7 July 2024 9:06 AM GMT
Summary
- ഈ വാരം മുതല്‍ എത്തിത്തുടങ്ങുന്ന കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ വിപണിയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന കോര്‍പറേറ്റ് സംഭവങ്ങളില്‍ ഒന്നാണ്
ശക്തമായ ആഗോള വിപണികള്‍, വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ തിരിച്ചുവരവ്, സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ശുഭാപ്തി വിശ്വാസം മണ്‍സൂണ്‍ വളരെ വേഗം സാധാരണ നിലയിലേക്ക് എത്തിച്ചേര്‍ന്നത് തുടങ്ങിയവയെല്ലാം കഴിഞ്ഞ വാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളെ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ചയിലേക്ക് എത്തിച്ച വാരമാണ് കടന്നുപോകുന്നത്.
ജൂലൈയില്‍ സാധാരണ വിപണി നേട്ടമുണ്ടാക്കുന്നതായാണ് അനുഭവം. ദീര്‍ഘകാലത്തില്‍ തെരഞ്ഞെടുപ്പ് വര്‍ഷങ്ങള്‍ ഉള്‍പ്പെടെ 80 ശതമാനം ജൂലൈയില്‍ വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. ഈ വര്‍ഷാവസാനത്തോടെ സെന്‍സെക്സ് സൂചിക 90000 പോയിന്റിലെത്തുമെന്നാണ് സുന്ദരം മ്യൂച്വല്‍ ഫണ്ടിന്റെ മേോനജിംഗ് ഡയറക്ടര്‍ സുനില്‍ സുബ്രഹ്‌മണ്യം പ്രവചിക്കുന്നത്.
വിപണിയെ സ്വാധീനിക്കുന്ന പ്രധാന സംഭവം 2024-25 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ്. മോദി 3.0യുടെ ആദ്യത്തെ ബജറ്റ് കൂടിയാണ്. വിദേശ, സ്വദേശനിക്ഷേപകരും റീട്ടെയില്‍ നിക്ഷേപകരും കമ്പനികളും സാധാരണക്കാരും ഉള്‍പ്പെടെ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഭവമാണ് ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ 23-ന് ബജറ്റ് അവതരിപ്പിക്കും.
ഈ വാരം മുതല്‍ എത്തിത്തുടങ്ങുന്ന കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ വിപണിയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന കോര്‍പറേറ്റ് സംഭവങ്ങളില്‍ ഒന്നാണ്. വരും ക്വാര്‍ട്ടറുകളിലെ വരുമാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതില്‍ നിന്നു ലഭിക്കും. ആഭ്യന്തര പണപ്പെരുപ്പ കണക്കുകള്‍, മാനുഫാക്ചറിംഗ്, സര്‍വീസസ് പിഎംഐ, മൊത്തവിലക്കയറ്റത്തോത് തുടങ്ങിയവയും ഈ വാരത്തില്‍ എത്തും.
ആഗോളതലത്തില്‍ യുഎസ് ജോബ് ഡേറ്റ, ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന്റെ സെനറ്റ് ടെസ്റ്റിമണി, പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ നിലപാട് തുടങ്ങിയവ ആഗോള വിപണികളെ സ്വാധീനിക്കും. യുഎസ് കമ്പനികളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളുമെത്തുകയാണ്. ലാഭ വളര്‍ച്ച മെച്ചപ്പെടുമെന്നാണ് പൊതുവേ കരുതുന്നത് അതുകൊണ്ടുതന്നെ ടെക്നോളജി ഓഹരികകള്‍പ്പുറത്ത് വിശാലാമായി ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ വിപണി കഴിഞ്ഞയാഴ്ച
ഒരുമാസമായി ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പിലാണ്. ഓരോ ദിവസവും പുതിയ പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്. ജൂണ്‍ മാസം മുതല്‍ ഏതാണ്ട് 11 ശതമാനം ഉയര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ജൂലൈയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യന്‍ ഓഹരി വിപണി ബെഞ്ച്മാര്‍ക്കുകളായ സെന്‍സെക്സും നിഫ്റ്റിയും റിക്കാര്‍ഡ് ഉയരങ്ങള്‍ സ്ൃഷ്ടിച്ച വാരമാണ് കടന്നുപോകുന്നത്.
