6 Aug 2023 12:45 PM IST
Summary
- ഐടി ഓഹരികളില്‍ വാങ്ങലിലേക്ക് മാറി
- ഓട്ടോ , ധനകാര്യം , മൂലധന ഉലപ്പന്നങ്ങള്‍ എന്നിവയില്‍ വാങ്ങല്‍ തുടരുന്നു
- യുഎസ് ബോണ്ടുകളില്‍ നേട്ടം ഉയരുന്നത് എഫ്‍പിഐ നിക്ഷേപങ്ങള്‍ക്ക് നെഗറ്റിവ്
അഞ്ച് മാസത്തെ തുടർച്ചയായ വാങ്ങലുകൾക്ക് ശേഷം, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍പിഐ) അറ്റ വിൽപ്പനയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് ആദ്യ വാരത്തിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 2,000 കോടി രൂപയുടെ അറ്റ പിൻവലിക്കലാണ് എഫ്‍പിഐ-കള്‍ നടത്തിയത്. യുഎസിന്‍റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയ ഫിച്ച് റേറ്റിംഗ്‍സിന്‍റെ നടപടിയാണ് ഈ യു-ടേണിന് പ്രധാന കാരണം.
കൂടാതെ, ഓഹരികളുടെ തുടര്‍ച്ചയായ ഉയര്‍ന്ന മൂല്യ നിര്‍ണയവും ചെറിയ ലാഭ ബുക്കിംഗും ഈ ഒഴുക്കിന് കാരണമായേക്കാമെന്ന് യെസ് സെക്യൂരിറ്റീസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ നിതാഷ ശങ്കർ പറഞ്ഞു. "യുഎസിലെ 10 വർഷത്തെ ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളില്‍ കുത്തനെ ഉയര്‍ന്നത് വികസ്വര വിപണികളിലേക്കുള്ള സമീപകാല മൂലധന പ്രവാഹത്തില്‍ നെഗറ്റീവ് സ്വാധീനം ചെലുത്തി," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. യുഎസ് ബോണ്ട് വരുമാനം ഉയർന്ന നിലയിലാണെങ്കിൽ, എഫ്‍പിഐകൾ വിൽപ്പന തുടരുകയോ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിപ്പോസിറ്ററികളില്‍ നിന്നുള്ള കണക്ക് അനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഗസ്റ്റ് 1-5 കാലയളവിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 2,034 കോടി രൂപ പിൻവലിച്ചു. അവലോകന കാലയളവിൽ ഇന്ത്യന്‍ ഡെറ്റ് വിപണിയില്‍ പക്ഷേ എഫ്‍പിഐകള്‍ അറ്റ വാങ്ങലുകാരാണ്, 1,151 കോടി രൂപ നിക്ഷേപിച്ചു.
അനിശ്ചിതമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രതിരോധ ശേഷിയും കണക്കിലെടുത്ത് കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ വന്‍ തോതിലുള്ള എഫ്‍പിഐ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ (മെയ്, ജൂൺ, ജൂലൈ) 40,000 കോടി രൂപയ്ക്കു മുകളിലായിരുന്നു ഇന്ത്യന്‍ ഇക്വിറ്റികളിലെ എഫ്‍പിഐ നിക്ഷേപം. ജൂലൈയിൽ 46,618 കോടി രൂപയും ജൂണിൽ 47,148 കോടി രൂപയും മേയിൽ 43,838 കോടി രൂപയുമാണ് അറ്റ നിക്ഷേപം. മാർച്ചിന് മുമ്പ് ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകർ 34,626 കോടി രൂപ പിൻവലിച്ചിരുന്നു.
ഇതോടെ, ഈ വർഷം ഇതുവരെയുള്ള കണക്കില്‍ ഇക്വിറ്റി വിപണിയിലെ അറ്റ നിക്ഷേപം 1.21 ലക്ഷം കോടി രൂപയിലും, ഡെറ്റ് വിപണിയിലെ അറ്റ നിക്ഷേപം 21,600 കോടി രൂപയിലും എത്തി.
ഓട്ടോമൊബൈല്‍, മൂലധന ഉല്‍പ്പന്നങ്ങള്‍, ധനകാര്യം എന്നീ മേഖലകളിലെ ഓഹരികളില്‍ എഫ്‍പിഐകള്‍ വാങ്ങുന്നത് തുടർന്നു. കൂടാതെ, എഫ്പിഐയുടെ തന്ത്രത്തിലെ ഒരു പ്രധാന മാറ്റം അവർ നേരത്തെ വിറ്റിരുന്ന ഐടി ഓഹരികൾ വാങ്ങാൻ തുടങ്ങി എന്നതാണ്.