27 Feb 2024 12:40 PM GMT
എസ്ബിഐയ്ക്കും നിപ്പോണിനും പിന്നാലെ കൊട്ടകും സ്‌മോള്‍ കാപ് ഫണ്ടുകളിലെ നിക്ഷേപത്തിന് പരിധി വെയ്ക്കുന്നു
MyFin Desk
Summary
- എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ടിലെ ഒറ്റത്തവണ നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
- സ്‌മോള്‍ കാപ് ഫണ്ടുകള്‍ ലാര്‍ജ് കാപ് ഫണ്ടുകളെക്കാള്‍ അസ്ഥിരമാണ്.
- നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ സൂചിക ഫെബ്രുവരി 21 വരെ ഒരു വര്‍ഷം അടിസ്ഥാനമാക്കി നോക്കുകയാണെങ്കില്‍ 65.8 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
വിപണി കാര്യമായ മുന്നേറിയതോടെ സ്‌മോള്‍ ക്യാപ് ഓഹരികളിലേക്കുള്ള നിക്ഷേപവും വര്‍ധിച്ചിരുന്നു. ഈ നിക്ഷേപ ഒഴിക്കിനു പിന്നാലെ കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ഹൗസ് അവരുടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള ലംപ്‌സം നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഫെബ്രുവരി 26 ലെ സര്‍ക്കുലറിലാണ് ഫണ്ട് ഹൗസ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാര്‍ച്ച് 4 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കൊട്ടക് സ്‌മോള്‍ ക്യാപ് ഫണ്ടിലേക്കുള്ള സ്വിച്ച്-ഇന്‍ ഉള്‍പ്പെടെയുള്ള യൂണിറ്റുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ താല്‍ക്കാലികമായി പരിമിതപ്പെടുത്തുന്നതായും ഹൗസ് വ്യക്തമാക്കി. നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ സമീപകാലത്തുണ്ടായ ഗണ്യമായ വര്‍ധന കണക്കിലെടുത്തും നിക്ഷേപങ്ങള്‍ ഉചിതമായി നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഈ നീക്കമെന്ന് ഫണ്ട് ഹൗസ് പറയുന്നു.
രണ്ട് ലക്ഷം രൂപ
ഫണ്ടിലേക്കുള്ള അധിക നിക്ഷേപം അല്ലെങ്കില്‍ സ്‌കീമിലെ സ്വിച്ച്-ഇന്‍ ഉള്‍പ്പെടെ ലംപ്‌സം നിക്ഷേപങ്ങളിലൂടെയുള്ള പുതിയ സബ്‌സ്‌ക്രിപ്ഷനുകള്‍ പ്രതിമാസം ഒരു പാന്‍ കാര്‍ഡിന് രണ്ട് ലക്ഷം രൂപയായി എഎംസി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്ടിപി) തുടങ്ങിയ വഴികളിലൂടെയുള്ള പുതിയ രജിസ്‌ട്രേഷനുകള്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ, ത്രൈമാസ നിക്ഷേപ പരിധി 25,000 രൂപ പരിധിയോടെ തുടരും.
നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ സൂചിക ഫെബ്രുവരി 21 വരെ ഒരു വര്‍ഷം അടിസ്ഥാനമാക്കി നോക്കുകയാണെങ്കില്‍ 65.8 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് ഹൗസിന്റെ അഭിപ്രായത്തില്‍, സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് വിഭാഗങ്ങളിലെ നിക്ഷേപം വര്‍ധിച്ചത് അവയെ ബിസിനസുകളുടെ ന്യായമായ മൂല്യത്തിനപ്പുറത്തേക്ക് കൊണ്ടുപോകുന്നുവെന്നാണ്.
