25 Jun 2024 12:02 PM GMT
Summary
- ഇഷ്യൂ ജൂൺ 28ന് അവസാനിക്കും
- ഓഹരിയുടെ പ്രൈസ് ബാൻഡ് 195 മുതൽ 207 രൂപ
- ഒരു ലോട്ടിൽ 72 ഓഹരികൾ
സ്പോഞ്ച് അയൺ, എംഎസ് ബില്ലറ്റുകൾ, ടിഎംടി ബാറുകൾ നിർമിക്കുന്ന വ്രാജ് അയൺ ആൻഡ് സ്റ്റീൽ ഐപിഒ ജൂൺ 26ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 82.60 ലക്ഷം ഓഹരികൾ നൽകി 171 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 195 മുതൽ 207 രൂപയാണ്. കുറഞ്ഞത് 72 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,904 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (1,008 ഓഹരികൾ), തുക 208,656 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (4,896 ഓഹരികൾ), തുക 1,013,472 രൂപ.
ഇഷ്യൂ 28ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പൂർത്തിയാവും. ജൂലൈ 3-ന് ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
ഗോപാൽ സ്‌പോഞ്ച് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ്, വിഎ ട്രാൻസ്‌പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, വിജയ് ആനന്ദ് ജാൻവാർ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കമ്പനിയുടെ ബിലാസ്പൂർ പ്ലാൻ്റിലെ വിപുലീകരണ പദ്ധതിക്കായുള്ള ചെലവ്, കടങ്ങളുടെ തിരിച്ചടവ്, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
2004-ൽ സ്ഥാപിതമായ കമ്പനി സ്പോഞ്ച് അയൺ, എംഎസ് ബില്ലറ്റുകൾ, ടിഎംടി ബാറുകൾ, ബൈ-പ്രോഡക്ട് ഡോളോച്ചർ, പെല്ലറ്റ്സ്, പിഗ് അയേൺ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഛത്തീസ്ഗഡിലെ റായ്പൂരിലും ബിലാസ്പൂരിലുമാണ് കമ്പനിയുടെ നിർമ്മാണ പ്ലാൻ്റുകൾ സ്ഥിതി ചയ്യുന്നത്.
ഐപിഒയുടെ ലീഡ് മാനേജർ ആര്യമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ്. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.