image

16 Jan 2024 7:31 AM GMT

Mutual Funds

ഓള്‍ഡ് ബ്രിഡ്ജ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് എന്‍ഫ്ഒ ജനുവരി 17 മുതല്‍

MyFin Desk

old bridge focused equity fund nfo from january 17
X

Summary

  • ദീര്‍ഘകാലത്തില്‍ മൂലധന നേട്ടമാണ് ഫണ്ടിന്റെ ലക്ഷ്യം.
  • കുറഞ്ഞ എസ്‌ഐപി നിക്ഷേപം 2500 രൂപയാണ്.
  • മുപ്പതോളം മള്‍ട്ടി കാപ് കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം.


ഓള്‍ഡ് ബ്രിഡ്ജ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നുള്ള ഇക്വിറ്റി ഫണ്ട് ഓള്‍ഡ് ബ്രിഡ്ജ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) പ്രഖ്യാപിച്ചു. ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി നിക്ഷേപ പദ്ധതിയാണിത്. ജനുവരി 17ന് ആരംഭിക്കുന്ന എന്‍എഫ്ഒ ജനുവരി 19 ന് അവസാനിക്കും. ഫണ്ടിലെ ആദ്യത്തെ കുറഞ്ഞ എസ്‌ഐപി നിക്ഷേപം 2500 രൂപയാണ്. അതിനുശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ലംപ്‌സം ആയി നിക്ഷേപം നടത്തുന്നവര്‍ക്ക് കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്.

പദ്ധതിയുടെ ബെഞ്ച്മാര്‍ക്ക് സൂചിക എസ്ആന്‍ഡ്പി 500 ടിആര്‍ഐയാണ്. മുപ്പതോളം മള്‍ട്ടി കാപ് കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ദീര്‍ഘകാലത്തില്‍ മൂലധന നേട്ടമാണ് ഫണ്ടിന്റെ ലക്ഷ്യം. നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുള്ള കമ്പനികളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള അവസരമാണ് ലഭിക്കുന്നതെന്നാണ് ഫണ്ട് മാനേജര്‍മാരുടെ അഭിപ്രായം.

ഓഹരികളിലും ഓഹരിയനുബന്ധ ഉപകരണങ്ങളിലുമായി 65 ശതമാനം മുതല്‍ 100 ശതമാനം വരെ, ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങളില്‍ 10 ശതമാനം മുതല്‍ 35 ശതമാനം വരെ, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (റെയിറ്റ്), ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്) എന്നിവയില്‍ പൂജ്യം മുതല്‍ 10 ശതമാനം വരെ എന്നിങ്ങനെയാണ് നിക്ഷേപ സ്ട്രാറ്റജി.

കെന്നത്ത് ആന്‍ഡ്രേഡ്, തരംഗ് അഗര്‍വാള്‍ എന്നിവയാണ് ഫണ്ട് മാനേജര്‍മാര്‍. റിസ്‌കോ മീറ്ററില്‍ ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയിലാണ് ഫണ്ട് വരുന്നത്. ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന് എന്‍ട്രി ലോഡ് ഇല്ല. എന്നാല്‍, നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡുണ്ട്. ഒരു വര്‍ഷത്തിനുശേഷമാണ് പിന്‍വലിക്കലെങ്കില്‍ എക്‌സിറ്റ് ലോഡില്ല.

ക്വാണ്ടം ഫോക്കസ്ഡ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫോക്കസ്ഡ് ഫണ്ട്, എച്ച്ഡിഎഫ്‌സി ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍ വരുന്ന മറ്റ് ഫണ്ടുകളാണ്.