സ്‌മോള്‍ കാപ് ഓഹരികളിലെ കുതിച്ചു ചാട്ടം
സ്‌മോള്‍ക്യാപ് ഓഹരികള്‍ വന്‍ കുതിച്ചുചാട്ടമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതോടെ, പല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌മോള്‍കാപ്പ് ഫണ്ടുകളിലാണ് നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. 2023 ജനുവരി-ഡിസംബര്‍ കാലയളവില്‍ സ്‌മോള്‍ കാപ് ഫണ്ടുകളില്‍ 41,035 കോടി രൂപയുടെ അറ്റ നിക്ഷേപം എത്തിയപ്പോള്‍ മിഡ്ക്യാപ് ഫണ്ടുകളില്‍ 22,913 കോടി രൂപയുടെ അറ്റ നിക്ഷേപവും ലാര്‍ജ്ക്യാപ് ഫണ്ടുകള്‍ 2,968 കോടി രൂപയുടെ അറ്റ വില്‍പ്പനയുമാണ് സംഭവിച്ചത്.
സ്‌മോള്‍ കാപ് കേന്ദ്രീകൃത പദ്ധതികളില്‍ ഒറ്റത്തവണ നിക്ഷേപത്തിനെതിരെ ഫണ്ട് ഹൗസുകള്‍ രംഗത്ത് വരുന്നത് നിക്ഷേപകര്‍ സ്‌മോള്‍ കാപ് ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ലക്ഷണമാണ്.
ജനുവരി അവസാനം വരെ 14,426 കോടി രൂപ ആസ്തിയുള്ള കൊട്ടക് സ്‌മോള്‍ കാപ് ഫണ്ട് ഈ വിഭാഗത്തിലെ ആറാമത്തെ വലിയ പദ്ധതിയാണ്. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് (45,894 കോടി രൂപ), എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് (28,607 കോടി രൂപ) എന്നിവയാണ് ഈ വിഭാഗത്തിലെ ആദ്യ രണ്ട് ഫണ്ടുകള്‍. 2021 ജനുവരി മുതല്‍ കൊട്ടക് സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 2,539 കോടി രൂപയില്‍ നിന്ന് അഞ്ചിരട്ടിയായി വളര്‍ന്നു. അതേസമയം, സജീവ സ്‌മോള്‍ക്യാപ് ഫണ്ടുകളുടെ കൈകാര്യം ചെയ്യുന്ന ആസ്തി 60,567 കോടി രൂപയില്‍ നിന്ന് നാലിരട്ടി വര്‍ദ്ധിച്ച് 2,47,549 കോടി രൂപയായി.
കൊട്ടക് ആദ്യത്തേ ആളല്ല
സ്‌മോള്‍ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ആളല്ല കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട്. 2020 സെപ്റ്റംബറില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ടിലെ ഒറ്റത്തവണ നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഫണ്ട് നിലവില്‍ 25,000 രൂപ വരെയുള്ള എസ്‌ഐപി നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിലേക്ക് ഒറ്റത്തവണ നിക്ഷേപം സ്വീകരിക്കില്ലെന്ന് 2023 ജൂലൈയില്‍ നിപ്പോണ്‍ ഇന്ത്യ ലൈഫ് അസറ്റ് മാനേജ്‌മെന്റും പ്രഖ്യാപിച്ചിരുന്നു.
പ്രകടനം
കൊട്ടക് സ്‌മോള്‍ കാപ് ഫണ്ട് യഥാക്രമം ഒരു വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നീ കാലങ്ങളില്‍ യഥാക്രമം 38 ശതമാനം, 25 ശതമാനം, 28 ശതമാനം റിട്ടേണ്‍ നല്‍കി. അതേസമയം, ഇതേ കാലയളവില്‍ ഈ വിഭാഗത്തിന്റെ ശരാശരി വരുമാനം യഥാക്രമം 51 ശതമാനം, 30 ശതമാനം, 28 ശതമാനം എന്നിങ്ങനെയായിരുന്നു.സ്‌മോള്‍ കാപ് ഫണ്ടുകള്‍ ലാര്‍ജ് കാപ് ഫണ്ടുകളെക്കാള്‍ അസ്ഥിരമാണ്. അതുകൊണ്ട് തന്നെ സ്‌മോള്‍ കാപുകളിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല നിക്ഷേപ കാഴ്ചപ്പാടും ഉയര്‍ന്ന ചാഞ്ചാട്ടത്തെ നേരിടാനാവശ്യമായ റിസ്‌ക് പ്രൊഫൈലും ഉണ്ടായിരിക്കേണ്ടതാണ്.