12 April 2024 10:46 AM GMT
Summary
- എന്‍ആര്‍ഐകള്‍ക്ക് ഇത് അല്‍പ്പം ബുദ്ധിമുട്ടാണ്
- ഫണ്ട് ഹൗസിന്റെ വെബ്സൈറ്റില്‍ അത് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം
- ഓണ്‍ലൈന്‍ കെവൈസി അപ്‌ഡേഷനാണ് കൂടുതല്‍ നല്ലതെന്നാണ് വിദഗ്ധാഭിപ്രായം
ഏപ്രില്‍ ഒന്നിനായിരുന്നു മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് അവരുടെ കെവൈസി വീണ്ടും ചെയ്യാനുള്ള അവസാന അവസരം. പക്ഷേ, ഇത് സംബന്ധിച്ച് നിക്ഷേപകര്‍ക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. കെവൈസി വീണ്ടും ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അത് നിക്ഷേപകരെ പുതിയ ഫണ്ട് ഹൗസിലെ നിക്ഷേപം, നിലവിലെ മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലെ അധിക നിക്ഷേപം എന്നിവയെ തടസപ്പെടുത്തിയേക്കാം.
ആദ്യം കെവൈസി സ്റ്റാറ്റസ് പരിശോധിക്കാം
കെവൈസി വീണ്ടും ചെയ്യേണ്ടതുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും ചിന്തിക്കുന്ന നിക്ഷേപകര്‍ ആദ്യം അവരുടെ കെവൈസി സ്റ്റാറ്റസ് എന്താണ് എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി സിവിഎല്‍ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സി (KRA) ഉപയോഗിക്കാം. അല്ലെങ്കില്‍ എന്‍ഡിഎംഎല്‍ കെആര്‍എ, കാംസ് കെആര്‍എ, കാര്‍വി കെആര്‍എ എന്നിവ ഉപയോഗിക്കാം.
അതോടൊപ്പം മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികളിലോ കെആര്‍എകളിലോ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ സാധുത കൂടി പരിശോധിക്കേണ്ടതുണ്ട്.
കെവൈസി അപ്‌ഡേഷന്‍
കെവൈസി സ്റ്റാറ്റസ് അറിഞ്ഞുകഴിഞ്ഞാല്‍, ഏതെങ്കിലും ഫണ്ട് ഹൗസിന്റെ വെബ്സൈറ്റില്‍ അത് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം അല്ലെങ്കില്‍ ഫണ്ട് ഹൗസുകളിലേതെങ്കിലുമൊന്നില്‍ ഫിസിക്കല്‍ കെവൈസി ഫോം സമര്‍പ്പിക്കാം. കെവൈസി അപ്ഡേറ്റ് ചെയ്താല്‍ അത് എല്ലാ ഫണ്ട് ഹൗസുകളിലുമുള്ള നിക്ഷേപങ്ങളിലും പ്രതിഫലിക്കും.
കെവൈസി സ്റ്റാറ്റസ് 'രജിസ്റ്റര്‍ ചെയ്തത്' എന്നാണെങ്കില്‍ അല്ലെങ്കില്‍ 'ഓണ്‍ ഹോള്‍ഡ്' എന്ന് കാണിക്കുന്നുവെങ്കില്‍. ഡിജിലോക്കര്‍ അക്കൗണ്ടില്‍ നിന്ന് നിക്ഷേപകന്റെ എംആധാര്‍ അല്ലെങ്കില്‍ ഇ-ആധാര്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ വിവരങ്ങള്‍ യുഐഡിഎഐയില്‍ നിന്ന് സാധൂകരിക്കപ്പെടുകയും കെവൈസി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
സ്റ്റാറ്റസ് 'രജിസ്റ്റര്‍' എന്നാണെങ്കില്‍, നിക്ഷേപകന് നിലവിലുള്ള ഫണ്ട് ഹൗസുകളില്‍ തുടരാം. എന്നാല്‍ വീണ്ടും കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നത് വരെ ഒരു പുതിയ ഫണ്ട് ഹൗസില്‍ നിക്ഷേപിക്കാനാകില്ല. എന്നാല്‍ വാലിഡേറ്റഡ് (സാധുത) അഥവാ 'സാധുതയുള്ളത്' എന്ന് കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം നടത്താം.
ഫൗണ്ട് ഹൗസ് വഴിയാണെങ്കില്‍
ന്ിക്ഷേപകന്‍ ഫണ്ട് ഹൗസില്‍ നേരിട്ടെത്തി രേഖകള്‍ നല്‍കിയാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ പലപ്പോഴും ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് മങ്ങിയിരിക്കുന്നത് യുഐഡിഎഐ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ കെആര്‍എയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത് കെവൈസി അപ്ഡേറ്റ് ചെയ്യാതിരിക്കാന്‍ ഇടയാക്കിയേക്കാം. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ കെവൈസി അപ്‌ഡേഷനാണ് കൂടുതല്‍ നല്ലതെന്നാണ് വിദഗ്ധാഭിപ്രായം.
എന്‍ആര്‍ഐ എന്ത് ചെയ്യും
ഇന്ത്യയില്‍ താമസക്കുന്ന നിക്ഷേപകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍ആര്‍ഐകള്‍ക്ക് ഇത് അല്‍പ്പം ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുള്ള ഒരു പ്രവാസി ഇന്ത്യക്കാരന് കെവൈസി സാധൂകരിക്കുന്നതിന് മൊബൈല്‍ നമ്പറില്‍ ഒരു OTP സ്വീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുമൂലം കെവൈസി സ്റ്റാറ്റസ് 'രജിസ്റ്റര്‍ ചെയ്തത്' ('സാധുതയുള്ളത്' അല്ല) എന്ന് കാണിക്കും.
അതിനര്‍ത്ഥം, നിക്ഷേപകന് ഇതിനകം നിക്ഷേപമുള്ള നിലവിലെ ഫണ്ട് ഹൗസുകളുമായി ഇടപാട് തുടരാം. എന്നാല്‍, ആധാര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ മറ്റൊരു സാധുവായ രേഖ ഉപയോഗിച്ചോ കെവൈസി വീണ്ടും ചെയ്യാത്തപക്ഷം, ഒരു പുതിയ ഫണ്ട് ഹൗസുമായും ഇടപാട് നടത്താന്‍ അനുവദിക്കില്ല.