12 Aug 2024 2:40 AM GMT
Summary
- അന്വേഷണം സംബന്ധിച്ച് കാലാകാലങ്ങളില്‍ സെബി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു
- വൈരുധ്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ സെബി ചെയര്‍പേഴ്സണ്‍ പിന്മാറിയിരുന്നു
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തിയതായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അറിയിച്ചു.
ചെയര്‍പേഴ്സണ്‍ മാധബി ബുച്ച് കാലാകാലങ്ങളില്‍ പ്രസക്തമായ വെളിപ്പെടുത്തലുകള്‍ നടത്തുകയും താല്‍പ്പര്യ വൈരുധ്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ സ്വയം പിന്മാറുകയും ചെയ്തു, റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായി അന്വേഷിച്ചിട്ടുണ്ടെന്നും തങ്ങളുടെ 26 അന്വേഷണങ്ങളില്‍ അവസാനത്തേത് ഇപ്പോള്‍ പൂര്‍ത്തിയാകുകയാണെന്നും റെഗുലേറ്റര്‍ പറഞ്ഞു.
നേരത്തെ, സെബി ചെയര്‍ പേഴ്‌സണ്‍ മാധബി ബുച്ചും ഭര്‍ത്താവ് ധാവലും ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ ഷോര്‍ട്ട് സെല്ലര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററിന്റെ വിശ്വാസ്യതയെ ആക്രമിക്കുകയാണെന്നും ചെയര്‍പേഴ്സ്‌ന്റെ സ്വഭാവഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും പറഞ്ഞു.
അദാനി ഗ്രൂപ്പിന് എതിരെ നടപടിയെടുക്കാന്‍ സെബി തയ്യാറാവാത്തത് ബുച്ചിന് ഓഫ്ഷോര്‍ ഫണ്ടുകളില്‍ കമ്പനിയുമായി ബന്ധമുള്ളതിനാല്‍ ആയിരിക്കാമെന്ന് സംശയിക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.