12 April 2023 4:30 PM IST
Summary
- സെൻസെക്സ് 235.05 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 90.10 പോയിന്റ് ഉയർന്നു
- ടാറ്റ കൺസൾട്ടൻസി സർവീസസ്,ഇൻഫോസിസ് എന്നിവ നേട്ടത്തിലാവസാനിച്ചു
- ടിസിഎസ് നാലാം പാദ ഫലം ഇന്ന്
തുടർച്ചയായ എട്ടാം ദിനത്തിലും നേട്ടം കൊയ്ത് വിപണി. ഐടി, ആരോഗ്യ. ഓട്ടോ മൊബൈൽ മേഖലയിലെ ഓഹരികളിലെ മികച്ച മുന്നേറ്റവും, വിദേശ നിക്ഷേപവും ഇന്ന് വിപണിയിലെ നേട്ടം നില നിർത്തുന്നതിനു സഹായിച്ചു. യൂറോപ്യൻ വിപണികളിലെ മികച്ച തുടക്കവും ഇതിനു ആക്കം കൂട്ടി.
ടി സി എസിന്റെ നാലാം പാദ ഫലം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. ഒപ്പം ഫെബ്രുവരിയിലെ വ്യാവസായിക ഉത്‌പാദന കണക്കുകൾ, മാർച്ചിലെ പണപ്പെരുപ്പ കണക്കുകൾ എന്നിവയും വൈകിട്ട് പുറത്തു വരും.
സെൻസെക്സ് 235.05 പോയിന്റ് നേട്ടത്തിൽ 60392.77 ലും നിഫ്റ്റി 90.10 പോയിന്റ് ഉയർന്ന് 17812.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 279.92 പോയിന്റ് വർധിച്ച് 60437 .64 ലെത്തിയിരുന്നു.
സെൻസെക്സിൽ ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ് സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ് സി, ടാറ്റ കൺസൾട്ടൻസി സർവീസസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലായിരുന്നു.പവർ ഗ്രിഡ്, എൻടിപിസി, നെസ്‌ലെ, അൾട്രാ ടെക്ക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവ നഷ്ടത്തിലായി.
"വിവിധ സാമ്പത്തിക കണക്കുകളും, നാലാം പാദ ത്രൈമാസ ഫലങ്ങളും മുൻ നിർത്തി നിക്ഷേപകർ കൂടുതൽ ജാഗരൂകരാണ്. ഐ ടി മേഖലയിലെ പ്രമുഖ കമ്പനികളുടെ ഫലങ്ങൾ വരുന്നത് പ്രമാണിച്ചു ഐ ടി ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടായി," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ഏഷ്യൻ വിപണികൾ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, എന്നിവ നേട്ടത്തിൽ അവസാനിച്ചപ്പോൾ ഹോങ്കോങ് ദുർബലമായി.
യൂറോപ്യൻ വിപണി ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തോടെയാണ് വ്യാപാരം ചെയ്തിരുന്നത്. ചൊവ്വാഴ്ച യു എസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.35 ശതമാനം ഉയർന്ന് ബാരലിന് 85.91 ഡോളറായി.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 342.84 കോടി രൂപയുടെ ഓഹരികൾ വാങ്ങി.