16 Jan 2024 4:13 AM GMT
ജോലി പോയത് 7,528 ഐടി പ്രൊഫഷണലുകള്‍ക്ക്; 2024ലും പിരിച്ചുവിടല്‍ തുടരുന്നു
MyFin Desk
Summary
- 2023ല്‍ 2,60000ല്‍ അധികം ഐടി തൊഴിലാളികളെ പിരിച്ചുവിട്ടു
- ഈ വര്‍ഷം കൂട്ടപ്പിരിച്ചുവിടലിന് തുടക്കമിട്ടത് ഫ്രണ്ട്‌ഡെസ്‌ക്
- ആമസോണും ഗൂഗിളും പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ആഗോള തലത്തില്‍ ടെക്നോളജി മേഖലയിലെ പിരിച്ചുവിടല്‍ പുതുവര്‍ഷത്തിലും തുടരുന്നു. ലേഓഫ് ട്രാക്കിംഗ് വെബ്‌സൈറ്റായ ലേഓഫ്‍സ് ഡോട്ട് എഫ്‍വൈഐ നല്‍കുന്ന വിവരം അനുസരിച്ച് ജനുവരി 15 വരെ 48 ടെക് കമ്പനികൾ ചേര്ന്ന് 7,528 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ വര്‍ഷം 1,150ലധികം ടെക് കമ്പനികൾ ചേര്ന്ന് 2,60000ല്‍ അധികം തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷവും സ്ഥിതിഗതികള്‍ വ്യത്യസ്‍തമാകില്ലെന്ന സൂചനയാണ് 2024ന്‍റെ ആദ്യ ദിനങ്ങള്‍ നല്‍കുന്നത്. ചെലവു കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷം തൊഴിലുകളില്‍ കുടുതല്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തുന്നതിനാണ് ഗൂഗിളും ആമസോണും പോലുള്ള വന്‍കിട കമ്പനികള്‍ പദ്ധതിയിടുന്നത്.
ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്‌വെയർ, എഞ്ചിനീയറിംഗ് ടീമുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ ഈ വര്‍ഷം പിരിച്ചുവിടുകയാണെന്നാണ് ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി ആയിരത്തിനടുക്ക് പ്രൊഫഷണലുകളെ പിരിച്ചുവിടുന്നതിനാണ് ആമസോണിന്‍റെ പദ്ധതി.
ഓൺലൈൻ റെന്റൽ പ്ലാറ്റ്‌ഫോമായ ഫ്രണ്ട്‌ഡെസ്‌ക് ആണ് 2024-ലെ കൂട്ട പിരിച്ചുവിടലുകള്‍ക്ക് ഐടി മേഖലയില്‍ തുടക്കമിട്ടിട്ടുള്ളത്. രണ്ട് മിനിറ്റ് നേരം മാത്രം നീണ്ടുനിന്ന ഗൂഗിൾ കോളിലൂടെ 200 പേരെ ഈ ടെക് സ്‍റ്റാര്‍ട്ടപ്പ് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.