടെ ആകാശ എയർ മാറുകയാണ്. "ഈ ദശാബ്ദത്തിന്‍റെ അന്ത്യത്തോടെ ലോകത്തിലെ ഏറ്റവും മികച്ച 30 എയർലൈനുകളിൽ ഒന്നായി മാറാനുള്ള പാതയില്‍ നിര്‍ണായകമാണ് വലുതും ചരിത്രപരവുമായ ഈ ഓർഡർ," വിംഗ്സ് 2024 എയർഷോയിൽ സംസാരിക്കവേ, ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.
2021-ൽ, 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്കായുള്ള ഓർഡര്‍ നല്‍കിക്കൊണ്ടാണ് ആകാശ എയർ അതിന്റെ വിമാനം വാങ്ങല്‍ ആരംഭിച്ചത്. പിന്നീട്, 2023 ജൂണിൽ, 4 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾക്കായി ഒരു അധിക ഓർഡർ നൽകി. പുതിയ ഓര്‍ഡറോടു കൂടി ആകാശ എയറിന്റെ ആകെ ഓർഡർ ഇപ്പോൾ 226 വിമാനങ്ങളില്‍ എത്തിയിരിക്കുകയാണ്.