image

30 April 2024 8:21 AM GMT

Mutual Funds

മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കും മുമ്പ് ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ

MyFin Desk

മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കും മുമ്പ് ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ
X

Summary

  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതിനുള്ള മ്യൂച്വല്‍ ഫണ്ട്‌സ് സഹി ഹേ കാമ്പെയ്ന്‍ പുതിയ നിക്ഷേപകരുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്
  • 2030 ഓടെ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 15 കോടിയിലധികം നിക്ഷേപകര്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
  • 'ഭാവി സാധ്യതകള്‍' മനസ്സില്‍ വച്ചുകൊണ്ട് ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തണം


ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായം ഏകദേശം 4 കോടി നിക്ഷേപകരുടേതാണ്. അതില്‍ 1.5 കോടിയിലധികം നിക്ഷേപകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നിക്ഷേപം ആരംഭിച്ചവരാണ്. ഈ നിക്ഷേപകരെല്ലാം മതിയായ വിവരങ്ങളോടെയാണോ നിക്ഷേപം ആരംഭിച്ചത്? ആവശ്യമായ ഗവേഷണം നടത്തിയാണോ ഫണ്ട് തെരഞ്ഞെടുത്തത് എന്നതെല്ലാം നിക്ഷേപകരെ സംബന്ധിച്ച് പ്രധാനമാണ്. കാരണം ഇതെല്ലാം അവരുടെ നിക്ഷേപങ്ങളില്‍ ആത്മവിശ്വാസം പുലര്‍ത്താനും ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാനും ആവശ്യമാണ്.

നിക്ഷേപിക്കും മുമ്പ് പരിഗണിക്കുന്നത് എന്തൊക്കെ?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതിനുള്ള മ്യൂച്വല്‍ ഫണ്ട്‌സ് സഹി ഹേ കാമ്പെയ്ന്‍ പുതിയ നിക്ഷേപകരുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് തീര്‍ച്ചയായും ഈ വിഭാഗത്തിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പുതിയ നിക്ഷേപകരുടെ ഒരു നിര കൊണ്ടുവരികയും ചെയ്തു. ഈ പുതിയ നിക്ഷേപകരില്‍ പലരും സ്വയമാണ് തീരുമാനങ്ങളെടുക്കുന്നതും നിക്ഷേപിക്കുന്നതും. അവര്‍ സാധാരണയയി അവരുടെ നിലവിലെ നിക്ഷേപ പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്തുകയും എവിടെ നിക്ഷേപിക്കണമെന്ന് തിരയുമ്പോള്‍ അതിനായി ഫണ്ടുകളുടെ അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം), ഫണ്ടുകളുടെ പ്രകടനത്തിന് ലഭിച്ചിട്ടുള്ള റേറ്റിംഗുമാണ് പരിഗണിക്കാറ്. ഇക്കാര്യങ്ങള്‍ പൊതുവേ മികച്ചതാണെന്ന് തോന്നാമെങ്കിലും മികച്ച എയുഎം ഉള്ള ഫണ്ടുകളെല്ലാം മികച്ച പ്രകടനം നല്‍കുന്നില്ലെന്ന് ഓര്‍ക്കണം.

വലിയ ഫണ്ടുകള്‍ സാധാരണയായി പുതിയ നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയുന്നതിനും ചെറിയ ഫണ്ടുകളെപ്പോലെ എളുപ്പത്തില്‍ വിന്യസിക്കുന്നതിനും അല്‍പ്പം ബുദ്ധിമുട്ടാണ്. ഫണ്ടിന്റെ വലുപ്പം ഭാവി വരുമാനത്തിന്റെ നല്ല സൂചകമായിരിക്കണമെന്നില്ല.

മുന്‍കാല പ്രകടനങ്ങള്‍ നോക്കാം. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഒരു ഫണ്ട് വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കില്‍, അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ സമാനമായ പ്രകടനം കാഴ്ചവയ്ക്കണമെന്നില്ല. മുന്‍കാല പ്രകടനം ഭാവി വരുമാനത്തിന്റെ ഉറപ്പല്ല.

ഭാവിയില്‍ ഒരു ഫണ്ട് നന്നായി പ്രവര്‍ത്തിക്കുമോ എന്നതിന്റെ മികച്ച സൂചകങ്ങളല്ല എയുഎമ്മും മുന്‍കാല വരുമാനവും എങ്കില്‍, , ഒരു നിക്ഷേപകന്‍ എന്താണ് ചെയ്യേണ്ടത്? ഏത് ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് നിക്ഷേപകര്‍ക്ക് എങ്ങനെ തീരുമാനിക്കാന്‍ കഴിയും? ഇവിടെയാണ് നിക്ഷേപത്തിന് ഒരു പുതിയ സമീപനം ആവശ്യമായി വരുന്നത്. നിക്ഷേപകര്‍ അവരുടെ ലക്ഷ്യങ്ങളും റിസ്‌ക് ടോളറന്‍സും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയ ശേഷം ഫണ്ടിന്റെ 'ഭാവി സാധ്യതകള്‍' മനസ്സില്‍ വച്ചുകൊണ്ട് ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തണം.

ഇക്വിറ്റി അധിഷ്ടിത ഫണ്ടിന്റെ ഭാവി സാധ്യതകള്‍ നിര്‍ണ്ണയിക്കാന്‍ നിക്ഷേപകര്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.

1. ഫണ്ട് ഹൗസിന്റെ നിക്ഷേപ തത്വം എന്താണ്?

2. മികച്ച ദീര്‍ഘകാല പ്രകടനത്തിലേക്ക് നയിക്കാന്‍ കഴിയുന്ന എന്തെങ്കിലും ഘടകം ഫണ്ടിനുണ്ടോ?

3. ഈ ഫണ്ടിന്റെ നിക്ഷേപ തന്ത്രം എന്താണ്?

4. ഈ തന്ത്രത്തിന് ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടക്കാന്‍ കഴിയുമോ?

5. ഫണ്ട് മാനേജരുടെ കഴിവുകള്‍ എന്തൊക്കെയാണ്?

2030 ഓടെ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 15 കോടിയിലധികം നിക്ഷേപകര്‍ ഉണ്ടാകുമെന്നാണ് സമീപകാല സാമ്പത്തിക കണക്കുകളും നിക്ഷേപ പ്രവണതകളും സൂചിപ്പിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അല്ലെങ്കില്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍ പോലെ സാധാരണമാകുന്ന ഒരു ഭാവിയാണ് വരാനുള്ളത്. ഈ പുതിയ നിക്ഷേപകര്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഈ നിക്ഷേപകര്‍ക്ക് സ്വീകാര്യമായ നിക്ഷേപ അനുഭവം ആത്മവിശ്വാസവും വളര്‍ത്തുന്ന സാഹചര്യങ്ങളാണ് ആവശ്യം.