13 March 2023 11:47 AM GMT
Summary
സെൻസെക്സ് 897.28 പോയിന്റ് ഇടിഞ്ഞ് 58,237.85 ലും, നിഫ്റ്റി 258.60 പോയിന്റ് കുറഞ്ഞ് 17,154.30 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ മൂന്നാം സെഷനിലും നഷ്ടത്തിൽ അവസാനിച്ച് വിപണി. സെൻസെസ്‌ക് 900 പോയിന്റ് ഇടിഞ്ഞ 59,000 നിലയിൽ നിന്നും താഴെയെത്തി. യു എസ് ബാങ്ക് പ്രതിസന്ധി മൂലം ബാങ്കിങ്, ഓട്ടോ മൊബൈൽ, എന്നി ഓഹരികളിൽ ഉണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ തകർത്തത്.
പ്രാരംഭ ഘട്ടത്തിൽ 375 പോയിന്റ് നേട്ടത്തിൽ വ്യപാരം ആരംഭിച്ചെങ്കിലും പിന്നീട് ആ നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല. തുടർന്ന് സെൻസെക്സ് 897.28 പോയിന്റ് ഇടിഞ്ഞ് 58,237.85 ലും, നിഫ്റ്റി 258.60 പോയിന്റ് കുറഞ്ഞ് 17,154.30 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58,094.55 ലെത്തിയിരുന്നു.
സെൻസെക്സിൽ 29 കമ്പനികളും ഇന്ന് ചുവപ്പിലാണവസാനിച്ചത്.
നിഫ്റ്റി 50 യിൽ 45 കമ്പനികളും നഷ്ടത്തിലായി.
സെൻസെക്സിൽ ഇൻഡസ് ഇൻഡ് ബാങ്കായിരുന്നു ഏറ്റവുമധികം നഷ്ടത്തിലായത്. എസ് ബി ഐ, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, ബജാജ് ഫിൻസേർവ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ് എന്നിവയും നഷ്ടത്തിലായി.ടെക്ക് മഹീന്ദ്ര നേട്ടത്തിൽ അവസാനിച്ചു.
സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധി ബാങ്കുകളുടെ ബോണ്ട് പോർട്ട്‌ഫോളിയോകളുടെ സ്ഥിതിയെ കുറിച്ചും ആഗോളതലത്തിൽ ഉണ്ടായേക്കാവുന്ന ആഘാതത്തെകുറിച്ചുമുള്ള ആശങ്കകൾക്ക് കാരണമായി.
2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ യുഎസ് ബാങ്ക് തകർച്ചയെ കുറിച്ചുള്ള ഭയം നിക്ഷേപകരെ സുരക്ഷിതമായ ആസ്തിയിലേക്ക് നയിക്കുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ചിലെ സീനിയർ വിപി നവനീത് ദമാനി പറഞ്ഞു.
ഏഷ്യൻ വിപണിയിൽ ഷാങ്ഹായ്, ഹോങ്കോങ്, സിയോൾ എന്നിവ ലാഭത്തിൽ അവസാനിച്ചപ്പോൾ ടോക്കിയോ ദുർബലമായി.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നഷ്ടത്തോടെയാണ് വ്യാപാരം ചെയുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 82.16 രൂപയായി.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 1.79 ശതമാനം ഇടിഞ്ഞ് ബാരലിന് 81.30 ഡോളറായി.
വിദേശ നിക്ഷേപകർ വെള്ളിയഴ്ച 2 ,061.47 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.