18 March 2024 12:48 PM GMT
Summary
- പോര്‍ട്ട്‌ഫോളിയോയുടെ 50 ശതമാനം, 25 ശതമാനം എന്നിങ്ങനെ ലിക്വിഡേറ്റ് ചെയ്യാന്‍ ആവശ്യമായ ദിവസം പരാമര്‍ശിച്ചാണ് സെബി സ്‌ട്രെസ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.
- നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഒരു നയം രൂപീകരിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം
- ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കുമ്പോള്‍ സ്‌മോള്‍ക്യാപ് വിഭാഗത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ്പ്
മ്യൂച്വല്‍ ഫണ്ട് (എംഎഫ്) ഹൗസുകള്‍ക്കായി സെബി നിര്‍ദ്ദേശിച്ച സ്‌ട്രെസ് ടെസ്റ്റ് റിപ്പോര്‍ട്ട ഈ ദിവസങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ അവരുടെ മിഡ് ആന്‍ഡ് സ്‌മോള്‍ ക്യാപ് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയുടെ 50 ശതമാനം, 25 ശതമാനം എന്നിങ്ങനെ ലിക്വിഡേറ്റ് ചെയ്യാന്‍ ആവശ്യമായ ദിവസം പരാമര്‍ശിച്ചാണ് സെബി സ്‌ട്രെസ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. വിപണിയിലെ തകര്‍ച്ചയുടെയും വീണ്ടെടുപ്പിന്റെയും സമയത്ത് നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഒരു നയം രൂപീകരിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.
ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കുമ്പോള്‍ സ്‌മോള്‍ക്യാപ് വിഭാഗത്തിലെ ഏറ്റവും വലിയ പദ്ധതിയായ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ്പിന് 50 ശതമാനം പോര്‍ട്ട്‌ഫോളിയോ ലിക്വിഡേറ്റ് ചെയ്യാന്‍ 27 ദിവസമെടുക്കും, അതേസമയം സ്‌മോള്‍കാപ്പ് വിഭാഗത്തിലെ ഏറ്റവും ചെറിയ പദ്ധതിയായ ക്വാണ്ടം സ്‌മോള്‍കാപ്പ് ഫണ്ടിന് ഒരു ദിവസത്തിനുള്ളില്‍ പോര്‍ട്ട്‌ഫോളിയോ ഹോള്‍ഡിംഗിന്റെ 100 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവിധ ഫൗണ്ട് ഹൗസുകളുടെ ടെസ്റ്റിന്റെ വിശദാംശങ്ങളൊന്ന് പരിശോധിക്കാം.
എസ്ബിഐ മ്യൂച്വല്‍ ഫണ്ട്
എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസിന് 50 ശതമാനം സ്‌മോള്‍ കാപ് ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ 60 ദിവസം വേണം. 25 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ 30 ദിവസവും വേണം. മിഡ് കാപ് ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ യഥാക്രമം 24 ദിവസവും 12 ദിവസവുമാണ് വേണ്ടത്.
എസ്ബിഐ മിഡ്കാപ് ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 2024 ഫെബ്രുവരി വരെ 16,467 കോടി രൂപയാണ്. സ്‌മോള്‍ കാപ് ഫണ്ടിന്റേത് 25,533 കോടി രൂപയും.
എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്
എച്ച്ഡിഎഫ്‌സി എഎംസിക്ക് മിഡ്കാപ് ഫണ്ടുകള്‍ 50 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ടത് 23 ദിവസമാണ്. 25 ശതമാനത്തിന് വേണ്ടത് 12 ദിവസവും. സ്‌മോള്‍ കാപ് ഫണ്ടുകളാണെങ്കില്‍ ഇത് 42, 21 ദിവസമാകും.
എച്ച്ഡിഎഫ്‌സി മിഡ്കാപ് ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 60,187 കോടി രൂപയാണ്. സ്‌മോള്‍ കാപ് ഫണ്ടിന്റേത് 28,599 കോടി രൂപയും.
കൊട്ടക് മ്യൂച്വല്‍ ഫണ്ട്
കൊട്ടക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട്, കൊട്ടക് സ്‌മോള്‍ കാപ് ഫണ്ട് എന്നിവയുടെ 50 ശതമാനം ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ യഥാക്രമം 34, 33 ദിവസങ്ങള്‍ വേണം. ഇരുപത്തിയഞ്ച് ശതമാനം ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ഇരു ഫണ്ടുകള്‍ക്കും വേണ്ടത് 17 ദിവസമാണ്.
കൊട്ടക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട് മിഡികാപ് വിഭാഗത്തിലെ രണ്ടാമത്തെ വലിയ അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്. മിഡ്കാപ് വിഭാഗത്തിലെ ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 39,732 കോടി രൂപയാണ്. സ്‌മോള്‍ കാപ് വിഭാഗത്തിലെ ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 14,189 കോടി രൂപയാണ്.
നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്
നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഹൗസിന് സ്‌മോള്‍ കാപ് പോര്‍ട്ട്‌ഫോളിയോയുടെ 50 ശതമാനം, 25 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ടത് ഏഴ്, നാല് ദിവസങ്ങളാണ്. മിഡ്കാപ് പോര്‍ട്ട്‌ഫോളിയോ ലിക്വിഡേറ്റ് ചെയ്യുകയാണെങ്കില്‍ 50 ശതമാനത്തിന് 27 ദിവസവും 25 ശതമാനത്തിന് 13 ദിവസവും വേണം. ഫണ്ട് ഹൗസ് സ്‌മോള്‍ കാപ് വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 46,044.13 കോടി രൂപയും മിഡ്കാപ് വിഭാഗത്തില്‍ 24,480.78 കോടി രൂപയുമാണ്.
ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്
ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ടിന്റെ 50 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ 28 ദിവസം, 25 ശതമാനത്തിന് 14 ദിവസം എന്നിങ്ങനെയാണ് വേണ്ടത്. മിഡ് കാപിലേക്ക് എത്തുമ്പോള്‍ ഇത് യഥാക്രമം 12, ആറ് എന്നിങ്ങനെ വരും.
ഫണ്ട് ഹൗസിലെ സ്‌മോള്‍ കാപ് വിഭാഗം കൈകാര്യം ചെയ്യുന്ന ആസ്തി 19604.03 കോടി രൂപയാണ്. മിഡ് കാപിലേത് 25247.94 കോടി രൂപയാണ്.
ക്വാന്റ് മ്യൂച്വല്‍ ഫണ്ട്
്ക്വാന്റ് സ്‌മോള്‍ കാപ് ഫണ്ട് ലിക്വിഡേറ്റ് ചെയ്യാന്‍ 50 ശതമാനത്തിന് 22 ദിവസ വും 25 ദിവസത്തിന് 11 ദിവസവുമാണ് വേണ്ടത്. മിഡ്കാപ് വിഭാഗത്തിലേക്ക് എത്തുമ്പോള്‍ 50 ശതമാനം ഫണ്ട് ലിക്വിഡേറ്റ് ചെയ്യാന്‍ ആറ് ദിവസവും 25 ശതമാനത്തിന് മൂന്ന് ദിവസവുമാണ് വേണ്ടത്. ക്വാന്റ് സ്‌മോള്‍ കാപ് വിഭാഗം കൈകാര്യം ചെയ്യുന്ന ആസ്തി 17232.82 കോടി രൂപയും മിഡ്കാപിലേത് 5443.14 കോടി രൂപയുമാണ്.
എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട്
എച്ച്എസ്ബിസി ഫണ്ട് ഹൗസിനു കീഴിലുള്ള സ്‌മോള്‍ കാപ് ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ 50 ശതമാനത്തിന് വേണ്ടത് 14.5 ദിവസവും 25 ശതമാനത്തിന് 7.25 ദിവസവുമാണ്. മിഡ്കാപ് ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ഇതേ കാലയളവില്‍ വേണ്ടത് യഥാക്രമം ഏഴ് ദിവസവും 3.5 ദിവസവുമാണ്.
സ്‌മോള്‍ കാപ് വിഭാഗത്തിലെ ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 13743.91 കോടി രൂപയും മിഡ്കാപ് വിഭാഗത്തില്‍ 9722.18 കോടി രൂപയുമാണ്.
ഡിഎസ്പി ഫണ്ട് ഹൗസ്
ഡിഎസ്പി ഫണ്ട് ഹൗസിന്റെ സ്‌മോള്‍ കാപ്, മിഡ്കാപ് ഫണ്ടുകളുടെ 50 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ടത് യഥാക്രമം 32 ദിവസവും 17 ദിവസവുമാണ് 25 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ടത്. ഈ ഫണ്ട് ഹൗസിന്റെ സ്‌മോള്‍ കാപ് വിഭാഗത്തിലെ കൈകാര്യം ചെയ്യുന്ന ആസ്തി 13702.68 കോടി രൂപയും മിഡ്കാപിന്റേത് 16302.06 കോടി രൂപയുമാണ്.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്
ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ സ്‌മോള്‍ കാപ് ഫണ്ടിലെ 50 ശതമാനം ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ട സമയം 12 ദിവസമാണ്. 25 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ടത് ആറ് ദിവസമാണ്. മിഡ്കാപ് വിഭാഗത്തിലെ 50 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ വേണ്ടത് നാല് ദിവസമാണ്. 25 ശതമാനത്തിന് വേണ്ടത് രണ്ട് ശതമാനമാണ്. സ്‌മോള്‍ കാപ് വിഭാഗത്തിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 11825.26 കോടി രൂപയും മിഡ് കാപില്‍ 10179.3 കോടി രൂപയുമാണ്.
കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ട്
കാനറ റൊബോക്കോ ഫണ്ട് ഹൗസിന്റെ സ്‌മോള്‍ കാപ് വിഭാഗത്തിലെ 50 ശതമാനം ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ 13.49 ദിവസവും 25 ശതമാനത്തിന് 6.74 ദിവസവും വേണം. മിഡ്കാപ് വിഭാഗത്തിലാണെങ്കില്‍ ഇത് 1.6 ദിവസവും 0.8 ദിവസവുമാണ്. ഇരു വിഭാഗങ്ങളിലെയും കൈകാര്യം ചെയ്യുന്ന ആസ്തി യഥാക്രമം 9586.3 കോടി രൂപയും 2041.39 കോടി രൂപയുമാണ്.