5 May 2023 10:06 AM IST
Summary
- ചരക്കുനീക്കത്തില്‍ വളർച്ച ഒപ്പൊയ്ക്ക് മാത്രം
- വന്‍ ഇടിവ് ഷഓമിക്കും റെഡ്‍മിക്കും
- സാംസങ് വിപണി മേധാവിത്വം തുടരുന്നു
ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ കയറ്റുമതി ജനുവരി-മാർച്ച് പാദത്തിൽ മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 16% കുറഞ്ഞ് 31 ദശലക്ഷം യൂണിറ്റായെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസി-യുടെ റിപ്പോര്‍ട്ട്. റിയല്‍മി, ഷഓമി ഷിപ്പ്‌മെന്റുകളാണ് ഈ പാദത്തിൽ ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തിയത്. 2023ൽ ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിപണിയുടെ വളർച്ച നിശ്ചലമായിരിക്കുമെന്നാണ് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) വേൾഡ് വൈഡ് ക്വാർട്ടർലി മൊബൈൽ ഫോൺ ട്രാക്കർ റിപ്പോർട്ട് വിലയിരുത്തുന്നത്.
നാല് വർഷത്തിനിടെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്‍മാര്‍ട്ട്ഫോണ്‍ ചരക്കുനീക്കമാണ് കഴിഞ്ഞ പാദത്തില്‍ രാജ്യത്തുണ്ടായത്. സാംസങിന്‍റെ ചരക്കുനീക്കം 11.4 ശതമാനം ഇടിവുണ്ടായെങ്കിലും, 20.1 ശതമാനം വിപണി വിഹിതവുമായി വിപണിയിൽ മുന്നിലെത്തി, 17.7 ശതമാനം വിപണി വിഹിതവുമായി വിവോയാണ് തൊട്ടുപിന്നിൽ.
ഈ പാദത്തിൽചരക്കുനീക്കത്തില്‍ വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു ബ്രാൻഡ് ഒപ്പൊ ആയിരുന്നു. 17.6 ശതമാനം വിപണി വിഹിതം ഒപ്പൊ രേഖപ്പെടുത്തി.
ഷഓമിയുടെ ഷിപ്പ്‌മെന്റ് 41.1 ശതമാനം ഇടിഞ്ഞ് 5 ദശലക്ഷം യൂണിറ്റിലെത്തി, അതിന്റെ വിപണി വിഹിതം മുന്‍വര്‍ഷം സമാനപാദത്തിലെ 23.4 ശതമാനത്തിൽ നിന്ന് 16.4 ശതമാനമായി കുറഞ്ഞു.റിയൽമി ഷിപ്പ്‌മെന്റ് പകുതിയിലധികം കുറഞ്ഞ് 2.9 ദശലക്ഷം യൂണിറ്റായി, അതിന്റെ വിപണി വിഹിതം 16.4 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായി കുറഞ്ഞു.
അനിശ്ചിതമായ ബൃഹദ് സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ ആവശ്യകത മന്ദഗതിയിലായിരുന്നു, 2022 ന്റെ രണ്ടാം പകുതിയിലെ ഉയർന്ന സംഭരണം കാരണം ഇൻവെന്ററി ലെവലുകൾ കഴിഞ്ഞ പാദത്തില്‍ ഉയര്‍ന്ന നിലയിലായിരുന്നു എന്നും ഐഡിസി വിശദീകരിക്കുന്നു. 5G സ്മാർട്ട്‌ഫോൺ വിഹിതം ഒരു വർഷം മുമ്പുണ്ടായിരുന്ന 31 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർന്നു. 5G സ്മാർട്ട്‌ഫോണുകളുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയത് സാംസങ്ങാണ്, ഈ വിഭാഗത്തിലെ ചരക്കുനീക്കത്തിന്‍റെ നാലിലൊന്ന് സാംസങില്‍ നിന്നായിരുന്നു.
"കുറഞ്ഞ വില വിഭാഗത്തിലേക്ക് കൂടുതയായി 5G സ്മാർട്ട്‌ഫോണുകൾ എത്തുന്നത് തുടരുന്നു. ഉയർന്ന നിലവാരമുള്ള 4G മോഡലുകൾ ഇടം ഒഴിയുന്നതിനാൽ, 2023-ന്റെ രണ്ടാം പകുതിയിൽ 10000 രൂപ മുതല്‍ 25000 രൂപ വരെ വിലയുള്ള 5ജി സ്‍മാര്‍ട്ട് ഫോണ്‍ മോഡലുകളുടെ ശക്തമായ വിപണി മത്സരം പ്രതീക്ഷിക്കാം ," IDC ഇന്ത്യ ക്ലയന്റ് ഡിവൈസസ് റിസർച്ച് മാനേജർ ഉപാസന ജോഷി പറഞ്ഞു.