image

5 April 2025 10:34 AM

IPO

ടാറ്റ ക്യാപിറ്റല്‍ ഐപിഒയ്ക്ക്; രഹസ്യ ഫയലിങ് നടത്തി

MyFin Desk

tata capital makes confidential filing for ipo
X

Summary

  • സ്വകാര്യത ഉറപ്പ് വരുത്തി ഐപിഒയ്ക്ക് ഒരുങ്ങുന്ന രണ്ടാമത്തെ കമ്പനിയായി ടാറ്റ ക്യാപിറ്റല്‍
  • ടാറ്റ ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സെബിക്കും എക്സ്ചേഞ്ചുകള്‍ക്കും മാത്രമാണ് പരിശോധിക്കാനാകുക


ഐപിഒയ്ക്ക് വേണ്ടി രഹസ്യ ഫയലിങ് നടത്തി ടാറ്റ ക്യാപിറ്റല്‍. കരട് രേഖകള്‍ സെബിയ്ക്ക് സമര്‍പ്പിച്ചു. സെബിക്കും എക്സ്ചേഞ്ചുകള്‍ക്കും മാത്രമേ ഓഹരി വില, തിയ്യതി, ലാഭ-നഷ്ടക്കണക്കുകള്‍ എന്നിവയടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.

രാജ്യത്ത് സ്വകാര്യത ഉറപ്പ് വരുത്തി ഐപിഒ നടപടിയ്ക്ക് ഒരുങ്ങുന്ന രണ്ടാമത്തെ കമ്പനിയായി ടാറ്റ ക്യാപിറ്റല്‍സ്. 2022ല്‍ ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ടാറ്റ പ്ലേയാണ് ആദ്യമായി ഇത്തരത്തില്‍ ഫയലിങ് നടത്തിയത്. ഇതോടെ ടാറ്റ ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സെബിക്കും എക്സ്ചേഞ്ചുകള്‍ക്കും മാത്രമാണ് നിലവില്‍ പരിശോധിക്കാനാവുക.

കഴിഞ്ഞ മാസം 9ന് രേഖകള്‍ സെബിയ്ക്ക് ലഭിച്ചെന്നാണ് വിവരം. 15000 കോടിയാണ് ഐപിഒ വഴി ടാറ്റ ക്യാപിറ്റല്‍സ് സമാഹരിക്കുക. പ്രഥമ ഓഹരി വില്‍പ്പനയുടെ നിയന്ത്രണം പൂര്‍ണമായും കമ്പനികള്‍ക്ക് ലഭിക്കുന്നതിനാണ് സാധാരണ രഹസ്യഫയലിങ് മാര്‍ഗം ഉപയോഗിക്കാറുള്ളത്. പൊതുജനങ്ങളുടെ പരിശോധനയുടെ സമ്മര്‍ദ്ദമില്ലാതെ കമ്പനികള്‍ക്ക് അവരുടെ ഐപിഒ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.

ഒപ്പം ഓഹരി വിലയെ ബാധിച്ചേക്കാവുന്ന വിപണി പ്രതികരണങ്ങള്‍ ഒഴിവാക്കുക, സെബിയുടെ നിര്‍ദേശങ്ങളും മാറ്റങ്ങളും നിക്ഷേപകരെ അറിയിക്കാതെ തന്നെ നടത്തുക, അന്തിമ ഓഫര്‍ വില നിശ്ചയിക്കുന്നതിന് മുമ്പ് നിക്ഷേപ വികാരം അളക്കാനും വിലനിര്‍ണയ നിയന്ത്രണം ഉറപ്പിക്കാനും സാധിക്കുക എന്നിവയാണ് ഇത്തരം ഫയലിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം, ടാറ്റാ ക്യാപിറ്റല്‍ ഐപിഒയില്‍ ടാറ്റാ സണ്‍സും ഐഎഫ്‌സിയും ഓഹരി വിറ്റഴിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സ് ഫിനാന്‍സ് കമ്പനിയുമായി ലയിക്കുന്നതിന് എന്‍.സി.എല്‍.ടിയില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതിനുശേഷം മാത്രമേ പ്രാരംഭ പബ്ലിക് ഓഫറിങിന് സാധ്യതയുള്ളുവെന്നാണ് വിലയിരുത്തല്‍.