12 Nov 2023 7:30 AM
Summary
- 6 കമ്പനികള്‍ മൊത്തം 17,386.45 കോടി രൂപ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു
- ഏറ്റവും വലിയ ഇടിവ് നേരിട്ടത് ഇന്‍ഫോസിസ്
രാജ്യത്തെ ഓഹരി വിപണികളിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ നാലെണ്ണത്തിന്റെ മൊത്തം വിപണി മൂല്യം കഴിഞ്ഞയാഴ്ച 23,417.15 കോടി രൂപ കുറഞ്ഞു. ഐടി പ്രമുഖരായ ഇൻഫോസിസും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് മൊത്തത്തില്‍ 540.9 പോയിന്റ് അഥവാ 0.84 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഇൻഫോസിസ് എന്നിവ വിപണി മൂലധനത്തിൽ (എംക്യാപ്) ഇടിവ് നേരിട്ടപ്പോൾ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ മൊത്തം 17,386.45 കോടി രൂപ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇൻഫോസിസിന്റെ വിപണി മൂല്യം 8,465.09 കോടി രൂപ ഇടിഞ്ഞ് 5,68,064.77 കോടി രൂപയായി. ടിസിഎസിന്റെ മൂല്യം 6,604.59 കോടി രൂപ കുറഞ്ഞ് 12,19,488.64 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ എംക്യാപ് 5,133.85 കോടി രൂപ കുറഞ്ഞ് 5,84,284.61 കോടി രൂപയായും റിലയൻസ് ഇൻഡസ്ട്രീസിന്റേത് 3,213.62 കോടി രൂപ കുറഞ്ഞ് 15,65,781.62 കോടി രൂപയായും മാറി.
എന്നിരുന്നാലും, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 5,236.31 കോടി രൂപ ഉയർന്ന് 11,31,079.20 കോടി രൂപയായി. ഐസിഐസിഐ ബാങ്ക് 3,520.92 കോടി രൂപ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു, ഇപ്പോത്തെ എം ക്യാപ് 6,57,563.38 കോടി രൂപ. ഐടിസിയുടെ മൂല്യം 3,304.93 കോടി രൂപ ഉയർന്ന് 5,44,004.63 കോടി രൂപയിലെത്തി.
ഭാരതി എയർടെല്ലിന്റെ മൂല്യം 2,669.67 കോടി രൂപ ഉയർന്ന് 5,25,756.89 കോടി രൂപയായും ബജാജ് ഫിനാൻസ് 1,539.04 കോടി രൂപ ഉയർന്ന് 4,51,143.08 കോടി രൂപയായും മാറി. സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1,115.58 കോടി രൂപ കൂട്ടി, വിപണി മൂല്യം 5,17,092.02 കോടി രൂപയായി.
ടോപ്പ്-10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു. തുടർന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ വരുന്നു.