21 Nov 2024 12:28 PM GMT
Summary
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
- മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു
- നിരന്തരമായി തുടർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ നഷ്ടത്തിലെത്തിച്ചു
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപിച്ചത് വമ്പൻ ഇടിവോടെയാണ്. ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലിയും വഞ്ചനയും ആരോപിച്ചതിനെത്തുടർന്ന് അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. തുടർന്ന് ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവിലേക്ക് നീങ്ങി.
കൂടാതെ, നിരന്തരമായി തുടർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ നഷ്ടത്തിലെത്തിച്ചു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ നഷ്ടത്തോടെയുള്ള വ്യാപാരവും സൂചികകൾക്ക് വിനയായി.
സെൻസെക്‌സ് 422.59 പോയിൻ്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 77,155.79ൽ ക്ലോസ് ചെയ്തു. ഇൻട്രാ ഡേയിൽ സൂചിക 775.65 പോയിൻറ് അഥവാ 0.99 ശതമാനം ഇടിഞ്ഞ് 76,802.73 വരെ താഴ്ന്നിരുന്നു.നിഫ്റ്റി 168.60 പോയിൻ്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 23,349.90ൽ ക്ലോസ് ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി, ഐടിസി, ഏഷ്യൻ പെയിൻ്റ്‌സ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് ഓഹരികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. പവർ ഗ്രിഡ്, അൾട്രാടെക് സിമൻ്റ്, എച്ച്സിഎൽ ടെക്നോളജീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി എനർജി, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്‌യു ബാങ്ക്, മീഡിയ, ഓട്ടോ, മെറ്റൽ സൂചികകൾ 1 മുതൽ 2 ശതമാനം വരെ ഇടിഞ്ഞു. റിയൽറ്റി സൂചിക ഒരു ശതമാനവും ഇൻഫർമേഷൻ ടെക്‌നോളജി സൂചിക 0.5 ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു.
സൗരോർജ്ജ പദ്ധതികൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകാനുള്ള ഗൗതം അദാനിയുടെ പങ്കിനെക്കുറിച്ച് യുഎസ് പ്രോസിക്യൂട്ടർമാർ കുറ്റപ്പെടുത്തിയതിനെത്തുടർന്ന് അദാനി പോർട്ട്‌സ് 13 ശതമാനത്തിലധികം ഇടിഞ്ഞു.
അദാനി എൻ്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനർജി എന്നിവയുൾപ്പെടെ മറ്റെല്ലാ അദാനി ഗ്രൂപ്പിൻ്റെ ഓഹരികളും ഏകദേശം 23 ശതമാനം വരെ ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അമേരിക്കൻ വിപണികൾ ബുധനാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 3,411.73 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ബ്രെൻ്റ് ക്രൂഡ് 1.13 ശതമാനം ഉയർന്ന് ബാരലിന് 73.71 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.90 ശതമാനം ഉയർന്ന് 2675 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 84.50 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.