19 May 2024 12:25 PM
രാജ്യത്തെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന
MyFin Desk
Summary
- പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന
- 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍
രാജ്യത്തെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വമ്പന്‍ വര്‍ധന.
രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തിലാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച 1,47,935 കോടി രൂപയാണ് എട്ടു കമ്പനികളുടെ വിപണി മൂല്യം.
വിപണി മൂല്യത്തിൽ റിലയന്‍സും എല്‍ഐസിയും മുന്നിൽ
എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 40000 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 6,16,212 കോടി രൂപയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 36,467 കോടി രൂപയാണ് ഉയര്‍ന്നത്. നിലവില്‍ 19,41,110 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.
ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ എന്നിവയാണ് വിപണി മൂല്യം കൂടിയ മറ്റു കമ്പനികള്‍. അതേസമയം ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. ടിസിഎസിന് 16,588 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
വിദേശ നിക്ഷേപ കമ്പനികള്‍ പിന്‍വലിച്ചത് 28,200 കോടി
ഈ മാസം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച മൊത്തം തുക 28,200 കോടിയായി. പൊതുതെരഞ്ഞെടുപ്പ് ഫലം എന്താകും എന്ന അനിശ്ചിതത്വമാണ് വിപണിയെ സ്വാധീനിച്ചത്. കൂടാതെ ചൈനീസ് വിപണി കൂടുതല്‍ ആകര്‍ഷണീയമായതും പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്കിന് കാരണമായി. കഴിഞ്ഞ മാസം 8,700 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഫെബ്രുവരിയില്‍ 1539 കോടി രൂപയും മാര്‍ച്ചില്‍ 35,098 കോടിയും ഇന്ത്യന്‍ വിപണിയില്‍ വിദേശ കമ്പനികള്‍ നിക്ഷേപിച്ചിരുന്നു.
ഏപ്രില്‍ 10ന് സെന്‍സെക്സ് 74,998.11 എന്ന ഉയര്‍ന്ന നിലയിലും മെയ് മൂന്നിന് നിഫ്റ്റി 22,794.7 എന്ന സര്‍വകാല റെക്കോഡിലും എത്തിയിരുന്നു.