8 March 2024 9:34 AM GMT
Summary
- മാർച്ച് 12-ന് ആരംഭിക്കുന്ന ഇഷ്യൂ 14-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 280-295 രൂപ
- ഒരു ലോട്ടിൽ 50 ഓഹരികൾ
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഐപിഒ മാർച്ച് 12-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.03 കോടി ഓഹരികളുടെ വില്പനയിലൂടെ 601.55 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 84.74 ലക്ഷം ഓഹരികൾ നൽകുന്ന 250 കോടിയുടെ പുതിയ ഇഷ്യൂവും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യൻ ട്രീ ഗ്രോത് ക്യാപിറ്റൽ II വിൽക്കുന്ന 351.55 കോടി രൂപയുടെ 1.19 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
വിപണിയിൽ എത്തുന്നതോടെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഇന്ത്യയിലെ രണ്ടാമത്തെ ലിസ്റ്റഡ് ഓട്ടോമോട്ടീവ് ഡീലറായി മാറും. 2022 ഡിസംബറിൽ വിപണിയിലെത്തിയ ലാൻഡ്‌മാർക്ക് കാർസിന്റെ 552 കോടി രൂപയുടെ ഇഷ്യുവായിരുന്നു ആദ്യത്തേത്.
ജോൺ കെ പോൾ, ഫ്രാൻസിസ് കെ പോൾ, നവീൻ ഫിലിപ്പ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ
ഇഷ്യൂവിനെ കുറിച്ച് :
ഇഷ്യൂ മാർച്ച് 14-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 15-ന് പൂർത്തിയാവും. ഓഹരികൾ മാർച്ച് 19-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 280-295 രൂപയാണ്. കുറഞ്ഞത് 50 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,750 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (700 ഓഹരികൾ) തുക 206,500 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (3,400 ഓഹരികൾ) തുക 1,003,000 രൂപ.
ഇഷ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും 192 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ചില അനുബന്ധ സ്ഥാപനങ്ങൾക്കുമായി ചെലവഴിക്കാൻ മാറ്റിവെക്കും. ബാക്കിയുള്ളവ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും മാറ്റിവെക്കും. 2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ സംയോജിത കടം 637.06 കോടി രൂപയാണ്.
ഐസിഐസിഐ സെക്യൂരിറ്റീസ്, നുവാമ വെൽത്ത് മാനേജ്‌മെൻ്റ്, സെൻട്രം ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
കമ്പനിയെ കുറിച്ച് :
1983-ൽ സ്ഥാപിതമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് ഇന്ത്യയിലെ ഓട്ടോമൊബൈൽ ഡീലർഷിപ്പുകളുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനിയാണ്.
പുതിയതും പ്രീ-ഓൺഡ് വാഹനങ്ങളുടെ വിൽപ്പന, സർവീസസ്, സ്പെയർ പാർട്സ് വിതരണം, ഡ്രൈവിംഗ് സ്കൂളുകൾ, മൂന്നാം കക്ഷി സാമ്പത്തിക, ഇൻഷുറൻസ് ഉൽപ്പന്ന വിൽപ്പന തുടങ്ങിയ സേവനങ്ങളാണ് കമ്പനി നൽകുന്നത്. ആഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ത്രീ വീലർ വാഹനങ്ങളും കമ്പനിയുടെ വില്പന പട്ടികയിൽ ഉൾപ്പെടുന്നു.
കേരളത്തിലെ 14 ജില്ലകളിലും കമ്പനിക്ക് സ്വാധീനമുണ്ട്. നിലവിൽ 59 ഷോറൂമുകൾ, 126 സെയിൽസ് ഔട്ട്‌ലെറ്റുകൾ, ബുക്കിംഗ് ഓഫീസുകൾ, 31 പ്രീ-ഓൺഡ് വെഹിക്കിൾ ഷോറൂമുകൾ, ഔട്ട്‌ലെറ്റുകൾ, 134 അംഗീകൃത സർവീസ് സെൻ്ററുകൾ, 40 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 24 വെയർഹൗസുകൾ എന്നിവ അടങ്ങുന്ന വിപുലമായ ശൃംഖലയാണ് കമ്പനിക്കുള്ളത്. കർണാടകയിലെ എട്ടു ജില്ലകളിലും, തമിഴ്‌നാട്ടിൽ 12 ജില്ലകളിലും, മഹാരാഷ്ട്രയിൽ 7 ജില്ലകളിലും കമ്പനി സ്വാധീനം അറിയിച്ചിട്ടുണ്ട്. ഷോറൂമുകൾക്ക് പുറമേ, സെയിൽസ് ഔട്ട്‌ലെറ്റുകളും ബുക്കിംഗ് ഓഫീസുകളും കമ്പനിക്കുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് സ്‌പെയർ പാർട്‌സുകളും ആക്‌സസറികളും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും കമ്പനിക്ക് അനുവാദമുണ്ട്.
സാമ്പത്തികം:
മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 90.3 ശതമാനം വളർച്ച രേഖപ്പെടുത്തി 64.07 കോടി രൂപയിലെത്തി. ഇതേ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 40.65 ശതമാനം വർധിച്ച് 4,875 കോടി രൂപയായി. എബിറ്റ്ഡാ (EBITDA) 35.5 ശതമാനം വർധിച്ച് 217.2 കോടി രൂപയായി. മുൻവർഷത്തെ 4.6 ശതമാനത്തിൽ നിന്ന് എബിറ്റ്ഡാ മാർജിൻ 4.45 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിൽ 2,835 കോടി രൂപയുടെ വരുമാനവും 40 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി രേഖപ്പെടുത്തിയത്.