2 Jan 2025 2:10 PM GMT
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോം പ്രാഥമിക ഓഹരി വിൽപനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025ന്റെ രണ്ടാം പകുതിയോടെ ജിയോ ഐപിഒ പ്രതീക്ഷിക്കാമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം 35,000 മുതൽ 40,000 കോടി രൂപയായിരിക്കും ജിയോ ഉന്നമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ജിയോ ഇതിനെ പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി കൂടിയായ ജിയോയുടെ വിപണിമൂല്യം ഏകദേശം 8.5 ലക്ഷം കോടി രൂപയാണെന്നാണ് വിവിധ ബ്രോക്കറേജ് പ്ലാറ്റഫോമുകൾ വിലയിരുത്തുന്നത്. ഐപിഒ യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നായും ജിയോ മാറും.
ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് മൂലധനസമാഹരണം നടത്തുന്ന പ്രീ-ഐപിഒ നടപടികൾക്കും റിലയൻസ് തുടക്കമിട്ടെന്നാണ് സൂചനകൾ. കമ്പനിയുടെ പ്രമോട്ടർമാരിൽ നിന്നും നിലവിലുള്ള ഷെയർഹോൾഡർമാരിൽ നിന്നും പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) ഓഫർ ഫോർ സെയിലും (OFS) ഐപിഒയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ജിയോ ഐപിഒ യാഥാർഥ്യമായാൽ തകരുന്നത് 2024 ഒക്ടോബറിൽ ഹ്യുണ്ടായ് ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒ എന്ന റെക്കോഡായിരിക്കും തകരുക.