image

20 Sep 2023 11:06 AM GMT

Market

2800 കോടി സ്വരൂപിക്കാൻ ജെ എസ് ഡബ്ല്യു ഇൻഫ്ര

MyFin Desk

jsw infra to raise 2800 crores
X

Summary

  • 13 വർഷങ്ങൾക്ക് ശേഷം ജെ എസ് ഡബ്ല്യു ഗ്രൂപ്പിൽ നിന്നുള്ള മൂന്നാമത്തെ പബ്ളിക് ഇഷ്യുവാണ്
  • ഇഷ്യൂ സെപ്റ്റംബർ 25ന് ആരംഭിക്കും 27ന് അവസാനിക്കും
  • പ്രൈസ് 113 മുതൽ 119 രൂപ


ജെ എസ് ഡബ്ലിയു ഗ്രൂപ്പിന്റെ ഭാഗമായ ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ പ്രാരംഭ പബ്ലിക് ഓഫറിങ് സെപ്റ്റംബർ 25ന് ആരംഭിക്കും. 27ന് അവസാനിക്കും. പതിമൂന്നു വർഷങ്ങൾക്ക് ശേഷമാണ് ജെ എസ് ഡബ്ലിയു ഗ്രൂപ്പിൽ നിന്നുള്ള കമ്പനി മൂലധന വിപണിയിലെത്തുന്നത്.

രണ്ടു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് 113 -119 രൂപയാണ്. കുറഞ്ഞത് 126 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,994 രൂപയാണ്.

ഇഷ്യൂവിലൂടെ കമ്പനി 2,800 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് മൊത്തം പുതിയ ഓഹരികളുമാണ്. അലോട്ട്‌മെന്റ് ഒക്ടോബർ 3ന് നടക്കും. ഓഹരികൾ ഒക്ടോബർ 6ന് ബിഎസ്ഇ, എൻഎസ്ഇ എക്സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.

ഇഷ്യൂവിൽ നിന്നുള്ള തുക, 880 കോടി രൂപയുടെ കടം തിരിച്ചടക്കാനും 865.75 കോടി രൂപ എൽപിജി ടെർമിനൽ പ്രോജക്റ്റിനുള്ള മൂലധന ചെലവുകൾക്കും 59.4 കോടി രൂപ ഇലക്ട്രിക് സബ് സ്റ്റേഷൻ സ്ഥാപിക്കാനും ഡ്രെഡ്ജർ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമായി 103.88 രൂപയും മംഗലാപുരം കണ്ടെയ്‌നർ ടെർമിനലിൽ നിർദിഷ്ട വിപുലീകരണത്തിനായി 151.04 കോടി രൂപയും ഉപയോഗിക്കും.

സജ്ജൻ ജിൻഡാലും സജ്ജൻ ജിൻഡാൽ ഫാമിലി ട്രസ്റ്റുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

തുറമുഖവുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജെ എസ് ഡബ്ലിയു ഇൻഫ്രാസ്ട്രക്ചർ, കാർഗോ ഹാൻഡ്ലിംഗ്, സ്റ്റോറേജ് സൊല്യൂഷൻസ്, ലോജിസ്റ്റിക്സ് സേവനങ്ങൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്നു.

2021 -22 സാമ്പത്തിക വർഷത്തിൽ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററായി മാറിയിട്ടുണ്ട് ജെ എസ് ഡബ്ലിയു ഇൻഫ്രാസ്ട്രക്ചർ.

ഡ്രൈ ബൾക്ക്, ബ്രേക്ക് ബൾക്ക്, ലിക്വിഡ് ബൾക്ക്, ഗ്യാസുകൾ, കണ്ടെയ്‌നറുകൾ, തെർമൽ കൽക്കരി, കൽക്കരി (താപ കൽക്കരി ഒഴികെ), ഇരുമ്പ് അയിര്, പഞ്ചസാര, യൂറിയ, സ്റ്റീൽ ഉൽപ്പന്നങ്ങൾ, റോക്ക് ഫോസ്ഫേറ്റ്, മൊളാസസ്, ജിപ്സം, ബാരൈറ്റ്സ്, ലാറ്ററൈറ്റ്സ്, ഭക്ഷ്യ എണ്ണ, എൽഎൻജി, എൽപിജി, എന്നിങ്ങനെ വിവിധ തരം ചരക്കുകളാണ് കമ്പനി നിലവിൽ കൈകാര്യം ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ചെറുകിട- ഇടത്തരം തുറമുഖങ്ങളും പടിഞ്ഞാറൻ തീരമായ ഗോവ, കർണാടക എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിലെയും കിഴക്കൻ തീരത്ത് ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിലെ പ്രധാന തുറമുഖങ്ങളിലെ പോർട്ട് ടെർമിനലുകളും ഉള്‍പ്പെടെ കമ്പനിക്ക് ഇന്ത്യയിലുടനീളം സാന്നിധ്യമുണ്ട്. യുഎഇയിലെ ഫുജൈറയിലും ദിബ്ബയിലും രണ്ടു ടെർമിനലുകളിലും ജെ എസ് ഡബ്ലിയു ഇൻഫ്രാസ്ട്രക്ചറിന്റെസാന്നിധ്യമുണ്ട്.

ഇന്ത്യയിലുടനീളമുള്ള ഒൻപത് പോർട്ടുകളിലായി കമ്പനിക്ക് പ്രതിവർഷം 158.43 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള സ്ഥാപിതശേഷിയുണ്ട്.

ജെഎം ഫിനാൻഷ്യൽ, ആക്സിസ് കാപ്പിറ്റൽ, ക്രെഡിറ്റ് സുയസ്സ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഡിഎഎം കാപ്പിറ്റൽ അഡ്‌വൈസർസ്, എച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് കാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി,എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.