21 Aug 2023 12:51 PM IST
Summary
- ജൂണിലെ 3.09 കോടി ഉപയോക്താക്കളിൽ നിന്ന് ജൂലൈയിൽ 3.19 കോടിയിലെത്തി.
- സിഡിഎസ്‌എൽ, എൻഎസ്‌ഡിഎൽ എന്നിവയിൽ 30 ലക്ഷത്തോളം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) ജൂലൈയിൽ 10 ലക്ഷത്തിലധികം പുതിയ സജീവ ഉപയോക്താക്കൾ എത്തി. ഇത് 13 മാസത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ്.
എക്സ്ചേഞ്ച് നൽകിയ കണക്കനുസരിച്ച്, സജീവ ഉപയോക്താക്കളുടെ എണ്ണം ജൂലൈയിൽ 3.19 കോടിയിലെത്തി. ജൂണിലിത് 3.09 കോടിയായിരുന്നു. ഇത് 10.4 ലക്ഷം പുതിയ സജീവ ഉപയോക്താക്കളെയാണ് കാണിക്കുന്നത്. 2022 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ വര്ധനവാണിത്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ വ്യാപാരം ആരംഭിച്ച വ്യക്തിയെ എൻഎസ്ഇ സജീവ ഉപയോക്താവായി കണക്കാക്കുന്നു.
സെൻസെക്‌സ്, നിഫ്റ്റി, മിഡ്‌ക്യാപ്, സ്‌മോൾക്യാപ് എന്നീ ഇന്ത്യയുടെ പ്രധാന സൂചികകൾ ജൂലൈയിൽ പുതിയ ഉയരങ്ങൾ രേഖപ്പെടുത്തിയിരുന്നു, ഇതും ഉപയോക്താക്കളുടെ വർദ്ധനവിന് കാരണമായിട്ടുണ്ട്.
സിഡിഎസ്‌എൽ, എൻഎസ്‌ഡിഎൽ എന്നീ രണ്ട് ഡിപ്പോസിറ്ററികളിലായി ജൂലൈയില്‍ 30 ലക്ഷത്തോളം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്, 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്നതും 12 മാസത്തെ ശരാശരിയായ 20 ലക്ഷത്തേക്കാൾ 50 ശതമാനം കൂടുതലുമാണിത്. ഇതോടെ ഡീമാറ്റ് അകൗണ്ടുകളുടെ എണ്ണം 12.35 കോടിയിലെത്തി.
എൻഎസ്ഇയിലെ സജീവ ഉപയോക്താക്കളിൽ 61.15 ശതമാനവും മികച്ച അഞ്ച് ഡിസ്കൗണ്ട് ബ്രോക്കർമാര്‍ വഴിയാണ് എത്തിയിട്ടുള്ളത്. ഡീമാറ്റ് അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, ജൂലൈയിൽ സിഡിഎസ്എൽ ന്റെ വിപണി വിഹിതം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം എല്ലാമാസവുംതന്നെ എൻ എസ് ഇയിലെ സജീവ ഉപയോക്താക്കളുടെ ശരാശരി എണ്ണത്തിൽ സ്ഥിരമായ കുറവുണ്ടായിട്ടുണ്ട്, ഓരോ മാസവും ഏകദേശം 6 ലക്ഷം സജീവ ഉപയോക്താക്കളുടെ കുറവാണുണ്ടായത്. 2023 മാർച്ചിന് മുമ്പ് വിപണികളിലുണ്ടായ ചാഞ്ചാട്ടമാണ് ഇതിന് കാരണമായി ചൂണ്ടിക്കാിക്കപ്പെടുന്നത്.