30 July 2024 12:13 PM GMT
Summary
- പ്രകൃതി ക്ഷോഭത്തിന് മുന്നില്‍ കാര്‍ഷിക കേരളം നടുങ്ങി
- സംസ്ഥാനത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും രാത്രി ആരംഭിച്ച കനത്ത മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ മുഖ്യ വിപണികളില്‍ നിന്നും പൂര്‍ണമായി പിന്‍തിരിഞ്ഞു
- രാവിലെ നടന്ന ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് വന്ന ചരക്കില്‍ വലിയ പങ്കും വാങ്ങലുകാര്‍ ശേഖരിച്ചു
പ്രകൃതി ക്ഷോഭത്തിന് മുന്നില്‍ കാര്‍ഷിക കേരളം നടുങ്ങി. സംസ്ഥാനത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും രാത്രി ആരംഭിച്ച കനത്ത മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ മുഖ്യ വിപണികളില്‍ നിന്നും പൂര്‍ണമായി പിന്‍തിരിഞ്ഞു. വന്‍കിട ചെറുകിട വിപണികളില്‍ മ്ലാനത, വാങ്ങലുകാരും വില്‍പ്പനക്കാരും നിശബ്ദത പാലിച്ചതിനാല്‍ ഉല്‍പ്പന്ന വിലകളില്‍ കാര്യമായ വ്യതിയാനമില്ല.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഈ വാരം റബര്‍ ടാപ്പിങ് പുനരാരംഭിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഉല്‍പാദന കേന്ദ്രങ്ങള്‍ പൂര്‍വസ്ഥതിലേയ്ക്ക് തിരിച്ചെത്താന്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ റബറിന് അനുഭവപ്പെടുന്ന ക്ഷാമം ആഗസ്റ്റ് ആദ്യ പകുതിയിലും തുടരാം. ഇന്നലെ ടയര്‍ കമ്പനികള്‍ നാലാംഗ്രേഡ് റബര്‍ ക്വിന്റ്റലിന് 500 രൂപ ഒറ്റയടിക്ക് ഉയര്‍ത്തി 22,500 രൂപയ്ക്ക് കോട്ടയത്തു നിന്നും ശേഖരിക്കാന്‍ തയ്യാറായെങ്കിലും വില്‍പ്പനക്കാരുടെ അഭാവംമൂലം ഇടപാടുകള്‍ നാമമാത്രമായി ചുരുങ്ങി.
രാവിലെ നടന്ന ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് വന്ന ചരക്കില്‍ വലിയ പങ്കും വാങ്ങലുകാര്‍ ശേഖരിച്ചു. ശരാശരി ഇനങ്ങള്‍ കിലോ 2245 രൂപയിലും മികച്ചയിനങ്ങള്‍ 2790 രൂപയിലും കൈമാറി.