25 Sep 2023 7:25 AM GMT
Summary
- ഇഷ്യൂ സെപ്റ്റംബർ 25-27 വരെ
- പ്രൈസ് ബാൻഡ് 92-97 രൂപ
- ലിസ്റ്റിംഗ് ഒക്ടോബർ ആറിന് എന്‍എസ്ഇ എമർജില്‍
ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളുടെയും കാബിനറ്റുകളുടെയും രൂപകൽപ്പന, പ്രോഗ്രാമിംഗ്, അസംബ്ലിങ്ങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സാക്ഷി മെഡ്‌ടെക്ക് ഇഷ്യൂ വഴി മൂലധന വിപണിയില്‍നിന്ന് 45.16 കോടി രൂപ സ്വരൂപിക്കും. നിലവിലുള്ള യൂണിറ്റിന് സമീപം പുതിയ പ്ലാന്‍റും മെഷീനറിയും സ്ഥാപിക്കുന്നതിനും ഉയർന്ന പലിശയുള്ള കടം തിരിച്ചടയ്ക്കുന്നതിനും പ്രവർത്തനമൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് ഇഷ്യു തുക ഉപയോഗിക്കുക.
ഇഷ്യൂ സെപ്റ്റംബർ 25-ന് ആരംഭിച്ചു 27-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 92-97 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്ക് അപേക്ഷിക്കണം. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 3-ന് പൂർത്തിയാവും. ഓഹരികൾ എൻ എസ്ഇ എമെർജിൽ ഒക്ടോബർ 6-ന് ലിസ്റ്റ് ചെയ്യും.
അനികേത് വിജയ് ലട്കറും ചിത്ര വിജയ് ലട്കറുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.
2001-ൽ സ്ഥാപിതമായ സാക്ഷി മെഡ്‌ടെക് , മൈക്രോകൺട്രോളറുകൾ, പ്രോഗ്രാമബിൾ ലോജിക് കൺട്രോളറുകൾ, സ്കെട സിസ്റ്റങ്ങൾ ഉൾപ്പെടുന്ന ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളുടെയും കാബിനറ്റുകളുടെയും രൂപകൽപ്പന, പ്രോഗ്രാമിംഗ്, അസംബ്ലിങ്ങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. എലിവേറ്ററുകൾ, എയർ കംപ്രസ്സറുകൾ, നവീകരണ ഊർജ്ജ വ്യവസായം, എണ്ണ, വാതക പര്യവേക്ഷണ വ്യവസായം, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ മുതലായവയിൽ ഉപയോഗിക്കുന്നവയാണ് ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളും കാബിനറ്റുകളും. കമ്പനിക്ക് മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്.