27 Sep 2023 11:02 AM GMT
Summary
- സെപ്റ്റംബര്‍ 30 നകം നോമിനി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നായിരുന്നു നിര്‍ദ്ദേശം.
ഡീമാറ്റ് അക്കൗണ്ടുടമകള്‍ക്ക് നോമിനി വിവരങ്ങള്‍ നല്‍കാന്‍ ഡിസംബര്‍ 31 വരെ സമയം. ഫിസിക്കല്‍ സെക്യൂരിറ്റി ഉടമകള്‍ക്ക് അതായത് ഇപ്പോഴും കമ്പനികളുടെ ഓഹരികള്‍ പേപ്പര്‍ രൂപത്തില്‍ സൂക്ഷിക്കുന്നവരാണെങ്കില്‍ കെവൈസി വിവരങ്ങള്‍ നല്‍കാനും 2023 ഡിസംബര്‍ 31 വരെ സമയമുണ്ട്. ട്രേഡിംഗ് അക്കൗണ്ടുടമകള്‍ക്ക് നോമിനിയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നുള്ളത് സ്വമേധയാ തീരുമാനിക്കാം.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ 30 നകം നോമിനി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നായിരുന്നു സെബി നിര്‍ദ്ദേശം.
2023 മാര്‍ച്ച് 27 ലെ സര്‍ക്കുലറിലാണ് സെബി സെപ്റ്റംബര്‍ 30 നകം ഈ വിവരങ്ങള്‍ നല്‍കണം എന്ന നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, ഡെപ്പോസിറ്ററികള്‍, ബ്രോക്കര്‍മാരുടെ അസോസിയേഷന്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ട്രേഡിംഗ് അക്കൗണ്ടുടമകള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം നോമിനിയെ നിര്‍ദ്ദേശിച്ചാല്‍ മതി. എന്നാല്‍, ഡീമാറ്റ് അക്കൗണ്ടുടമകള്‍ 2023 ഡിസംബര്‍ 31 നകം നോമിനിയെ നിര്‍ദ്ദേശിച്ചിരിക്കണം.
.്ഇപ്പോഴും കമ്പനികളുടെ ഓഹരികള്‍ പേപ്പര്‍ രൂപത്തില്‍ സൂക്ഷിക്കുന്ന ഫിസിക്കല്‍ സെക്യൂരിറ്റി ഉടമകള്‍ പാന്‍ വിവരങ്ങള്‍, നോമിനേഷന്‍, കോണ്‍ടാക്ട് ചെയ്യാനുള്ള വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒപ്പ് എന്നിവ 2023 ഡിസംബര്‍ 31 നകം നല്‍കണം.