16 Nov 2023 12:59 PM IST
ടാറ്റാ ടെക് ഐപിഒ വില 475-500 രൂപ; മാര്‍ക്കറ്റിന് പുറത്ത് 950 രൂപ, അമ്പരപ്പില്‍ നിക്ഷേപകര്‍
MyFin Desk
Summary
ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരി മാര്‍ക്കറ്റിനു പുറത്ത് (അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റ്) ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത് ഒരു ഓഹരിക്ക് 950 രൂപ എന്ന നിരക്കിലാണ്
ഏവരും ആകാംഷയോടെ കാത്തിരുന്ന ഐപിഒയാണു ടാറ്റാ ടെക്‌നോളജീസിന്റേത്.
2004 നു ശേഷം ഇത് ആദ്യമായിട്ടാണു ടാറ്റാ ഗ്രൂപ്പില്‍ നിന്നൊരു ഐപിഒ വരുന്നത്. നവംബര്‍ 22 നാണ് ടാറ്റാ ടെക്‌നോളജീസിന്റെ ഇഷ്യു ആരംഭിക്കുന്നത്. 24ന് അവസാനിക്കുകയും ചെയ്യും.
ഓഹരിയൊന്നിന് 475-500 രൂപ എന്ന നിരക്കിലാണ്ഐപിഒ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പക്ഷേ, ടാറ്റാ ടെക്‌നോളജീസിന്റെ നിക്ഷേപകരില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.
കാരണം ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരി മാര്‍ക്കറ്റിനു പുറത്ത് (അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റ് അഥവാ ഗ്രേ മാര്‍ക്കറ്റ്) ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത് ഒരു ഓഹരിക്ക് 950 രൂപ എന്ന നിരക്കിലാണ്.
2020 ജൂണ്‍ മാസം ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരി വില ഒന്നിന് 100 രൂപയായിരുന്നു. ഇത് 2023 ജുലൈ മാസത്തില്‍ 1010 രൂപയിലുമെത്തി.
ഓഹരി വിപണിയില്‍ ഉടന്‍ ലിസ്റ്റിംഗ് നടക്കുമെന്ന പ്രതീക്ഷകളാണ് ടാറ്റാ ടെക്‌നോളജീസ് ഓഹരിയുടെ ഗണ്യമായ കുതിപ്പിന് കാരണമായതെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.
ടാറ്റാ ടെക്കിന്റെ ഓഹരിക്ക് ഇപ്പോള്‍ സംഭവിച്ചതു പോലെയുള്ള സംഭവങ്ങള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്.
അതായത്, മാര്‍ക്കറ്റിനു പുറത്തുള്ള വിലയേക്കാള്‍ വളരെ കുറഞ്ഞ പ്രൈസ് ബാന്‍ഡുമായി ഐപിഒയ്‌ക്കെത്തിയ കമ്പനികളുണ്ട്.
എജിഎസ് ട്രാന്‍സാക്റ്റ്, യുടിഐ അസറ്റ് മാനേജ്‌മെന്റ്, പിബി ഫിന്‍ടെക് തുടങ്ങിയ കമ്പനികളുടെ ഐപിഒ വില മാര്‍ക്കറ്റിനു പുറത്തുള്ള വിലയേക്കാള്‍ കുറവായിരുന്നു.
2022 ജനുവരിയിലായിരുന്നു എജിഎസ് ട്രാന്‍സാക്റ്റ് ലിസ്റ്റ് ചെയ്തത്. ഐപിഒ പ്രൈസ് ബാന്‍ഡ് 185-195 രൂപയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റിനു പുറത്ത് എജിഎസ്സിന്റെ ഓഹരി ഒന്നിന് 550 രൂപയായിരുന്നു വില.