3 April 2024 11:01 AM GMT
Summary
- പരാതികള്‍ക്ക് പരിഹാരം കാണാനുള്ള വെബ്‌സൈറ്റും ആപ്ലിക്കേഷനും 2011 ജൂണിലാണ് സെബി അവതരിപ്പിക്കുന്നത്
- ഉപഭോക്തൃ സൗഹൃദമാണ് പുതിയ സംവിധാനമെന്നാണ് സെബിയുടെ അഭിപ്രായം
- പരാതിപരിഹാരത്തിന് നിശ്ചിത ടൈംലൈനുകള്‍ നിശ്ചയിച്ചിട്ടുണ്ട്
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ക്കായി നവീകരിച്ച പരാതി പരിഹാര സംവിധാനം സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരുന്നു. സെബി കംപ്ലയിന്റ് റിഡ്രസ് സിസ്റ്റം (സ്‌കോര്‍സ്) 2.0 എന്നതാണ് പുതുക്കിയ പ്ലാറ്റ്‌ഫോമിന്റെ പേര്.
എന്താണ് പ്രത്യേകത
ഓട്ടോ റൂട്ടിംഗ്, ഓട്ടോ എസ്‌കലേഷന്‍, നിര്‍ദ്ദിഷ്ട അധികാരികളുടെ നിരീക്ഷണം, പരാതിപരിഹാരത്തിന്റെ സമയം കുറയ്ക്കല്‍ എന്നിവയെല്ലാം ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. ഓഹരി വിപണിയിലുടനീളമുള്ള നിക്ഷേപകരുടെ പരാതി പരിഹരിക്കാനുള്ള പുതിയ സംവിധാനം കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാണെന്നാണ് സെബിയുടെ അഭിപ്രായം. ഓണ്‍ലൈനായി നിക്ഷേപകരുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള വെബ്‌സൈറ്റും ആപ്ലിക്കേഷനും 2011 ജൂണിലാണ് സെബി അവതരിപ്പിക്കുന്നത്.
പുതിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരാതിപരിഹാരത്തിന് നിശ്ചിത ടൈംലൈനുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതായത് പരാതി നല്‍കി 21 ദിവസത്തിനുള്ളിലാണ് പരാതിപരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, ആദ്യത്തെ തീരുമാനത്തില്‍ തൃപ്തമല്ലെങ്കില്‍ സെബിയുടെ അവലോകനത്തിന് സമര്‍പ്പിക്കാന്‍ അവസരമുണ്ട്. പുതിയ പതിപ്പ് കെവൈസി രിജസ്‌ട്രേഷന്‍ എജന്‍സിയുടെ ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സ്‌കോറിലെ രിജസ്‌ട്രേഷന്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
പരാതികള്‍ സമര്‍പ്പിക്കുന്നത് എങ്ങനെ?
- ആദ്യം സ്‌കോറില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനായി https://scores.sebi.gov.in/ എന്ന വെബ്‌സൈറ്റില്‍ കയറി സൈന്‍ അപ് ചെയ്യണം. കെവൈസി വിവരങ്ങള്‍ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.
- പരാതി നല്‍കാന്‍ ഇന്‍വെസ്റ്റര്‍ കോര്‍ണറില്‍ പ്രവേശിച്ച് കംപ്ലയിന്റ് രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ നല്‍കാം.
- പരാതിയുടെ വിശദാംശങ്ങള്‍ നല്‍കണം
- പരാതിയെ പിന്തുണയ്ക്കുന്ന രേഖകളുണ്ടെങ്കില്‍ അത് പിഡിഎഫ് രൂപത്തില്‍ നല്‍കാം.
- പരാതി വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഒരു യൂണീക് രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇത് മുന്നോട്ടുള്ള സേവനങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം.
- ഏത് വിഭാഗത്തില്‍പെട്ട പരാതിയാണ്, സ്ഥാപനത്തിന്റെ പേര്, പരാതിയുടെ സ്വഭാവം എന്നിവയും നല്‍കണം
- പരാതിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട മെസേജുകള്‍ ഓട്ടോമാറ്റിക്കായി കൃത്യസമയങ്ങളില്‍ പരാതിക്കാരന് ലഭിക്കും. അതുമല്ലെങ്കില്‍ പരാതിക്കാരന് പരാതി ട്രാക്ക് ചെയ്യാനും അവസരമുണ്ട്.