3 Dec 2023 10:21 AM GMT
Summary
- ഭാരതി എയര്‍ടെലിന്‍റെ എംക്യാപ് 6,00,000 കോടി രൂപയ്ക്ക് അടുത്ത്
- നിഫ്റ്റി 50-യിലെ 48 കമ്പനികളും പോയ വാരത്തില്‍ നേട്ടം പ്രകടിപ്പിച്ചു
ഇന്ത്യൻ ഓഹരി വിപണികള്‍ ശക്തമായ മുന്നേറ്റത്തോടെയാണ് ഡിസംബറിന് തുടക്കമിട്ടിട്ടുള്ളത്. നിരവധി കമ്പനികളുടെ ഓഹരി മൂല്യം പുതിയ സര്‍വകാല ഉയരം കുറിക്കുന്നതിനും വിപണി മൂല്യത്തില്‍ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നതിനും വിപണികള്‍ സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ചത്തെ സെഷനിൽ, എഫ്എംസിജി, ഓട്ടോ, ബാങ്കിംഗ് ഓഹരികളില്‍ ശക്തമായ കുതിച്ചുചാട്ടമാണ് പ്രകടമായത്. നിഫ്റ്റി 50 ചരിത്രപരമായ 20,291 പോയിന്റിലെത്തി, 2023 സെപ്റ്റംബർ 15 ന് സ്ഥാപിച്ച 20,222 എന്ന റെക്കോർഡിനെ മറികടന്നു.
എസ് & പി ബിഎസ്ഇ സെൻസെക്സും അതിന്റെ എക്കാലത്തെയും ഉയർന്ന 67,927 പോയിന്‍റിനടുത്തെത്തി, കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം 67,481 ൽ അവസാനിപ്പിച്ചു. അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചികയും ബിഎസ്‌ഇ സ്‌മോൾക്യാപ്പും വെള്ളിയാഴ്ചത്തെ സെഷനിൽ പുതിയ റെക്കോർഡ് ഉയരങ്ങളിലെത്തി.
മിഡ് ക്യാപ് സൂചിക 0.70% ഉയർന്ന് 34,498 എന്ന പുതിയ ഉയരത്തിലെത്തി, സ്‍മാള്‍ ക്യാപ് സൂചിക 0.86 ശതമാനം ഉയർന്ന് 40,718 എന്ന ചരിത്രപരമായ ഉയർന്ന നിലയിലെത്തി. 2023ല്‍, ഇതുവരെയുള്ള കണക്കുപ്രകാരം രണ്ട് സൂചികകളും 35 ശതമാനത്തിന് മുകളിലുള്ള നേട്ടം കൈവരിച്ചിട്ടുണ്ട്.
50ല്‍ 48ഉം നേട്ടത്തില്‍
നിഫ്റ്റി 50-ലെ 50 ഓഹരികളില്‍ 48 എണ്ണവും കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്. 9.5 ശതമാനം നേട്ടവുമായി ആക്സിസ് ബാങ്ക് റാലിയെ നയിച്ചു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ആക്സിസ് ബാങ്ക് ഓഹരിയുടെ വില 1,104-ലെത്തി, ആഴ്ചയില്‍ സര്‍വകാല ഉയരമായ 1,109 രൂപയിലും ഈ ഓഹരി എത്തി
ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബിപിസിഎൽ, അദാനി എന്റർപ്രൈസസ്, ഹീറോ മോട്ടോകോർപ്പ്, എൻടിപിസി, അൾട്രാടെക് സിമൻറ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയും 4.5% മുതൽ 7% വരെ നേട്ടത്തോടെ ആഴ്ച ക്ലോസ് ചെയ്തു. നിഫ്റ്റി 50-യിലെ 20 ഓഹരികളും പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിച്ചു.
കുതിച്ചു കയറി ഭാരതി എയര്‍ടെല്‍
ഭാരതി എയർടെൽ ഓഹരിയുടെ മൂല്യം നവംബർ 29ന് ആദ്യമായി 1000 രൂപയ്ക്ക് മുകളിലെത്തി., വെള്ളിയാഴ്ചത്തെ സെഷനിൽ,1,022 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ചരിത്രപരമായ കുതിപ്പില്‍ ഭാരതി എയർടെല്ലിന്റെ ഓഹരികൾ കമ്പനിയുടെ വിപണി മൂലധനം 6,00,000 കോടി രൂപയ്ക്ക് അടുത്ത് എത്തിച്ചു. ഏറ്റവും ഉയർന്ന വിലയായ 1,022 രൂപയിൽ, കമ്പനിയുടെ വിപണി മൂല്യം 5,84,584 കോടി രൂപയിലാണ്.
ബിഎസ്‌ഇ ഡാറ്റ അനുസരിച്ച്, 5,00,000 കോടിയിലധികം വിപണി മൂലധനമുള്ള ഒമ്പത് ഇന്ത്യൻ കമ്പനികൾ മാത്രമേ പൊതുവിൽ ലിസ്റ്റ് ചെയ്തിട്ടുള്ളൂ, ഇവയിൽ ഭാരതി എയർടെൽ ഏഴാം സ്ഥാനത്താണ്.