image

2 March 2024 10:53 AM GMT

Stock Market Updates

9 കോടി പിന്നിട്ട് എന്‍എസ്ഇയിലെ നിക്ഷേപകര്‍

MyFin Desk

9 കോടി പിന്നിട്ട് എന്‍എസ്ഇയിലെ നിക്ഷേപകര്‍
X

Summary

  • എട്ട് കോടിയില്‍ നിന്ന് ഒമ്പത് കോടിയിലെത്തിയത് വെറും അഞ്ചു മാസം കൊണ്ടാണ്
  • ഒരു ഉപഭോക്താവിന് ഒന്നിലേറെ ട്രേഡിംഗ് അക്കൗണ്ടുകള്‍ ആരംഭിക്കാനാവും
  • പുതിയ നിക്ഷേപകരില്‍ 42 ശതമാനം ഉത്തരേന്ത്യയില്‍ നിന്നായിരുന്നു


നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു. 2024 ഫെബ്രുവരി 29-ലെ കണക്കു പ്രകാരം പാന്‍ അടിസ്ഥാനമായുള്ള നിക്ഷേപകരുടെ എണ്ണമാണിത്. ആകെ അക്കൗണ്ടുകള്‍ 16.9 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്തൃ രജിസ്‌ട്രേഷനുകളുടെ എണ്ണമാണ് 16.9 കോടി.

ഒരു ഉപഭോക്താവിന് ഒന്നിലേറെ ട്രേഡിംഗ് അക്കൗണ്ടുകള്‍ ആരംഭിക്കാനാവും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചു വരികയായിരുന്നു എങ്കിലും ആറ് കോടി നിക്ഷേപകരില്‍ നിന്ന് ഏതാണ്ട് ഒന്‍പതു മാസം കൊണ്ട് ഏഴ് കോടി നിക്ഷേപകര്‍ എന്ന നിലയിലെത്തി. അടുത്ത ഒരു കോടി നിക്ഷേപകര്‍ എട്ടു മാസം കൊണ്ടാണ് എത്തിയത്. എട്ട് കോടിയില്‍ നിന്ന് ഒമ്പത് കോടിയിലെത്തിയത് വെറും അഞ്ചു മാസം കൊണ്ടാണ്.

2023 ഒക്ടോബറിനു ശേഷം എത്തിയ പുതിയ നിക്ഷേപകരില്‍ 42 ശതമാനം ഉത്തരേന്ത്യയില്‍ നിന്നായിരുന്നു. 28 ശതമാനം പേര്‍ പശ്ചിമ ഇന്ത്യയില്‍ നിന്നും 17 ശതമാനം പേര്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആയിരുന്നു. കിഴക്കേ ഇന്ത്യയില്‍ നിന്ന് 13 ശതമാനം പേരാണുള്ളത്. ഉത്തര്‍ പ്രദേശും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ പുതിയ നിക്ഷേപകരെ സംഭാവന ചെയ്തത്.

കെവൈസി പ്രക്രിയകള്‍ ലളിതമാക്കിയതും സാമ്പത്തിക സാക്ഷരതയും നിക്ഷേപകരുടെ വരവ് വേഗത്തിലാക്കിയ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ ശ്രീരാം കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.