29 May 2023 4:04 PM IST
Summary
- എസ് രവീന്ദ്രൻ ജെയിൻ സമിതി അധ്യക്ഷനായി തുടരും
- നിരവധി പുതിയ അംഗങ്ങള്‍ പാനലില്‍ എത്തി
ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തങ്ങളുടെ ഇന്‍റര്‍മീഡിയറി ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. സ്റ്റോക്ക് ബ്രോക്കർമാർ, ഡിപ്പോസിറ്ററി പങ്കാളികൾ, ക്ലിയറിംഗ് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വിപണി ഇടനിലക്കാര്‍ക്കായുള്ള സംവിധാനങ്ങളിലും നടപടിക്രമങ്ങളിലും സുതാര്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിയമപരമായ ചട്ടക്കൂടിലെ മാറ്റങ്ങള്‍ക്കുള്ള ശുപാര്‍ശയും സമിതി നല്‍കും
സെബിയുടെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് രവീന്ദ്രൻ ജെയിൻ സമിതി അധ്യക്ഷനായി തുടരുമെന്ന് സെബി അറിയിച്ചു. റെഗുലേറ്റർ പാനലിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 21 അംഗ കമ്മിറ്റിയില്‍ ബ്രോക്കറേജ് വ്യവസായം, ധനകാര്യ സ്ഥാപനങ്ങൾ, നിയമ മേഖലകൾ, സെബി അംഗങ്ങൾ എന്നിവയിൽ നിന്നുള്ള പ്രാതിനിധ്യമുണ്ട്.
സെറോദ ബ്രോക്കിംഗിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നിതിൻ കാമത്ത്, ഗ്രോവിന്റെ സിഇഒ ലളിത് കേശ്ര എന്നിവര്‍ പുതുതായി എത്തിയ അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ് ചൗഹാൻ; ബിഎസ്ഇയുടെ എംഡിയും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി, കമ്മോഡിറ്റി പാർട്ടിസിപ്പന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിപിഎഐ) പ്രസിഡന്റ് നരേന്ദ്ര വാധ്വ, അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (എഎൻഎംഐ) പ്രസിഡന്റ് വിജയ് മേത്ത എന്നിവരാണ് മറ്റ് അംഗങ്ങൾ.
വിപണി സുരക്ഷ, കാര്യക്ഷമത, സുതാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിപണി ഇടനിലക്കാർ സാങ്കേതിക വിദ്യയും സൈബർ സുരക്ഷയും കൂടുതലായി സ്വീകരിക്കുന്നതിന് ആവശ്യമായി ഉപദേശങ്ങളും സമിതി നല്‍കും.