10 May 2024 10:42 AM GMT
Summary
- ഐപിഒ നടക്കുന്നത് മേയ് 15 മുതല്‍ 17 വരെയാണ്
- 2615 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്
- ഓഹരിയൊന്നിന് 252-272 രൂപയാണ് ഇഷ്യു വില
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹിലക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഐപിഒ വന്‍ നേട്ടമാകുമെന്നു സൂചന.
ബെംഗളുരു ആസ്ഥാനമായ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ഗോ ഡിജിറ്റിന്റെ ഐപിഒ നടക്കുന്നത് മേയ് 15 മുതല്‍ 17 വരെയാണ്.
2615 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഓഹരിയൊന്നിന് 252-272 രൂപയാണ് ഇഷ്യു വില.
2020 ജനുവരിയിലാണു കോഹ്‌ലി 2,66,667 ഓഹരികള്‍ വാങ്ങിയത്. ഓഹരി ഒന്നിന് 75 രൂപ എന്ന നിരക്കിലാണ് കോഹ്‌ലി ഓഹരി സ്വന്തമാക്കിയത്. മൊത്തം 2 കോടി രൂപ ഇത്തരത്തില്‍ നിക്ഷേപിച്ചു. അനുഷ്‌ക ശര്‍മ 50 ലക്ഷം രൂപ മുടക്കി 66,667 ഓഹരികളും വാങ്ങി. ഇരുവര്‍ക്കും കൂടി കമ്പനിയില്‍ മൊത്തം രണ്ടര കോടി രൂപയുടെ ഓഹരികളാണുള്ളത്.
ഐപിഒ
ഐപിഒയില്‍ ഓഹരിയുടെ ഉയര്‍ന്ന വില 272 രൂപയാണ്. അങ്ങനെ നോക്കുമ്പോള്‍ അനുഷ്‌ക ശര്‍മയുടെ ഓഹരി മൂല്യം മൊത്തം 1.81 കോടി രൂപ വരും. അനുഷ്‌ക ആകെ നിക്ഷേപിച്ചത് 50 ലക്ഷം രൂപയുമാണ്. അതായത്, 1 കോടി 31 ലക്ഷത്തിലേറെ രൂപ നിക്ഷേപത്തില്‍ വര്‍ധന കൈവരിക്കും.
മറുവശത്ത് കോഹ്‌ലിയുടെ നിക്ഷേപം 7.25 കോടി രൂപയാകും. അതിലൂടെ 5.25 കോടി രൂപയുടെ ലാഭവും വന്നു ചേരും. ഇരുവര്‍ക്കും കൂടി 6.56 കോടി രൂപ ലാഭമായി ലഭിക്കും.
രണ്ടും പേരും കൂടി നിക്ഷേപിച്ചത് 2.5 കോടി രൂപ. എന്നാല്‍ ഐപിഒ കഴിയുമ്പോള്‍ അത് 9.06 കോടി രൂപയാകുകയും ചെയ്യും. ഓഹരി ലിസ്റ്റ് ചെയ്യുന്നത് പ്രീമിയത്തിലാണെങ്കില്‍ ലാഭം പിന്നെയും വര്‍ധിക്കും.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 100 കായികതാരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ഏകദേശം 1000 കോടി രൂപയുടെ ആസ്തിയാണ് കോഹ്‌ലിയുടെ പേരിലുള്ളതായി കണക്കാക്കുന്നത്. അനുഷ്‌ക ശര്‍മയ്ക്കാകട്ടെ, ഏകദേശം 300 കോടി രൂപയുടെ ആസ്തിയുള്ളതായും കണക്കാക്കുന്നു.
പ്രൊമോട്ടര്‍മാര്‍
ഗോ ഡിജിറ്റ് ഇന്‍ഫോ വര്‍ക്ക്‌സ്, ഓബെന്‍ വെഞ്ച്വേഴ്‌സ്, ഫെയര്‍ഫാക്‌സ് ഗ്രൂപ്പ്, കാമേഷ് ഗോയല്‍ എന്നിവരാണു ഗോ ഡിജിറ്റിന്റെ പ്രമോട്ടര്‍മാര്‍.
ലിസ്റ്റിംഗ്
മെയ് 23 ന് ബിഎസ്ഇ, എന്‍എസ്ഇ എന്നിവിടങ്ങളില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.