image

8 March 2023 5:54 AM GMT

Insurance

കാര്‍ ഇന്‍ഷൂറന്‍സില്‍ കെവൈസി അപ്‌ഡേറ്റ് ; ഗുണങ്ങള്‍ അറിയാം

MyFin Desk

car insurance kyc update
X

Summary

പോളിസി എടുക്കുന്നയാളിനെയും ഇന്‍ഷൂറന്‍സ് കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമാണ് കെവൈസി എന്ന് പറയാം. ഇന്‍ഷൂറന്‍സ് നടപടികളൊക്കെ സുരക്ഷിതമാക്കാനും സുഗമമാക്കാനും വേണ്ടിയാണ് ഇപ്പോള്‍ കെവൈസി ആവശ്യമായി വരുന്നത്.


ഡിജിറ്റല്‍ യുഗത്തില്‍ കെവൈസിക്കുള്ള പ്രാധാന്യം മറ്റൊന്നിനും ഇല്ലെന്ന് പറയാം. ബാങ്കിങിലും ഇന്‍ഷൂറന്‍സ് മേഖലയില്‍ എന്നുവേണ്ട സകലമാന ഇടങ്ങളിലും ഉപഭോക്തൃ വിവരങ്ങള്‍ അറിയേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ അവരുടെ കെവൈസി നല്‍കേണ്ടി വരുന്നു. പോളിസി എടുക്കുന്നയാളിനെയും ഇന്‍ഷൂറന്‍സ് കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമാണ് കെവൈസി എന്ന് പറയാം. ഇന്‍ഷൂറന്‍സ് നടപടികളൊക്കെ സുരക്ഷിതമാക്കാനും സുഗമമാക്കാനും വേണ്ടിയാണ് ഇപ്പോള്‍ കെവൈസി ആവശ്യമായി വരുന്നത്. ഐആര്‍ഡിഎഐയുടെ നിര്‍ദേശം അനുസരിച്ച് 2023 ജനുവരി ഒന്ന് മുതല്‍ എല്ലാവിധ ഇന്‍ഷൂറന്‍സിനും കെവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ ഇന്‍ഷൂറന്‍സില്‍ കെവൈസിയുടെ റോളിന് വലിയ പ്രധാന്യം ഉണ്ട്.

കാര്‍ ഇന്‍ഷൂറന്‍സില്‍ കെവൈസി

ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുന്നതിന് മുമ്പ് കമ്പനി ഇന്‍ഷൂറന്‍സ് എടുക്കുന്നയാളിന്റെ മേല്‍വിലാസവും ഐഡന്റിറ്റിയും പരിശോധിക്കുന്നതിനെയാണ് കെവൈസി എന്ന് പറയുന്നത്. ഉപഭോക്താവിനെ തിരിച്ചറിയാനുള്ള നടപടിക്രമമെന്നും ചുരുക്കിപ്പറയാം. ഇതിന്റെ ഭാഗമായി ആദ്യം തന്നെ പോളിസി ഉടമസ്ഥന്റെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. കെവൈസി രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുകയും നല്‍കിയ വിവരങ്ങളൊക്കെ സത്യസന്ധമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുകയും വേണം. തിരിച്ചറിയല്‍ രേഖ,മേല്‍വിലാസം തെളിയിക്കുന്ന രേഖ,ഫോട്ടോ എന്നിവയാണ് കെവൈസിയ്ക്കായി വേണ്ടത്. ഇടക്കിടെയുള്ള കെവൈസി അപ്‌ഡേറ്റുകള്‍ യഥാര്‍ത്ഥത്തിലുള്ള ഉപഭോക്താവാണെന്നും തട്ടിപ്പുകാരനല്ലെന്നും വ്യക്തമാക്കും. കെവൈസി വെരിഫിക്കേഷന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ചെയ്യാന്‍ സൗകര്യമുണ്ട്. കാര്‍ ഇന്‍ഷൂറന്‍സിനായി കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.ഇതിന്റെ ഗുണങ്ങള്‍ എന്താണെന്ന് താഴെ പറയാം

ഗുണങ്ങള്‍

കാര്‍ ഇന്‍ഷൂറന്‍സ് എത്രത്തോളം നിര്‍ബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നല്ല പോളിസിയുണ്ടെങ്കില്‍ മനസ്സമാധാനത്തോടെ റോഡിലിറങ്ങാം. അപകടങ്ങള്‍,തീപിടുത്തം,മോഷണം,പ്രകൃതിക്ഷോഭം തുടങ്ങിയവയില്‍ നിന്ന് പോളിസികള്‍ പരിരക്ഷ നല്‍കും. ഇനി ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് കാര്‍ കേടായാല്‍ പോലും അത് നന്നാക്കാനുള്ള ചെലവും പോളിസി ഉറപ്പാക്കുന്നുണ്ട്.

കാര്‍ ഇന്‍ഷൂറന്‍സില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഗുണം ക്ലെയിം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നുവെന്നതാണ്. കമ്പനികള്‍ക്ക് ഒരു ക്ലയന്റിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കെവൈസി നല്‍കുന്നതിനാല്‍ കവറേജിന്റെ ആനുകൂല്യങ്ങള്‍ പെട്ടെന്ന് നല്‍കാന്‍ സാധിക്കുന്നു. വെരിഫിക്കേഷന് അധിക സമയം വേണ്ടി വരുന്നില്ല. അതുകൊണ്ട്തന്നെ കാര്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ കെവൈസി അപ്‌ഡേറ്റ് ഒഴിവാക്കരുത്.

കെവൈസി അപ്‌ഡേറ്റ് എങ്ങിനെ?

പാസ്‌പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ്,ആധാര്‍ കാര്‍ഡ്,പാന്‍കാര്‍ഡ്,വോട്ടര്‍ഐഡി തുടങ്ങിയ രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കമ്പനികള്‍ നിര്‍ദേശിക്കുന്ന ഡോക്യുമെന്റുകളും നല്‍കിയാല്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യാം. ഇന്‍ഷൂറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ കയറി ഉപഭോക്തൃ വിവരങ്ങള്‍ നല്‍കി കെവൈസി അപ്‌ഡേറ്റ് ചെയ്യാം. കമ്പനിയുടെ ഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ നല്‍കിയും അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.