31 July 2024 12:22 PM GMT
Summary
- തളര്‍ച്ചയുടെ ദിനങ്ങള്‍ക്ക് അവധി നല്‍കി കുരുമുളക് വീണ്ടും ശക്തിപ്രാപിക്കാനുള്ള ആദ്യ ചുവടുവെച്ചു
- ചുക്ക് വിപണി ചൂടുപിടിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു
- ഏലക്ക സംഭരിക്കാന്‍ ആഭ്യന്തര വിദേശ ഇടപാടുകാര്‍ മത്സരിക്കുന്നു
തളര്‍ച്ചയുടെ ദിനങ്ങള്‍ക്ക് അവധി നല്‍കി കുരുമുളക് വീണ്ടും ശക്തിപ്രാപിക്കാനുള്ള ആദ്യ ചുവടുവെച്ചു. മുന്നാഴ്ച്ചയില്‍ ഏറെ വില ഇടിവിനെ അഭിമുഖീകരിച്ച മുളക് വിപണി പിന്നിട്ട മൂന്ന് ദിവസങ്ങളില്‍ ഉയര്‍ന്നത് ഇടപാടുകാര്‍ക്കും ഉല്‍പാദകര്‍ക്കും ആശ്വാസം പകര്‍ന്നു. നാടന്‍ കുരുമുളകിന് ക്ഷാമമുള്ളതിനാല്‍ വില ഉയര്‍ത്താതെ ചരക്ക് ലഭിക്കില്ലെന്ന് അന്തസംസ്ഥാന വാങ്ങലുകാര്‍ക്ക് വ്യക്തമായി. ഉത്സവ സീസണ്‍ അടുത്തതോടെ നിത്യേനെ കുരുമുളകിന് അന്വേഷണങ്ങള്‍ എത്തി. ഇറക്കുമതി ചരക്കിന് ഗുണനിലവാരം കുറഞ്ഞതിനാല്‍ വിദേശ മുളകിന് ആവശ്യകാര്‍ കുറവാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 65, 200 രൂപയില്‍ വിപണനം നടന്നു.
ചുക്ക് വിപണി ചൂടുപിടിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. വരും ദിവസങ്ങളില്‍ ഉല്‍പ്പന്നത്തിന് കൂടുതല്‍ ആവശ്യകാര്‍ എത്താന്‍ ഇടയുണ്ടെന്ന സൂചനയാണ് വിപണി വൃത്തങ്ങളില്‍ നിന്നും ലഭ്യമാവുന്നത്. പച്ച ഇഞ്ചി വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഉല്‍പാദകര്‍ കൂടിയ വിലയാണ് ഇഞ്ചിക്ക് ആവശ്യപ്പെടുന്നത്.
ഏലക്ക സംഭരിക്കാന്‍ ആഭ്യന്തര വിദേശ ഇടപാടുകാര്‍ മത്സരിക്കുന്നു. തേക്കടിയില്‍ നടന്ന ജൂലൈയിലെ അവസാന ഏലക്ക ലേലത്തിന് എത്തിയ 40,438 കിലോ ഗ്രാം ഏലക്കയില്‍ 39,667 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങള്‍ കിലോ 2624 രൂപയിലും ശരാശരി ഇനങ്ങള്‍ 2206 രൂപയിലും ഇടപാടുകള്‍ നടന്നു.
ചിങ്ങമാസത്തിലെ ഡിമാന്റ് മുന്നില്‍ കണ്ട് കൊപ്രയാട്ട് വ്യവസായികള്‍ വെളിച്ചെണ്ണ വില ഉയര്‍ത്തുകയാണ്. എന്നാല്‍ കൂടിയ വിലയ്ക്ക് കൊപ്ര ശേഖരിക്കാന്‍ അവര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് കര്‍ഷകര്‍. കൊച്ചിയില്‍ എണ്ണ വില ക്വിന്റ്റലിന് 200 രൂപ ഉയര്‍ന്നു.