4 May 2024 9:19 AM GMT
കെവൈസി വെരിഫിക്കേഷന്‍ തടസപ്പെടുന്നു; മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാവാതെ ഇക്കൂട്ടര്‍
MyFin Desk
Summary
- ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അല്ലെങ്കില്‍ യൂട്ടിലിറ്റി ബില്ലുകള്‍ പോലുള്ള ചില രേഖകള്‍ കെവൈസി പ്രക്രിയ്ക്ക് സാധുതയുള്ള രേഖകളായി കണക്കാക്കപ്പെടില്ല
- അന്താരാഷ്ട്ര നമ്പറുകളിലേക്കുള്ള ഒടിപി വിതരണത്തിന്റെ അഭാവമുണ്ട്.
- കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് നിക്ഷേപ അവസരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്
ഇന്ത്യന്‍ ഓഹരി വിപണി പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) ആകര്‍ഷകമായ നിക്ഷേപ ഓപ്ഷനായി മാറിയിട്ട് കുറച്ചു കാലമായി. പക്ഷേ, മ്യൂച്വല്‍ ഫണ്ട് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) യുടെ ചട്ടങ്ങളില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ പുതിയ എന്‍ആര്‍ഐ, ഒസിഐ നിക്ഷേപകര്‍ക്ക് ഓഹരി വിപണി പ്രവേശനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. നിലവിലുള്ള പ്രവാസി നിക്ഷേപകരെയും ഇത് ബാധിച്ചിട്ടുണ്ട്.
ഏപ്രില്‍ 1 ന് പ്രാബല്യത്തില്‍ വന്ന പുതിയ മ്യൂച്വല്‍ ഫണ്ട് കെവൈസി മാനദണ്ഡങ്ങളനുസരിച്ച് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അല്ലെങ്കില്‍ യൂട്ടിലിറ്റി ബില്ലുകള്‍ പോലുള്ള ചില രേഖകള്‍ കെവൈസി പ്രക്രിയ്ക്ക് സാധുതയുള്ള രേഖകളായി കണക്കാക്കപ്പെടില്ല. പുതിയ കെവൈസി നിയമങ്ങള്‍ കാരണം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതില്‍ എന്‍ആര്‍ഐകളും ഒസിഐകളും (ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍സ്) നേരിടുന്ന പ്രശ്‌നങ്ങള്‍ ഇനിപ്പറയുന്നവയാണ്:
ആധാര്‍ ലിങ്ക് ചെയ്യുന്നതിലെ പരാജയം: പ്രവാസികള്‍ക്ക് ആധാര്‍ നമ്പര്‍ ഉണ്ടെങ്കിലും 7 ശതമാനം പേര്‍ മാത്രമാണ് ഇത് ഇന്ത്യയിലെ മൊബൈല്‍ നമ്പറുമായി വിജയകരമായി ലിങ്കു ചെയ്തിട്ടുള്ളത്. ആധാര്‍ സാധൂകരണത്തിന് പലപ്പോഴും ഒടിപി പരിശോധന ആവശ്യമുള്ളതിനാല്‍ ഇത് ഒരു പ്രധാന തടസ്സമാണ്. സജീവമായ ഇന്ത്യന്‍ മൊബൈല്‍ കണക്ഷനുണ്ടെങ്കിലെ ഇത് സാധ്യമാകൂ.
ഒടിപി വെരിഫിക്കേഷനിലെ വെല്ലുവിളികള്‍: നമ്പര്‍ നിഷ്‌ക്രിയമാകല്‍, സന്ദേശ വിതരണ പരാജയങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ കാരണം വെറും മൂന്ന് ശതമാനം എന്‍ആര്‍ഐകള്‍ക്ക് മാത്രമാണ് അവരുടെ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളില്‍ ഒടിപി ലഭിക്കുന്നത്. തല്‍ഫലമായി, കേന്ദ്രീകൃത കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സി (സികെവൈസി) വെബ്‌സൈറ്റ് വഴി കെവൈസി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനോ ക്രെഡന്‍ഷ്യലുകള്‍ സാധൂകരിക്കാനോ ഉള്ള ശ്രമങ്ങള്‍ തടസപ്പെടും.
അന്താരാഷ്ട്ര നമ്പര്‍ നിയന്ത്രണങ്ങള്‍: പല എന്‍ആര്‍ഐകളും അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ളതു കാരണം ചില അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമായി (എഎംസി) കെവൈസി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മറ്റ് മുന്‍നിര കെആര്‍എകളുമായി (കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികള്‍) ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയിലും, അന്താരാഷ്ട്ര നമ്പറുകളിലേക്കുള്ള ഒടിപി വിതരണത്തിന്റെ അഭാവമുണ്ട്.ഇത് കെവൈസി സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
ഈ വെല്ലുവിളികള്‍ എന്‍ആര്‍ഐകളെ നിരാശരാക്കുകയും ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള അവരുടെ താല്‍പര്യത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് നിക്ഷേപ അവസരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്.