13 Aug 2023 11:42 AM IST
7 ടോപ് 10 കമ്പനികളുടെ നഷ്ടം 74,603 കോടി രൂപ; വലിയ നഷ്ടം എച്ച്ഡിഎഫ്‍സി ബാങ്കിന്
MyFin Desk
Summary
- മികച്ച നേട്ടം റിലയന്‍സിന്
- ടിസിഎസും എസ്ബിഐയും നേട്ടത്തില്‍
- സെന്‍സെക്സ് കഴിഞ്ഞ വാരം 0.60% ഇടിഞ്ഞു
രാജ്യത്ത് ഓഹരി വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 കമ്പനികളിൽ ഏഴിന്റെയും സംയുക്ത വിപണി മൂല്യത്തില്‍ ഇക്കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 74,603.06 കോടി രൂപയുടെ ഇടിവ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഏറ്റവും വലിയ നഷ്ടം നേരിട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 398.6 പോയിന്റ് അഥവാ 0.60 ശതമാനമാണ് ഇടിഞ്ഞത്.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി എന്നിവ വിപണി മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വിപണി മൂല്യത്തിൽ വർധന വരുത്തി.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 25,011 കോടി രൂപ കുറഞ്ഞ് 12,22,392.26 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 12,781 കോടി രൂപ ഇടിഞ്ഞ് 6,66,512.90 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 11,096.48 കോടി രൂപ ഇടിഞ്ഞ് 4,86,812.08 കോടി രൂപയായും മാറി.
ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 10,396.94 കോടി രൂപ കുറഞ്ഞ് 5,87,902.98 കോടി രൂപയില്‍ എത്തിയപ്പോള്‍ ഐടിസിയുടെ മൂല്യം 7,726.3 കോടി രൂപ ഇടിഞ്ഞ് 5,59,159.71 കോടി രൂപയിലെത്തി.ബജാജ് ഫിനാൻസിന്റെ എം ക്യാപ് 4,935.21 കോടി രൂപ കുറഞ്ഞ് 4,27,996.97 കോടി രൂപയായും ഇൻഫോസിസിന്റേത് 2,656.13 കോടി രൂപ കുറഞ്ഞ് 5,69,406.39 കോടി രൂപയായും മാറി.
എന്നിരുന്നാലും, റിലയൻസ് ഇൻഡസ്ട്രീസ് 25,607.85 കോടി രൂപ കൂട്ടിച്ചേര്‍ത്ത് വിപണി മൂല്യം 17,23,878.59 കോടി രൂപയില്‍ എത്തിച്ചു. ടിസിഎസിന്റെ വിപണി മൂല്യം 2,579.64 കോടി രൂപ ഉയർന്ന് 12,62,134.89 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 847.84 കോടി രൂപ ഉയർന്ന് 5,12,451.22 കോടി രൂപയായും മാറി.
ടോപ്പ്-10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് തൊട്ടുപിറകിലുള്ള സ്ഥാനങ്ങളില്‍.