image

29 Feb 2024 11:14 AM GMT

Mutual Funds

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകൾ: നിക്ഷേപകരെ സംരക്ഷിക്കാൻ പുതിയ നയം വരുന്നു

MyFin Desk

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകൾ: നിക്ഷേപകരെ സംരക്ഷിക്കാൻ പുതിയ നയം വരുന്നു
X

Summary

  • സെബി ഈ വിഭാഗത്തില്‍ നിക്ഷേപം നടത്തുന്ന സ്‌കീമുകളിലേക്കുള്ള തുടര്‍ച്ചയായ പണമൊഴുക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടിയിരുന്നു.
  • 2023 ലെ ജനുവരി-ഡിസംബര്‍ കാലയളവിലെ സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ 41,035 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.
  • സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എഎംസികളുടെ പട്ടിക നീളുകയാണ്.


സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ്, മിഡ്ക്യാപ് വിഭാഗങ്ങളിലെ നിക്ഷേപകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നയം രൂപീകരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) അസറ്റ് മാനേജ്‌മെന്റ് കമ്പനികളോട് (എഎംസി) ആവശ്യപ്പെട്ടു.

ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഈ വിഭാഗത്തില്‍ നിക്ഷേപം നടത്തുന്ന സ്‌കീമുകളിലേക്കുള്ള തുടര്‍ച്ചയായ പണമൊഴുക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടിയിരുന്നു ഇതിനു പിന്നാലെയാണ് ആംഫി നിര്‍ദ്ദേശവുമായി രംഗത്ത് വന്നത്.

ഉയര്‍ന്ന വില്‍പ്പനയിലേക്ക് മാറിയാല്‍

'വിപണിയിലെ സ്‌മോള്‍, മിഡ്ക്യാപ് വിഭാഗങ്ങളിളെ മികച്ച പ്രകടനവും അതുമൂലം മ്യൂച്വല്‍ ഫണ്ടുകളുടെ സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സ്‌കീമുകളിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപ ഒഴുക്കും കണക്കിലെടുത്ത്, ട്രസ്റ്റികള്‍ എഎംസികളുടെ യൂണിറ്റ് ഹോള്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികളുമായി കൂടിയാലോചിച്ച് എല്ലാ നിക്ഷേപകരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഒരു നയം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം' എന്നാണ് ആംഫി എഎംസികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. കത്ത് ലഭിച്ച് 21 ദിവസത്തിനുള്ളില്‍ ഈ പോളിസി ട്രസ്റ്റികള്‍ അംഗീകരിക്കുകയും ഓരോ എഎംസികളുടെയും വെബ് സൈറ്റില്‍ ഇത് പ്രകാരം സ്വീകരിച്ച നടപടി വെളിപ്പെടുത്തുകയും വേണം

ഇപ്പോള്‍ സ്‌മോള്‍, മിഡ് ക്യാപ് ഫണ്ടുകളിലേക്ക് ഉയര്‍ന്ന രീതിയില്‍ നിക്ഷേപം എത്തുന്നുണ്ട്. പക്ഷേ, വിപണിയില്‍ സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളുടെ കുത്തനെയൊരു വില്‍പ്പനയുണ്ടായാല്‍ അതിനെതിരെ എങ്ങനെ ഈ ഫണ്ടുകളും നിക്ഷേപകരും പിടിച്ചു നില്‍ക്കുമെന്നത് ആശങ്കയുളവാക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം.

മുന്‍പേ നടപടിയെടുത്ത് എസ്ബിഐ, നിപ്പോണ്‍

വിപണിയില്‍ കുത്തനെയുള്ള വില്‍പ്പന ഉണ്ടായാല്‍ അവര്‍ പിടിച്ചുനില്‍ക്കും. അതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അത്തരം ഫണ്ടുകള്‍ നടത്തുന്ന പരിശോധനകള്‍ അവലോകനം ചെയ്യുന്നുണ്ടെന്നുള്ള തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2023 ലെ ജനുവരി-ഡിസംബര്‍ കാലയളവിലെ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ 41,035 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയപ്പോള്‍ മിഡ് ക്യാപ് ഫണ്ടുകള്‍ 22,913 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. മറുവശത്ത്, ലാര്‍ജ്ക്യാപ് ഫണ്ടുകള്‍ 2,968 കോടി രൂപയുടെ അറ്റ വില്‍പ്പനയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

സ്‌മോള്‍ക്യാപ് ഓഹരികളിലേക്കുള്ള അനിയന്ത്രിതമായ ഒഴുക്കിനെതിരെ ജാഗ്രത ഉയര്‍ത്തി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് അടുത്തിടെ അവരുടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള ഒറ്റത്തവണ (ലംപ്‌സം) നിക്ഷേപത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എഎംസികളുടെ പട്ടിക നീളുകയാണ്.

മാര്‍ച്ച് 4 മുതലാണ് കൊട്ടക് സ്‌മോള്‍ ക്യാപ് ഫണ്ടിലേക്കുള്ള ലംപ്‌സം നിക്ഷേപത്തിനുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. 2020 ല്‍ എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ടിലേക്കുള്ള ഒറ്റത്തവണ നിക്ഷേപം സ്വീകരിക്കുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിലേക്ക് ഒറ്റത്തവണ നിക്ഷേപം സ്വീകരിക്കില്ലെന്ന് നിപ്പോണ്‍ ഇന്ത്യ ലൈഫ് അസറ്റ് മാനേജ്‌മെന്റ് 2023 ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ടാറ്റ മ്യൂച്വല്‍ ഫണ്ടും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ടാറ്റ സ്‌മോള്‍ ക്യാപ്പില്‍ ലംപ്‌സം തുക സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു.