30 Aug 2023 5:45 PM IST
Summary
- എന്‍ പിഎ 0 . 44 ശതമാനം
- ഈ സാമ്പത്തികവർഷാവസാനത്തോടെ ആയിരം ശാഖകള്‍
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്, ജൂണ്‍ 30-ന് അവസാനിച്ച ആദ്യ പാദത്തില്‍ അറ്റാദായത്തില്‍103 ശതമാനം വളർച്ച നേടി. അറ്റാദായം മുന്‍വർഷമിതേ കാലയളവിലെ 10 .82 കോടി രൂപയില്‍നിന്ന് 21 . 98 കോടി രൂപയായി. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 114.07 കോടി രൂപയില്‍ നിന്ന് 156.20 കോടി രൂപയായി വളർന്നു.
ഈ പാദത്തില്‍ കമ്പനിയുടെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.44 ശതമാനം എന്ന നിലയില്‍ തുടരുകയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മുന്‍ വർഷമിതേ കാലയളവിനേക്കാള്‍ 593 കോടി രൂപയുടെ വർധന കാണിച്ചു.
കഴിഞ്ഞ വര്‍ഷം മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്‌സ് 50 പുതിയ ശാഖകള്‍ തുറന്ന് രാജ്യത്തുടനീളം ശൃംഖല വിപുലീകരിച്ചു. ഇപ്പോള്‍ കമ്പനിക്ക് രാജ്യത്തുടനീളമായി 870ലധികം ശാഖകളുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ 1,000ലധികം ശാഖകള്‍ എന്ന നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏറ്റവും മികച്ച സ്വര്‍ണ്ണ വായ്പാ അനുഭവവും നൂതന സാമ്പത്തിക സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായിയും പറഞ്ഞു