20 March 2023 4:34 AM GMT
സമ്പാദ്യത്തിന്റെ സുരക്ഷയ്ക്കാണ് നമ്മള്‍ ബാങ്കിനെ സമീപിക്കുന്നത്. ബിസിനസ് നടത്തിയും ജോലി ചെയ്തുമൊക്കെ സമ്പാദിക്കുന്ന വരുമാനം ചോര്‍ന്നുപോകാതെ മോഷ്ടാക്കളെ പേടിക്കാതെ സൂക്ഷിക്കാനും ഭാവിയിലേക്ക് സമ്പത്ത് വര്‍ധിപ്പിക്കാനുമൊക്കെ വേണ്ടി നമ്മള്‍ വിശ്വസിച്ച് ബാങ്കുകളെ താക്കോല്‍ ഏല്‍പ്പിക്കുന്നുവെന്ന് ചുരുക്കം. എന്നാല്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് ലോകം. യുഎസില്‍ പോലും ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. സിലിക്കണ്‍വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ച ഉപഭോക്താക്കളുടെ ഉറക്കം കെടുത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ ബാങ്കുകള്‍ തകര്‍ന്നാല്‍ എന്തായിരിക്കും സ്ഥിതി.? നമ്മള്‍ നിക്ഷേപിച്ച പണത്തിന് എന്ത് സംഭവിക്കുമെന്ന് അറിയേണ്ടേ?
ബാങ്ക് നിക്ഷേപങ്ങള്‍ ഇന്‍ഷൂര്‍ ചെയ്തതാണോ?
ഷെഡ്യൂള്‍ഡ് ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐയുടെ അനുബന്ധ സ്ഥാപനമായ ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പ്പറേഷന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ വാഗ്ദാനം നല്‍കുന്നുണ്ട്. ഈ പദ്ധതി പ്രകാരം സ്ഥിര നിക്ഷേപങ്ങള്‍,സേവിങ്‌സ് അക്കൗണ്ട്,റിക്കറിങ് ഡപ്പോസിറ്റുകള്‍,കറണ്ട് അക്കൗണ്ടുകള്‍ തുടങ്ങിയ ക്യുമിലേറ്റീവ് ബാങ്ക് ഡപ്പോസിറ്റുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഒരു ബാങ്കിനും നിക്ഷേപകനും അഞ്ച് ലക്ഷം രൂപാവരെയാണ് ക്ലെയിമായി നല്‍കുക. മുതലും പലിശയുമാണ് ഡിഐസിജിസി കവറേജിന് കീഴില്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്.ഒരു നിക്ഷേപകന് എല്ലാ ബാങ്കുകളിലുമുള്ള ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍ക്കും ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ ബാങ്കുകള്‍ തകര്‍ന്നാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഡിഐസിജിസി ഇന്‍ഷൂറന്‍സ് ആര്‍ക്കൊക്കെ?
വാണിജ്യ ബാങ്കുകള്‍ക്കൊക്കെ ഡിഐസിജിസി ഇന്‍ഷൂറന്‍സ് ഉണ്ട്. ഇന്ത്യയില്‍ ശാഖയുള്ള വിദേശ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍,ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ ഡിഐസിജിസിയുടെ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നു. ഇതിന് പുറമേ കോ-ഓപ്പറേറ്റീവ് ബാങ്കുകളും ഈ പരിധിയിലുണ്ട്.
ഡിഐസിജിസി ഇന്‍ഷൂര്‍ ചെയ്യുന്നത് എന്തൊക്കെ?
സേവിങ് ഡപ്പോസിറ്റ്,സ്ഥിര നിക്ഷേപങ്ങള്‍,കറണ്ട് ,റിക്കറിങ് ഡപ്പോസിറ്റുകള്‍ തുടങ്ങിയ നിക്ഷേപങ്ങളൊക്കെ ഇത് ഇന്‍ഷൂര്‍ ചെയ്യുന്നു. എന്നാല്‍ വിദേശ ഗവണ്‍മെന്റുകളുടെ ഡപ്പോസിറ്റുകള്‍,കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഡപ്പോസിറ്റുകള്‍,ഇന്റര്‍ ബാങ്ക ്ഡപ്പോസിറ്റ്,സ്‌റ്റേറ്റ്‌ലാന്റ് ഡവലപ്പ്‌മെന്റ് ബാങ്കുകളും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ നിക്ഷേപങ്ങളും ഡിഐസിജിസി ഇന്‍ഷൂര്‍ ചെയ്യില്ല.
ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടോ?
നമ്മള്‍ നിക്ഷേപിക്കുന്ന ബാങ്കുകള്‍ക്ക് ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടോ എന്ന് അന്വേഷിച്ച് അറിയുന്നത് നല്ലതാണ്. സാധാരണ ഡിഐസിജിസി ബാങ്കുകളെ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വിവരം അച്ചടിച്ച് ബാങ്കുകളില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. നിക്ഷേപകര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ബ്രാഞ്ച് മാനേജരോട് നേരിട്ട് തന്നെ അന്വേഷിച്ച് ഇക്കാര്യം ഉറപ്പാക്കാവുന്നതാണ്. ഇന്‍ഷൂറന്‍സ് പ്രീമിയം ഇന്‍ഷൂര്‍ ചെയ്ത ബാങ്കാണ് അടക്കുന്നത്.
ഒരു ബാങ്കിന്റെ ലിക്വിഡേഷന്‍ വേണ്ടിവന്നാല്‍ ലിക്വിഡേറ്റര്‍ നിക്ഷേപകരുടെ അടിസ്ഥാനത്തില്‍ ഒരു ക്ലെയിം ലിസ്റ്റ് തയ്യാറാക്കുകയും അത് സൂക്ഷ്മപരിശോധനയ്ക്കും പേയ്മെന്റിനുമായി ഡിഐസിജിസിക്ക് അയയ്ക്കുകയും ചെയ്യും. ഡിഐസിജിസി പണം ലിക്വിഡേറ്റര്‍ക്കാണ് നല്‍കുന്നത്. ഈ ബാങ്കാണ് തുക നിക്ഷേപകര്‍ക്കായി ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. മൂലധനവും പലിശയും ഉള്‍പ്പെടെ പരമാവധി ഇന്‍ഷൂറന്‍സ് തുകയായി ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. ഒരാള്‍ക്ക് 4,95000 രൂപ മുടക്ക് മുതലും 4000 രൂപ പലിശയും ഉള്ള ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഡിഐസിജിസി ഇന്‍ഷൂര്‍ ചെയ്ത ആകെ തുക 4,99,000 രൂപയായിരിക്കും.