30 March 2024 10:04 AM GMT
മ്യൂച്വല്‍ ഫണ്ട നിക്ഷേപകനാണോ? കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ഇക്കാര്യം ചെയ്യണം
MyFin Desk
Summary
- കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച് 31 നകം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം
- ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയായാരുന്നു സാധുതയുള്ള രേഖകള്‍
- പുതിയ നിക്ഷേപകര്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യണം
നിലവില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ അവരുടെ കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച് 31 നകം ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം. കെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ എസ്‌ഐപി, എസ്ഡബ്ല്യുപി തുടങ്ങിയ ഇടപാടുകള്‍ നടത്താനാവില്ലെന്നും മ്യൂച്വല്‍ ഫണ്ടുകളുടെ റിഡംപ്ഷന്‍ സാധ്യമല്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികളിലൊന്നായ സിഡിസിഎസ്എല്‍ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം അയച്ച അറിയിപ്പില്‍ നിലവിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ റി-കെവൈസി അപ്‌ഡേഷന്‍ ചെയ്തില്ലെങ്കിലും ഇടപാടുകള്‍ നടത്താമെന്ന് വ്യക്തമാക്കിയിരുന്നു.
സാധുതയുള്ള രേഖകളുപയോഗിച്ചല്ല കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ അത് പരാജയപ്പെടുകയും ഏപ്രില്‍ ഒന്നുമുതല്‍ മ്യൂച്വല്‍ ഫണ്ട് ഇപാടുകള്‍ നടത്തുന്നതില്‍ നിന്നും നിക്ഷേപകരെ വിലക്കുകയും ചെയ്യുമെന്ന മുന്‍പത്തെ നിര്‍ദ്ദേശത്തില്‍ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയായാരുന്നു സാധുതയുള്ള രേഖകള്‍. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവയെ സാധുതയുള്ള രേഖകളായി അംഗീകരിച്ചിരുന്നില്ല.
പുതിയ നിര്‍ദ്ദേശമനുസരിച്ച്, നിലവിലുള്ള നിക്ഷേപകര്‍ അവരുടെ കെവൈസി അപ്‌ഡേഷന്‍ വീണ്ടും ചെയ്യേണ്ടതില്ലെങ്കിലും കെവൈസി രേഖകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ വാലിഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ നിക്ഷേപകന്റെ കെവൈസി താത്ക്കാലികമായി മരവിപ്പിക്കും. ഈ വിവരങ്ങള്‍ സാധൂകരിക്കുന്നതിന് നിക്ഷേപകര്‍ അവരുടെ പാനും മറ്റു വിവരങ്ങളും നല്‍കണം. പരിശോധനയ്ക്കു ശേഷം നടപടി പൂര്‍ത്തിയാക്കാന്‍ ഒരു സന്ദേശമോ ഒടിപിയോ ലഭിക്കും.