ഇന്ത്യന്‍ വപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇക്കഴിഞ്ഞ വാരത്തില്‍ 963.87 പോയിന്റ് നേട്ടമുണ്ടാക്കിയെന്നു മാത്രമല്ല, ഇക്കഴിഞ്ഞ വാരത്തില്‍ 80000 പോയിന്റിനു മുകളില്‍ (80049.67 പോയിന്റില്‍) ആദ്യമായി ക്ലോസ് ചെയ്യുകയും ചെയ്തു. വാരത്തിലെ അവസാന വ്യാപാരദിനത്തില്‍ 79996.6 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. സെന്‍സെക്സിന്റെ സര്‍വകാല റിക്കാര്‍ഡ് പോയിന്റ് 80392.64 പോയിന്റാണ്. അതേസമയം മുഖ്യ ബഞ്ച് മാര്‍ക്ക് സൂചികയായി കരുതുന്ന നിഫ്റ്റി ഇക്കഴിഞ്ഞ വാരത്തില്‍ 313.15 പോയിന്റിന്റെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ജൂലൈ അഞ്ചിന് 24323.85 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇതു റിക്കാര്‍ഡ് ക്ലോസിംഗ് ആണ്. തലേദിവസം നിഫ്റ്റി 24401 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്.
ഇക്കഴിഞ്ഞ വാരത്തില്‍ നിഫ്റ്റി തുടര്‍ച്ചയായി 10 ദിവസങ്ങള്‍ മെച്ചപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം നിഫ്റ്റി പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുകയും താഴ്ചകള്‍ ഓരോ ദിവസവും മെച്ചപ്പെടുത്തി വരുകയുമാണു ചെയ്തത്. അതായത് നിഫ്റ്റിയുടെ അടിയൊഴുക്ക് ഇപ്പോഴും ബുള്ളിഷ് ആണ് എന്നര്‍ത്ഥം. ആ ദിവസങ്ങളിലെല്ലാം നിഫ്റ്റി ചെറിയ റേഞ്ചില്‍ നീങ്ങുകയും മെച്ചപ്പെട്ടു ക്ലോസ് ചെയ്യുകയുമായിരുന്നു. ഈ വാരത്തില്‍ 415 പോയിന്റ് റേഞ്ചിലാണ് നിഫ്റ്റി നീങ്ങിയത്. വിപണി ഒരു കണ്‍സോളിഡേഷന്‍ മൂഡിലാണ്.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍
മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കാരായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പതിയെ തിരിച്ചുവരികയാണ്. ജൂണില്‍ 2037.47 കോടി രൂപയുടെ നെറ്റ് വാങ്ങലുകാരായ അവര്‍ ജൂലൈയിലെ ആദ്യ ദിനങ്ങളിലും നെറ്റ് വാങ്ങലുകരാണ്. ജൂലൈയിലെ ആദ്യവാരത്തില്‍ 6874.66 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ അവര്‍ നടത്തിയിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള മോദി സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച് ബജറ്റ് വരുന്നതോടെ വ്യക്തത വരും. ഇതാകും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ അടുത്ത നീക്കത്തിന് അടിസ്ഥാനം. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങല്‍ വര്‍ധിപ്പിച്ചാല്‍ അതു വിപണിക്ക് കൂടുതല്‍ ഉയരങ്ങളിലേക്കു നീങ്ങാന്‍ സഹായകമാകും.
അതേസമയം, ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ജനുവരി- ജൂണ്‍ കാലയളവില്‍ 236987 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. സംഭവ ബഹുലമായ ജൂണില്‍ മാത്രം അവരുടെ നെറ്റ് വാങ്ങല്‍ 28633.15 കോടി രൂപയുടേതാണ്. ജൂലൈ അഞ്ചുവരെ അവരുടെ നെറ്റ് വില്‍ക്കല്‍ 385.29 കോടി രൂപയുടേതാണ്.
