1 Oct 2023 3:30 PM IST
Summary
- തുടര്‍ച്ചയായ 6 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ നിക്ഷേപകര്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്
- ഡെറ്റ് വിപണിയില്‍ വാങ്ങല്‍ തുടരുന്നു
ഇന്ത്യന്‍ ആഭ്യന്തര ഓഹരി വിപണികളില്‍ തുടര്‍ച്ചയായ ആറു മാസം വാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) സെപ്റ്റംബറിൽ വില്‍പ്പനക്കാരായി മാറി. ഇന്ത്യൻ ഇക്വിറ്റികളിൽ 14,767 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് എഫ്‍പിഐകള്‍ നടത്തിയത്. പ്രാഥമികമായി ഡോളറിന്റെ മൂല്യം, യുഎസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ വർദ്ധനവ്, ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് എന്നിവയാണ് എഫ്‍പിഐകളുടെ പിന്‍വലിയലിന് കാരണം.
"മുന്നോട്ട് പോകുമ്പോൾ, ഇന്ത്യയിലേക്കുള്ള ഒഴുക്ക് സംബന്ധിച്ച കാഴ്ചപ്പാട് അനിശ്ചിതത്വത്തിലാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം, ആർബിഐയുടെ ഒക്‌ടോബറില്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക നയം, സെപ്തംബർ പാദത്തിലെ വരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും", ക്രാവിംഗ് ആൽഫയിലെ സ്‌മോൾകേസ്, മാനേജർ, പ്രിൻസിപ്പൽ പാർട്ണർ മായങ്ക് മെഹ്‌റ പറഞ്ഞു.
ഇക്വിറ്റികളിലേക്കുള്ള എഫ്പിഐ വരവ് ഓഗസ്റ്റിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയതിന് പിന്നാലെയാണ് സെപ്റ്റംബറില്‍ പുറത്തേക്കുള്ള നിക്ഷേപ ഒഴുക്ക് രേഖപ്പെടുത്തുന്നത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ എഫ്പിഐകൾ തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വാങ്ങുകയും ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപയുടെ വരവ് രേഖപ്പെടുത്തുകയും ചെയ്തു.
ഡോളർ സൂചിക 107ന് അടുത്ത് എത്തിയതും യുഎസ് ബോണ്ട് യീല്‍ഡില്‍ സ്ഥിരമായ വർധനവുണ്ടായതും സമീപകാല വില്‍പ്പനയ്ക്ക് കാരണമായതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
യുഎസിലെയും യൂറോസോൺ മേഖലകളിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളുമാണ് സെപ്റ്റംബറിലെ ഒഴുക്കിന് കാരണമെന്ന് മോണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ - മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു. ഈ സാഹചര്യം വിദേശ നിക്ഷേപകരെ അപകടസാധ്യത ഒഴിവാക്കുന്നതിലേക്ക് നയിച്ചു.
കൂടാതെ, ഉയർന്ന ക്രൂഡ് വില, പണപ്പെരുപ്പ ആശങ്ക, പലിശ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഉയർന്ന തലത്തിൽ തുടരുമെന്ന പ്രതീക്ഷ എന്നിവയും വിദേശ നിക്ഷേപകരെ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യയിലെ മണ്‍സൂണ്‍ കാലവര്‍ഷത്തിലെ അനിശ്ചിതാവസ്ഥയും എഫ്‍പിഐ വരവില്‍ സ്വാധീനം ചെലുത്താം.
ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) വാങ്ങലുകാരായി നിലനിന്നതാണ് എഫ്പിഐകളുടെ വിൽപ്പനയുടെ ആഘാതം വിപണികളെ ബാധിക്കുന്നതില്‍ നിന്ന് തടഞ്ഞത്.
സെപ്റ്റംബറില്‍ രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ പക്ഷേ 938 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതോടെ, ഈ വർഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്‍പിഐകളുടെ മൊത്തം നിക്ഷേപം 1.2 ലക്ഷം കോടി രൂപയിലും ഡെറ്റ് മാർക്കറ്റിലെ നിക്ഷേപം 29,000 കോടി രൂപയിലും എത്തി.