28 March 2023 5:04 PM
Summary
മാർച്ച് 31 ആയിരുന്നു നോമിനിയെ ചേർക്കുന്നതിനുള്ള അവസാന തീയതി
ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളിൽ നോമിനിയെ ചേർക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെ നീട്ടി. 2021 ജൂലൈ 23 നാണ് ഡീമാറ്റ് അക്കൗണ്ടുകളിൽ നോമിനിയെ ചേർക്കുന്നതിനുള്ള മാനദണ്ഡം നിർബന്ധമാക്കി കൊണ്ടുള്ള പ്രസ്താവന സെബി ഇറക്കിയത്.
ഒക്ടോബർ 1 ന് ശേഷം ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നവരടക്കം എല്ലാ നിലവിലുള്ള നിക്ഷേപകരും അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ നോമിനിയെ 2022 മാർച്ച് 31 ന് മുൻപായി ചേർക്കണമെന്നായിരുന്നു സർക്കുലർ. നോമിനിയെ ചേർക്കാത്ത പക്ഷം ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ 2022 ഫെബ്രുവരി 24 ന് പ്രസിദ്ധികരിച്ച സർക്കുലറിൽ തിയതി 2023 മാർച്ച് 31 ലേക്ക് നീട്ടുകയായിരുന്നു.
നോമിനിയെ ചേർക്കുന്നത് ആവശ്യപ്പെട്ടുകൊണ്ട് എസ് എം എസ്, ഇമെയിൽ മുതലായ മാർഗങ്ങളിലൂടെ എല്ലാ ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും സന്ദേശം അയക്കുന്നതിനും സെബി, സ്റ്റോക്ക് ബ്രോക്കർ, ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് മുതലായവർക്ക് നിർദേശം നൽകിയിരുന്നു.