20 Nov 2024 11:16 AM GMT
Summary
- റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാവുന്ന മിനിമം തുക 4 ലക്ഷമാക്കി ഉയര്‍ത്തിയേക്കും
- എസ്എംഇ ഐപിഒകളില്‍ തിരിമറിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു
- എസ്എംഇ ശ്രേണിയില്‍ ഐപിഒകള്‍ വന്‍തോതില്‍ നടക്കുന്നു
എസ്എംഇയില്‍ നിലപാട് കടുപ്പിക്കാന്‍ സെബി. എസ്എംഇ ഐപിഒയില്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാവുന്ന മിനിമം തുക 4 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. എസ്എംഇ ഐപിഒകളില്‍ തിരിമറി നടക്കുന്നുണ്ടെന്ന് സെബി മേധാവി മാധബി പുരി ബുച് നരത്തെ അഭിപ്രായപ്പെട്ടിരുന്നു
എസ്എംഇ ശ്രേണിയില്‍ ഐപിഒകള്‍ വന്‍തോതില്‍ നടക്കുന്നതും നിക്ഷേപകരുടെ വിപുലമായ പങ്കാളിത്തവും സെബിയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2024ല്‍ ഇതിനകം മാത്രം 200ലേറെ കമ്പനികളാണ് ഈ ശ്രേണിയില്‍ നിന്ന് ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്. അവ സംയോജിതമായി 7,000 കോടിയിലേറെ രൂപയും സമാഹരിച്ചു. എസ്എംഇ ഐപിഒകളില്‍ തിരിമറി നടക്കുന്നുണ്ടെന്നും വില കൃത്രിമമായി പെരുപ്പിക്കുന്നുണ്ടെന്നും നേരത്തെ സെബി മേധാവി മാധബി പുരി ബുച് അഭിപ്രായപ്പെട്ടിരുന്നു.
ഐപിഒയിലൂടെ സമാഹരിക്കുന്ന പണം എസ്എംഇകള്‍ പ്രൊമോട്ടര്‍മാരുടെ തന്നെ കടലാസ് കമ്പനികളിലേക്ക് മാറ്റുന്നുണ്ടെന്നും സെബി കണ്ടെത്തിയിരുന്നു. എസ്എംഇ ഐപിഒകളില്‍ നിക്ഷേപകരുടെ പങ്കാളിത്തവും ആകെ വില്‍പനയ്ക്കുള്ള ഓഹരികളും തമ്മിലെ അനുപാതം കൂടുന്നതും സെബിയെ കൂടുതല്‍ കര്‍ക്കശനടപടികള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്.
നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങളിലേക്ക് സെബി കടക്കുന്നത്. എസ്എംഇ ഐപിഒയില്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാവുന്ന മിനിമം തുകയായ ഒരുലക്ഷത്തില്‍ നിന്നാണ് 4 ലക്ഷമായി ഉയര്‍ത്തുന്നത്.