31 Dec 2023 2:08 PM IST
Summary
- ഡിസംബറില്‍ 2023ലെ ഏറ്റവും ഉയര്‍ന്ന എഫ്‍പിഐ വരവ്
- പുതുവര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ സെലക്റ്റിവായേക്കും
- മൂന്ന് വർഷത്തെ പിൻവാങ്ങലിന് ശേഷം ഡെറ്റുകളില്‍ വലിയ തിരിച്ചുവരവ്
വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങളിലും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയില്‍ വിശ്വാസമര്‍പ്പിച്ച് 2023-ൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ശക്തമായ നിക്ഷേപം നടത്തി. ഇന്ത്യൻ ഇക്വിറ്റി വിപണികളിലേക്ക് 1.7 ലക്ഷം കോടി രൂപയാണ് എഫ്‍പിഐകള്‍ കലണ്ടര്‍ വര്‍ഷത്തില്‍ എത്തിച്ചത്.
ഡിസംബറില്‍ 66,134 കോടി രൂപയുടെ അറ്റ നിക്ഷേപം രേഖപ്പെടുത്തിയതാണ്. മൊത്തം വര്‍ഷത്തിലെ എഫ്‍പിഐ വരവില്‍ വലിയ കുതിപ്പ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. 2023ലെ ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ എഫ്‍പിഐ നിക്ഷേപമായിരുന്നു ഡിസംബറില്‍ രേഖപ്പെടുത്തിയത്.
മേഖലകളുടെ കാര്യത്തിൽ, എഫ്‍പിഐകൾ ധനകാര്യ സേവനം, ഐടി, ഫാർമ, ഊർജ മേഖലകൾക്ക് മുൻഗണന നൽകി.
പുതുവര്‍ഷത്തിലെ പ്രതീക്ഷകള്‍
മുന്നോട്ട് പോകുമ്പോഴും, എഫ്‍പിഐ നിക്ഷേപ വരവ് ശക്തമായിരിക്കും എങ്കിലും ഓഹരികളുടെ കാര്യത്തില്‍ അവര്‍ സെലക്ടീവാകാൻ സാധ്യതയുണ്ടെന്ന് സ്മോൾകേസ് മാനേജരും ഫിഡൽ ഫോളിയോയുടെ സ്ഥാപകനുമായ കിസ്‍ലേ ഉപാധ്യായ പറഞ്ഞു.
2024-ൽ യുഎസ് പലിശനിരക്കിൽ തുടർച്ചയായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായിഎഫ്പിഐകൾ അവരുടെ വാങ്ങലുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വാങ്ങലുകാര്‍
2023ൽ എഫ്‍പിഐകൾ ഇക്വിറ്റികളിൽ 1.71 ലക്ഷം കോടി രൂപയും ഡെറ്റ് മാർക്കറ്റുകളിൽ 68,663 കോടി രൂപയും അറ്റ നിക്ഷേപം നടത്തി. ഡിപ്പോസിറ്ററികളിൽ ലഭ്യമായ കണക്കുകൾ പ്രകാരം മൂലധന വിപണിയിലേക്ക് മൊത്തമായി അവര്‍ 2.4 ലക്ഷം കോടി രൂപ നിക്ഷേപിച്ചു.
ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി നിരക്ക് വര്‍ധിപ്പിച്ചതിന്‍റെ ഫലമായി 2022ൽ എഫ്‌പിഐകൾ 1.21 ലക്ഷം കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യൻ ഇക്വിറ്റികളില്‍ നടത്തിയിരുന്നത്. അതിനു മുമ്പ് മൂന്ന് വർഷങ്ങളിൽ എഫ്‍പിഐകള്‍ അറ്റവാങ്ങലുകാരായിരുന്നു.
എഫ്‌പിഐകൾ 2021ൽ ഇക്വിറ്റികളിൽ 25,752 കോടി രൂപയും 2020ൽ 1.7 ലക്ഷം കോടി രൂപയും 2019ൽ 1.01 ലക്ഷം കോടി രൂപയും അറ്റനിക്ഷേപം നടത്തി.
ഡിസംബറിലെ വലിയ വരവിന് മുമ്പുള്ള മൂന്ന് മാസങ്ങളിൽ എഫ്പിഐ നിക്ഷേപം നെഗറ്റീവ് ആയിരുന്നു. "യുഎസ് ബോണ്ട് ആദായത്തിലെ സ്ഥിരമായ ഇടിവ് എഫ്പിഐകളുടെ തന്ത്രത്തിൽ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമായി," വിജയകുമാർ പറഞ്ഞു.
കട വിപണിയിലെ തിരിച്ചുവരവ്
മൂന്ന് വർഷത്തെ പിൻവാങ്ങലിന് ശേഷം, വിദേശ നിക്ഷേപകർ ഈ വർഷം കട വിപണിയില്‍ ഒരു തിരിച്ചുവരവ് നടത്തി, 2023 ൽ 68,663 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഡെറ്റുകളില്‍ എഫ്‍പിഐകള്‍ നടത്തിയത്. ഇത് അവരുടെ മൂലധന ഒഴുക്ക് പാറ്റേണിലെ ഗണ്യമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഡിസംബറിൽ 18,302 കോടി രൂപയുടെ അമ്പരപ്പിക്കുന്ന നിക്ഷേപവും ഈ വലിയ ഒഴുക്കില്‍ ഉൾപ്പെടുന്നു.
2022ൽ 15,910 കോടി രൂപയും 2021ൽ 10,359 കോടി രൂപയും 2020ൽ 1.05 ലക്ഷം കോടി രൂപയും ഡെറ്റ് മാർക്കറ്റിൽ നിന്ന് എഫ്‍പിഐകള്‍ പിന്‍വലിക്കുകയായിരുന്നു.
അടുത്ത വർഷം ജൂൺ മുതൽ ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകൾ തങ്ങളുടെ ബെഞ്ച്മാർക്ക് എമർജിംഗ് മാർക്കറ്റ് ഇൻഡക്സിൽ ചേർക്കുമെന്ന് സെപ്റ്റംബറിൽ ജെപി മോർഗൻ ചേസ് ആൻഡ് കോ നടത്തിയ പ്രഖ്യാപനം രാജ്യത്തെ ബോണ്ട് വിപണികളിലേക്കുള്ള നിക്ഷേപ വരവിനെ സ്വാധീനിച്ചു.
കൂടാതെ, പണപ്പെരുപ്പത്തിൽ കേന്ദ്ര ബാങ്കുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലിശയിൽ ഗണ്യമായ വർദ്ധനവിന് കാരണമായി, ഇതും ഡെറ്റ് വിഭാഗത്തിൽ, എഫ്‍പിഐകൾ തുടർച്ചയായി നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് കാരണമായതായി അരിഹന്ത് ക്യാപിറ്റലിന്റെ ജെയിൻ പറഞ്ഞു.