image

16 Jun 2023 4:32 PM IST

Market

സെന്‍സെക്സും നിഫ്റ്റിയും സര്‍വകാല ഉയരത്തില്‍

MyFin Desk

sensex and nifty at all-time highs
X

Summary

  • ബാങ്കിംഗ്, ധനകാര്യം, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളില്‍ നേട്ടം
  • ആഗോള വിപണികളില്‍ പൊതുവേ പോസിറ്റിവ് വികാരം
  • വലിയ നേട്ടം ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ക്ക്


ആഗോള വിപണിയിലെ ശക്തമായ പോസിറ്റിവ് പ്രവണതകളുടെ ഫലമായി ബാങ്കിംഗ്, ധനകാര്യം, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളിലുണ്ടായ നേട്ടത്തെ തുടർന്ന് രാജ്യത്തെ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് തങ്ങളുടെ പുതിയ സര്‍വകാല ഉയരം കുറിച്ചു. രൂപ ശക്തിപ്പെടുന്നതും വിദേശ മൂലധനത്തിന്റെ ഒഴുക്കും നിക്ഷേപകരുടെ വികാരത്തെ ഉയര്‍ത്തി.

30-ഷെയർ ബി‌എസ്‌ഇ സൂചിക 466.95 പോയിന്റ് അല്ലെങ്കിൽ 0.74 ശതമാനം ഉയര്‍ന്ന് 63,384.58 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. പകൽ സമയത്ത് ഇത് 602.73 പോയിന്റ് അഥവാ 0.95 ശതമാനം ഉയർന്ന് 63,520.36 എന്ന നിലയിലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 137.90 പോയിൻറ് അഥവാ 0.74 ശതമാനം ഉയർന്ന് 18,826 എന്ന റെക്കോഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ റിലയൻസ് ഇൻഡസ്ട്രീസിലും എച്ച്‌ഡിഎഫ്‌സി, എച്ച്ഡിഎഫ്‍സി ബാങ്ക് എന്നിവയിലും അനുഭവപ്പെട്ട ശക്തമായ വാങ്ങല്‍ വിപണികളെ തിരിച്ചുവരാൻ സഹായിച്ചു. സെന്‍സെക്സില്‍ ഏറ്റവും വലിയ നേട്ടം ബജാജ് ഫിൻസെർവ് ഓഹരികള്‍ക്കാണ്, 2.21 ശതമാനം ഉയർച്ചയാണ് ഈ ഓഹരിക്കുണ്ടായത്. ടൈറ്റൻ, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികളും നേട്ടത്തിലാണ്. വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, പവർ ഗ്രിഡ്, ടെക് മഹീന്ദ്ര എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് അവസാനിച്ചത്.

"ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകൾക്കൊപ്പം ബാങ്കിംഗ്, ഫാർമ, ഉപഭോക്തൃ വിഭാഗങ്ങളിലെ ഓഹരികളിലെ ശക്തമായ വാങ്ങലിലൂടെ ആഭ്യന്തര വിപണി തിരിച്ചുവന്നു. സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച റീട്ടെയിൽ വിൽപ്പന ഡാറ്റ പുറത്തുവന്നതാണ് യുഎസ് വിപണിയുടെ ശുഭാപ്തിവിശ്വാസം ഉയർത്തിയത്. കൂടാതെ, ഉയർന്ന നിലയിലുള്ള തൊഴിലില്ലായ്മ ക്ലെയിമുകൾ, ഇറക്കുമതി വിലയിലെ ഇടിവ് എന്നിവയെല്ലാം ഫെഡറൽ പലിശ നിരക്ക് സമീപഭാവിയില്‍ ഉയര്‍ത്താനിടയില്ലെന്ന പ്രതീക്ഷ ഉയർത്തി, വാസ്തവത്തില്‍ ഇത് കഴിഞ്ഞ ദിവസത്തെ ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിന് വിരുദ്ധമാണ്,” ജിയോജിത് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.62 ശതമാനം ഇടിഞ്ഞ് ബാരലിന് 75.20 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 3,085.51 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ ബിഎസ്‌ഇ ബെഞ്ച്മാർക്ക് 310.88 പോയിന്റ് അല്ലെങ്കിൽ 0.49 ശതമാനം ഇടിഞ്ഞ് 62,917.63 എന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 67.80 പോയിൻറ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 18,688.10ലാണ് ക്ലോസ് ചെയ്തിരുന്നത്.