26 Feb 2024 3:40 PM IST
Summary
- ഇലക്ട്രിക് കാര്‍ വിപണിയില്‍ 80 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സാണ് ഒന്നാമന്‍
- ഐപിഒ മിക്കവാറും 2025-26 സാമ്പത്തിക വര്‍ഷം നടക്കുമെന്നാണു സൂചന
- ടാറ്റ ടെക്‌നോളജീസാണ് ഏറ്റവുമൊടുവില്‍ ടാറ്റ ഗ്രൂപ്പില്‍ നിന്നും ഐപിഒയ്‌ക്കെത്തിയത്
ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി 18 മാസത്തിനകം ഐപിഒയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ടാറ്റയുടെ ഇവി വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎം) ആണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് എത്തുന്നത്.
നെക്‌സണ്‍ ഇവി, ടിയാഗോ ഇവി എന്നിവയാണ് ടിപിഇഎം പുറത്തിറക്കിയ രണ്ട് പ്രമുഖ ഇവി മോഡലുകള്‍. ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയാണ് ടിപിഇഎം.
100-200 കോടി ഡോളറിന്റെ (ഏകദേശം 16000 കോടി രൂപ) ഐപിഒയായിരിക്കുമെന്നു സൂചനയുണ്ട്. 2024, 2025 വര്‍ഷങ്ങളില്‍ അഞ്ചിലേറെ ഐപിഒകളാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ടിപിഇഎം, ടാറ്റ പ്ലേ, ടാറ്റ ക്യാപിറ്റല്‍, ടാറ്റ സണ്‍സ് തുടങ്ങിയവയാണ് അവയില്‍ ചിലത്.
ഏറ്റവുമൊടുവില്‍ ടാറ്റ ഗ്രൂപ്പില്‍ നിന്നും ഐപിഒയ്‌ക്കെത്തിയത് ടാറ്റ ടെക്‌നോളജീസാണ്. 2023 നവംബറില്‍ നടന്ന ഐപിഒയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. 3,000 കോടി രൂപയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത് 70 മടങ്ങാണ്.