15 Nov 2023 7:09 AM GMT
ഒറ്റ സെക്കന്‍റില്‍ 1.2 ടെറാബൈറ്റ്; ഏറ്റവും വേഗമുള്ള ഇന്‍റര്‍നെറ്റ് സ്വന്തമാക്കിയെന്ന് ചൈന
MyFin Desk
Summary
- ഈ ഇന്റർനെറ്റ് നെറ്റ്‌വർക്ക് യാഥാര്‍ത്ഥ്യമാക്കിയത് പൂര്‍ണമായും തദ്ദേശിയ സാങ്കേതിക വിദ്യയില്‍
- നേരത്തേ നോക്കിയയും ഈ വേഗം കൈവരിച്ചതായി അവകാശപ്പെട്ടിരുന്നു
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ശൃംഖല സാധ്യമാക്കിയെന്ന് ചൈന. ബെയ്ജിംഗിനെ രാജ്യത്തിന്‍റെ തെക്ക് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഇന്റർനെറ്റ് നെറ്റ്‌വർക്ക് തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റത്തിന്‍റെ തെളിവായാണ് ചൈന ഉയര്‍ത്തിക്കാണിക്കുന്നത്. ഹ്യുവായ് ടെക്നോളജീസ് കമ്പനിയും ചൈന മൊബൈൽ ലിമിറ്റഡും ചേർന്നാണ് 3,000 കിലോമീറ്റർ ദൂരത്തില്‍ ഈ നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുള്ളത്. സിൻഹുവ യൂണിവേഴ്‌സിറ്റി, ഗവേഷക സ്ഥാപനമായ Cernet.com.corp എന്നിവയുമായി ചേര്‍ന്ന് ഇരുസ്ഥാപനങ്ങളും ജൂലൈ 31 മുതല്‍ ഈ നെറ്റ്‌വർക്കിലെ ട്രയലുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു സെക്കന്‍റില്‍ 1.2 ടെറാബൈറ്റ് വേഗം സ്ഥിരതയോടെയും ആശ്രയിക്കാവുന്ന തരത്തിലും ലഭ്യമാക്കിക്കൊണ്ട് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് സംവിധാനത്തിനാണ് തുടക്കമിട്ടിട്ടുള്ളതെന്ന് സിന്‍ഹുവ സര്‍വലാശാല പുറത്തിറക്കിയിട്ടുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ നാഴികക്കല്ലുകള്‍ സ്ഥിരീകരിക്കുന്ന ഫലങ്ങളാണ് ട്രയലുകളും നല്‍കിയിട്ടുള്ളത്.
പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ നെറ്റ്‌വർക്ക് ഹ്യുവായുടെ വൈദഗ്ധ്യം ഏറെ പ്രകടമാണെന്ന് പ്രസ്താവനയില്‍ പറയുന്നു . ഓഗസ്റ്റിൽ ഹ്യുവായ് അത്യാധുനിക മെയ്ഡ്-ഇൻ-ചൈന പ്രൊസസറുള്ള 5G സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചൈനയുടെ സാങ്കേതിക നേട്ടങ്ങൾ ഉൾക്കൊള്ളുന്നതിലും മനസിലാക്കുന്നതിലും ബൈഡൻ ഭരണകൂടം പരാജയപ്പെടുന്നൂവെന്നുള്ള ചര്‍ച്ചകള്‍ക്ക് യുഎസിലും ഇത് വഴിവെച്ചു.
ഫെബ്രുവരിയിൽ, ഹുവാവേയുടെ ആഗോള എതിരാളിയായ നോക്കിയയും യൂറോപ്പിലെ തങ്ങളുടെ 118 കിലോമീറ്റർ ഒപ്റ്റിക്കൽ നെറ്റ്‌വർക്കിൽ 1.2 ടെറാബൈറ്റ് വേഗം നേടിയതായി അവകാശപ്പെട്ടിരുന്നു.