image

24 July 2024 2:25 PM GMT

Market

കരുത്തോടെ റബര്‍; തളര്‍ന്ന് കുരുമുളക്

MyFin Desk

കരുത്തോടെ റബര്‍; തളര്‍ന്ന് കുരുമുളക്
X

Summary

  • ഏഷ്യന്‍ റബറിന് കരുത്ത് പകര്‍ന്നത് കേരളത്തിലും ഷീറ്റ് വില ഉയരാന്‍ അവസരം ഒരുക്കി
  • തായ്‌ലന്റില്‍ വീണ്ടും കനത്ത മഴയില്‍ ടാപ്പിങിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ട്
  • ഇടനിലകാരും ഉല്‍പാദകരും വരും മാസങ്ങളില്‍ വില ഉയരുമെന്ന പ്രതീക്ഷ നിലനിര്‍ത്തുകയാണ്


ആഗോള ക്രൂഡ് ഓയില്‍ വില വര്‍ദ്ധനയും യെന്നിന്റ വിനിമയ മൂല്യത്തില്‍ സംഭവിച്ച ഇടിവും ഏഷ്യന്‍ റബറിന് കരുത്ത് പകര്‍ന്നത് കേരളത്തിലും ഷീറ്റ് വില ഉയരാന്‍ അവസരം ഒരുക്കി. ഇതിനിടയില്‍ തായ്‌ലന്റ്റില്‍ വീണ്ടും കനത്ത മഴയില്‍ ടാപ്പിങിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ട്. മാസാവസാനം വരെ മഴ തുടരുമെന്ന കാലാവസ്ഥ വിഭാഗത്തിന്റ വിലയിരുത്തല്‍ ബാങ്കോക്കില്‍ റബര്‍ വില ഉയര്‍ത്തിയേക്കും. കേരളത്തില്‍ രണ്ട് ദിവസമായി തെളിഞ്ഞ കാലാവസ്ഥ മുന്‍ നിര്‍ത്തി റബര്‍ വെട്ടിന് കര്‍ഷകര്‍ ഉത്സാഹിച്ചെങ്കിലും വിപണികളില്‍ ചരക്ക് വരവ് ഉയര്‍ന്നില്ല. നാലാം ഗ്രേഡ് കിലോ 215 രൂപയില്‍ വിപണനം നടന്നു.

കുരുമുളക് വിപണി തുടര്‍ച്ചയായ രണ്ടാം വാരത്തിലും തളര്‍ന്നു. പ്രതിദിനം ക്വിന്റ്റലിന് 100 രൂപവീതം കുറഞ്ഞങ്കിലും ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് വില്‍പ്പനയ്ക്ക് താല്‍പര്യം കാണിച്ചില്ല. ഇടനിലകാരും ഉല്‍പാദകരും വരും മാസങ്ങളില്‍ വില ഉയരുമെന്ന പ്രതീക്ഷ നിലനിര്‍ത്തുകയാണ്. ഒരു മാസമായുള്ള വില ഇടിവിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 8100 ഡോളറായി താഴ്ന്നു. ഇതിനിടയില്‍ ശ്രീലങ്കന്‍ കുരുമുളക് ഇറക്കുമതി നടത്തിയവര്‍ ഉത്തരേന്ത്യയില്‍ കൊച്ചി വിപണി വിലയ്ക്ക് ചരക്ക് വിറ്റുമാറാന്‍ തിടുക്കം കാണിച്ചു.

ഹൈറേഞ്ചില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ ആകെ 15,608 കിലോഗ്രാം ചരക്ക് മാത്രമാണ് വില്‍പ്പനയ്ക്ക് വന്നത്. ഇതില്‍ 15,277 കിലോയും വാങ്ങലുകാര്‍ ശേഖരിച്ചു. തലേദിവസം നടന്ന ലേലത്തിലെ ചരക്ക് വരവിലും അന്പത് ശതമാനം കുറഞ്ഞത് വിലക്കയറ്റം സൃഷ്ടിക്കുമെന്ന് ഉല്‍പാദകര്‍ കണക്ക് കൂട്ടിയെങ്കിലും ശരാശരി ഇനങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന വില 2320 രൂപ മാത്രമാണ്. മികച്ചയിനങ്ങള്‍ 3130 രൂപയില്‍ ഇടപാടുകള്‍ നടന്നു.

കരുത്തോടെ റബര്‍; തളര്‍ന്ന് കുരുമുളക്