മണ്‍സൂണ്‍ രാജ്യമാകെ
മേയ് 30-ന് കേരളത്തീരത്തെത്തിയ പടിഞ്ഞാറന്‍ കാലവര്‍ഷം ജൂലൈ രണ്ടോടെ രാജ്യത്തൊട്ടാകെ എത്തിയിരിക്കുകയാണ്. സാധാരണ ജൂണ്‍ 30ഓടെ യാണ് രാജ്യത്താകെ കാലവര്‍ഷത്തിന്റെ വരവ് പൂര്‍ത്തിയാകുക. ഇത്തവണ രണ്ടു ദിവസം താമസിച്ചു. എങ്കിലും ലഭിച്ച മഴ ഏതാണ്ട് ദീര്‍ഘകാല ശരാശരിക്കൊപ്പമെത്തിയിരിക്കുകയാണ്. ജൂണില്‍ മഴക്കമ്മിയായിരുന്നു. കാലവര്‍ഷം രണ്ടാം മാസത്തേക്കു കടന്നതോടെ മഴക്കമ്മി ഏതാണ്ട പൂര്‍ണമായും നികത്തി. ജൂലൈ അഞ്ചുവരെ ലഭിച്ച മഴി 201.2 മില്ലീമീറ്ററാണ്. ദീര്‍ഘകാല ശരാശരിയായ 204.9 മില്ലീമീറ്ററിനേക്കാള്‍ 1.8 ശതമാനം മഴക്കുറവ് മാത്രം. കേരളം ( 26 ശതമാനം) ഒഡീഷ ( 25 ശതമാനം), ജാര്‍ക്കണ്ഡ് (18 ശതമാനം), പഞ്ചാബ് (24 ശതമാനം), ഹിമാചല്‍ പ്രദേശ് (27 ശതമാനം), ജമ്മു കാഷ്മീര്‍ (26 ശതമാനം), മിസോറം(26 ശതമാനം), മണിപ്പൂര്‍ (41 ശതമാനം) എന്നിവിടങ്ങളില്‍ മാത്രമണ് മഴക്കുറവ് ഉണ്ടായിട്ടുള്ളത്. ബാക്കി എല്ല സംസ്ഥാനത്തും സാധരണപോലെയോ അതില്‍ കൂടുതലോ മഴ കിട്ടി.
ആഗോള രാഷ്ട്രീയവാര്‍ത്തകള്‍
യുകെയിലെ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ട കനത്ത പരാജയം ഏറ്റു വാങ്ങിയിരിക്കുകയാണ്. ലേബര്‍ പാര്‍ട്ടി കാല്‍നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം നേടിയിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രിയായി കയേര്‍ സ്റ്റാമെര്‍ സ്ഥാനമേറ്റെടുത്തു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സ്റ്റാമെര്‍ രാജ്യത്തെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ കഴിയുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. പത്തുവര്‍ഷത്തിനിടയില്‍ പല സോഷ്യലിസ്റ്റ് ചിന്തകളും കളഞ്ഞ് പ്രായോഗിക നിലപാടിലേക്കു മാറിയിട്ടുണ്ട്.
ഫ്രാന്‍സിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പു ഈ വാരത്തില്‍ പൂര്‍ത്തിയാകും. വലുതപക്ഷം പാര്‍ട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്നേറ്റമുണ്ടായിട്ടുള്ളത്.
ഇറാനില്‍ മിതവാദിയും പരിഷ്‌കരണവാദിയുമായ മസൂദ് പെസഷ്‌കിയാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പാശ്ചത്യലോകവുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനും ലോകശക്തികളുമായുള്ള ആണവ തര്‍ക്കത്തിനു പരിഹാരം കാണുമെന്നുമാണ് പെസഷ്‌കിയാന്‍ തോരഞ്ഞെടുപ്പു വാഗ്ദാനമായി പറഞ്ഞിട്ടുള്ളത്. പ്രായോഗിക വിദേശനയമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. കാത്തിരുന്നു കാണാമെന്നു മാത്രമേ പറയാനുള്ളു. കാരണം ഇറാനില്‍ അധികാരകേന്ദ്രം മതനേതാവ് ആയത്തൊള്ള് അലി ഖമനേയിയാണ്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ജൂലൈ 8: ജൂണിലെ യുഎസ് കണ്‍സ്യൂമര്‍ ഇന്‍ഫ്ളേഷന്‍ കണക്കുകള്‍ എത്തുന്നു. മേയിലിത് 3.2 ശതമാനവും ഏപ്രിലില്‍ 3.3 ശതമാനമായിരുന്നു.
ജൂലൈ 10: ചൈനീസ് പണപ്പെരുപ്പ കണക്കുകള്‍എത്തുന്നു. മേയിലിത് 0.3 ശതമാനമായിരുന്നു.
