13 Jan 2023 11:16 AM
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം ആഴ്ച്ചയവസാനത്തില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ആഗോള വിപണി സ്ഥിരത നേടിയതും, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളുടെ വാങ്ങല്‍ ഉയര്‍ന്നതും വിപണിക്ക് പിന്തുണയേകി.
സെന്‍സെക്‌സ് 303.15 പോയിന്റ് ഉയര്‍ന്ന് 60,261.18 ലും, നിഫ്റ്റി 98.40 പോയിന്റ് നേട്ടത്തോടെ 17,956.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 460.23 പോയിന്റ് ഉയര്‍ന്ന് 60,418.26 ല്‍ എത്തിയിരുന്നു. ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, മാരുതി എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍.ടൈറ്റന്‍, നെസ് ലേ, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
' പണപ്പെരുപ്പം കുറയുന്നതും, രണ്ടാംഘട്ടത്തില്‍ പുറത്തു വന്ന ഐടി കമ്പനികളുടെ മികച്ച മൂന്നാംപാദ ഫലങ്ങളും വിപണിയുടെ ആശങ്കകള്‍ ലഘൂകരിക്കുന്നതാണ്. അമേരിക്കയിലെയും, ഇന്ത്യയിലെയും പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര ബാങ്കുകളില്‍ നിന്നും കര്‍ശനമായ തീരുമാനങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യയിലെ മറ്റ് വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലും, ടോക്കിയോ വിപണി നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.38 ശതമാനം ഉയര്‍ന്ന് 84.35 ഡോളറായി.