ജൂലൈ 11: ഐടി മേജര്‍ ടിസിഎസിന്റെ ആദ്യക്വാര്‍ട്ടര്‍ ഫലമെത്തും. ഐടി കമ്പനികളുടെ പ്രകടനത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ ടിസിഎസ് ഫലം ഉപകരിക്കും.
മേയിലെ യുകെ വ്യാവസായികോത്പാദന കണക്കുകള്‍ എത്തും. ഏപ്രിലില്ത് 0.9 ശതമാനമായിരുന്നു. യുകെ മാനുഫാക്ചറിംഗ് ഉത്പാദനക്കണക്കുകളും ഇന്നെത്തും. ഏപ്രിലിലെ വളര്‍ച്ച 0.3 ശതമാനമായിരുന്നു.
യുഎസ് ഇന്‍ഫ്ളേഷന്‍ നിരക്ക് സംബന്ധിച്ച മേയിലെ കണക്കുകള്‍ ഇന്നെത്തും. ഏപ്രിലില്‍ 0.3 ശതമാനം ഉയര്‍ന്നിരുന്നു. ജൂലൈ ആറിന് അവസാനിച്ച വാരത്തിലെ യുഎസ് ഇനീഷ്യല്‍ ജോബ്ലെസ് ക്ലെയിം കണക്കുകള്‍ പുറത്തുവരും. ജൂണ്‍ അവസാന വാരത്തില്‍ ഇത് 4000 കണ്ടു വര്‍ധിച്ചിരുന്നു.
ജൂലൈ 12: മറ്റൊരു ഐടി ഭീമനായ എച്ച്സിഎല്‍ ടെക്നോളജീസ് ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
ജൂണിലെ ഇന്ത്യയുടെ കണ്‍സസ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ് പുറത്തുവിടും. മേയില്‍ 0.48 ശതമാനം ഉയര്‍ന്നിരുന്നു. മേയിലെ ഇന്ത്യ മാനുഫാക്ചറിംഗ് ഉത്പാദന കണക്കുകള്‍ പുറത്തുവിടും. ഏപ്രിലില്‍ ഇത് 3.9 ശതമാനം വളര്‍ച്ച നേടിയിരുന്നു. മേയിലെ വ്യാവസായികോത്പാദന കണക്കുകളും ഇന്നെത്തും. ഏപ്രിലില്‍ 5 ശതമാനം വളര്‍ച്ച നേടിയിരുന്നു. മാര്‍ച്ചില്‍ 4.9 ശതമാനവും.
ജൂണ്‍ 28-ന് അവസാനിച്ച വാരത്തിലെ വിദേശനാണ്യശേഖര കണക്കുകള്‍ റിസര്‍വ് ബാങ്ക് ഇന്നു പ്രഖ്യാപിക്കും. ജൂണ്‍ 21-ന് ഇന്ത്യയുടെ വിദേശനാണ്യശേഖരം 65371 കോടി ഡോളറായിരുന്നു. തലേ വാരത്തിലിത് 65290 കോടി ഡോളറായിരുന്നു.
ഈയാഴ്ചത്തെ ഐപിഒകള്‍
കഴിഞ്ഞയാഴ്ചകളില്‍ ഐപിഒകളുടെ കുത്തൊഴുക്ക് ആയിരുന്നെങ്കില്‍ എസ്എംഇയില്‍നിന്നു മാത്രമായി ഒരു ഐപിഒ ആണ് ഈ വാരത്തില്‍ എത്തുന്നത്. ജൂലൈ 11-ന് എത്തുന്ന സഹജ് സോളാര്‍ ഇഷ്യു 15-ന് അവസാനിക്കും. കമ്പനി 29.2 ലക്ഷം ഓഹരികളാണ് നല്‍കുന്നത്. പ്രൈസ് ബാന്‍ഡ് 171-180 രൂപ. സോളാര്‍ സൊലൂഷന്‍ നല്‍കുന്ന കമ്പനിയാണ്.
ബെന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ്, എംക്യുവര്‍ ഫാര്‍മ എന്നിവയുടെ ഓഹരികള്‍ ജൂലൈ പത്തിന് ലിസ്റ്റ് ചെയ്യും. ജൂലൈ അഞ്ചിനാണ് ഇവയുടെ ഇഷ്യു ക്ലോസ് ചെയ്തത്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.